പൊളിഞ്ഞ കാറിന്റെ നമ്പര്‍ ഭാഗ്യമായി, യുവതിക്ക് 40 ലക്ഷം രൂപ സമ്മാനമടിച്ചു

വാഷിംഗ്ടണ്‍- പഴയ കാറിന്റെ ലൈസന്‍സ് പ്ലേറ്റ് നമ്പര്‍ തനിക്ക് ഭാഗ്യമായെന്നും അത് ലോട്ടറി നമ്പറാക്കിയപ്പോള്‍ 50,000 ഡോളര്‍  (ഏകദേശം 40 ലക്ഷം രൂപ) സമ്മാനം അടിച്ചതായും യു.എസ് വനിത.  മേരിലാന്‍ഡിലെ ബാള്‍ട്ടിമോറില്‍ താമസിക്കുന്ന 43 കാരിയാണ് പൊളിഞ്ഞ കാറിന്റെ നമ്പര്‍ ഭാഗ്യനമ്പറായത്.
ബാള്‍ട്ടിമോറിലെ ഫ്രെഡറിക് റോഡിലെ ഫുഡ് സ്‌റ്റോപ്പ് മിനി മാര്‍ട്ടില്‍ നിന്നാണ്  സ്ത്രീ പിക്ക് 5 ടിക്കറ്റ് വാങ്ങിയതെന്നും  അഞ്ച് അക്കങ്ങളായി തന്റെ മുന്‍ ലൈസന്‍സ് പ്ലേറ്റ് നമ്പര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചുവെന്നും മേരിലാന്‍ഡ് ലോട്ടറി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇത്രയും വലിയ തുക നേടിയത് തനിക്ക് വിശ്വസിക്കാനായില്ലെന്നും രണ്ടുതവണ ടിക്കറ്റ് പരിശോധിച്ച ശേഷമാണ് അമ്മയെ പോലും അറിയിച്ചതെന്നും യുവതി പറഞ്ഞു.  അഞ്ചക്ക ലോട്ടറി അടിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അവര്‍ ലോട്ടറി ഉദ്യോഗസ്ഥരോട് പറഞ്ഞു.
സമ്മാനത്തുക തന്റെ മൂന്ന് മക്കള്‍ക്കും ഒരു ചെറുമകനും വേണ്ടി ചെലവഴിക്കുമെന്നും  ചില ബില്ലുകള്‍ അടക്കാനുണ്ടെന്നും ശൈത്യകാലത്തേക്ക് വാഹനം തയാറാക്കണമെന്നും അവര്‍ പറഞ്ഞു.

 

Latest News