ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസി ആയിരുന്ന കെ.എ.കെ. ഫൈസി നിര്യാതനായി

മലപ്പുറം- ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസ ജീവിതം നയിച്ച പണ്ഡിതനും ഗ്രന്ഥകാരനും വാഗ്മിയുമായ കെ.എ കുഞ്ഞുമുഹമ്മദ് ഫൈസി എന്ന കെ.എ.കെ ഫൈസി (64) കൊട്ടപ്പുറം നിര്യാതനായി. പെരിന്തല്‍മണ്ണ ഇ.എം.എസ് ഹോസ്പിറ്റലില്‍ ഇന്ന്  ഉച്ചയ്ക്ക് ശേഷമായിരുന്നു അന്ത്യം. ഖബറടക്കം നാളെ (ചൊവ്വ) രാവിലെ 8 മണിക്ക് കൊട്ടപ്പുറം പാണ്ടിയാട്ടുപുറം ജുമാ മസ്ജിദില്‍ നടക്കും.

ഏറെക്കാലമായി രോഗബാധിതനായിരുന്നെങ്കിലും ഗ്രന്ഥ രചനയിലും സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു ഫൈസി. ഏറ്റവും അവസാനം എഴുതിയ 'പ്രവാചകരുടെ വിയോഗാനന്തര ഇടപെടലുകള്‍' എന്ന ഗ്രന്ഥത്തിന്റെ  പ്രകാശനം നടക്കാനിരിക്കെയായിരുന്നു വിയോഗം.

ജിദ്ദ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കെ.എ.കെ ഫൈസി ഇസ്ലാമിക് ദഅവാ കൗണ്‍സിലിന്റെ മുഖ്യ സംഘാടകനും, ഐ.ഡി.സി പ്രസിദ്ധീകരിച്ച ജാലകം ദൈ്വ മാസികയുടെ പത്രാധിപരുമായിരുന്നു. മതത്തിലെ കല, സാഹിത്യം, വിനോദം, ചികിത്സ തുടങ്ങിയ വിഷയങ്ങളില്‍  ഗവേഷണം നടത്തി ശ്രദ്ധ നേടി. ഇസ്ലാമിനെ ആധുനികതയുമായി ബന്ധപ്പെടുത്തി നിരവധി രചനകളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സാനിയ ഫൗണ്ടേഷന്റെ സ്ഥാപകനും മുഖ്യ സാരഥിയുമായിരുന്നു.

1980 ല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്ന് ഫൈസി ബിരുദം നേടി. വിവിധ പള്ളി ദര്‍സുകളില്‍ മുദരിസായും കൊണ്ടോട്ടി ബുഖാരി ദ അവ കോളേജ്, പാണ്ടിയാട്ടുപുറം എം എം അക്കാദമി കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. എസ് എസ് എഫ് കൊണ്ടോട്ടി മേഖലാ പ്രസിഡന്റ്, ഏറനാട് താലൂക്ക് എസ് എസ് എഫ് പ്രസിഡന്റ്, പുളിക്കല്‍ പഞ്ചായത്ത് എസ് എസ് എഫ് കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

പ്രവാചകരുടെ വിയോഗാനന്തര ഇടപെടലുകള്‍, മുഹമ്മദ് (സ്വ) 1001 ചരിത്ര കഥകള്‍, ഏഴ് വന്‍ പാപങ്ങള്‍, പെണ്‍ കുട്ടികളോടുള്ള ഉപദേശങ്ങള്‍, 700 മഹാ പാപങ്ങള്‍, സ്വഹീഹ് മുസ് ലിമില്‍ നിന്നുള്ള തെരഞ്ഞെടുത്ത ഹദീസ് പരിഭാഷ, സജ്ജന പൂവനം (ഹദിസ് പരിഭാഷ), മഹബ്ബത്ത് റസൂല്‍ കുട്ടികള്‍ക്ക് (വിവര്‍ത്തനം),, ദക്ഷിണേന്ത്യന്‍ സിയാറത്ത് ഡയറി, കിഴിശ്ശേരി മുഹിയുദ്ദീന്‍ മുസ്‌ലിയാര്‍ ജീവ ചരിത്രം, ഇസ്‌ലാം ദഅവ ജിഹാദ്, ഇസ്‌ലാം ആരോഗ്യ ദര്‍ശനം, ഇമാം ബുഖാരി ജീവചരിത്രം, ഉത്തരേന്ത്യന്‍ സിയാറത്ത് ഡയറി, കടപുഴകി വീണ ഒലീവ് മരങ്ങള്‍, പാടാന്‍ മറന്ന ബുല്‍ ബുല്‍ പക്ഷികള്‍ എന്നിവ രചനകളാണ്. നിരവധി രചനകള്‍ ആനുകാലിക പത്രമാസികകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഗുരുനാഥനമാര്‍: കെ മുഹമ്മദ് കുട്ടി മൊല്ല, കെവി കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍, കെകെ അഹ്മദ് മുസ്‌ലിയാര്‍, കെകെ മുഹമ്മദ് മുസ്‌ലിയാര്‍ വലിയ പറമ്പ്, കെവി മുഹമ്മദ് മുസ്‌ലിയാര്‍ കക്കോവ്, ഹസ്സന്‍ കോയ മുസ്‌ലിയാര്‍ പള്ളിക്കല്‍ ബസാര്‍, മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ഒലിപ്രംകടവ്, കെകെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ചെറുമുക്ക്, കെകെ അബൂബക്കര്‍ ഹസ്രത്ത്, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, എ ടി അബ്ദുല്ല മുസ്‌ലിയാര്‍, മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ ആലിക്കുട്ടി മുസ്‌ലിയാര്‍.

പിതാവ്: കാരിക്കുഴി ഐക്കരത്തൂടി അഹ്മദ് ഹാജി. മാതാവ്: കെ സി ബിയ്യാത്തു ഹജ്ജുമ്മ. ഭാര്യ:ആമിന. മക്കള്‍: ബിശ്ര്‍, ശഫീഖ്, നുസൈബ, സുആദ, ബശാര്‍ ശഫീഖ്, ഹംദാന്‍.

 

Latest News