സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍  പുകവലിച്ച   ബോബി കടാരിയയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് 

ന്യൂദല്‍ഹി- വിമാനത്തില്‍ പുകവലിച്ച ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ബോബി കടാരിയ എന്ന ബല്‍വന്ത് കടാരിയയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സ്‌പൈസ് ജെറ്റ് വിമാനത്തിലെ സീറ്റില്‍ ഇരുന്ന് പുകവലിക്കുന്ന വീഡിയോ ചിത്രീകരിച്ചതിനെ തുടര്‍ന്ന് കടാരിയയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് കടാരിയ ഒളിവില്‍ പോയി. ഇദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
2022 ജനുവരി 21ന് ഡല്‍ഹിലേക്കുള്ള യാത്രയ്ക്കിടെ സ്‌പൈസ് ജെറ്റിന്റെ എസ്.ജി 706 നമ്പര്‍ വിമാനത്തിലിരുന്ന് സിഗരറ്റ് വലിച്ച് അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം തന്റെ സാമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ബോബി കടാരിയ. ഇത് വൈറലായതിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് മാനേജര്‍ ജസ്ബീര്‍ സിംഗ് ദല്‍ഹി പോലീസില്‍ പരാതി നല്‍കി. കടാരിയയ്ക്ക് 15 ദിവസത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഡെറാഡൂണില്‍ വാഹന ഗതാഗതം തടസപ്പെടുത്തി മദ്യപിച്ചതിന് കടാരിയയുടെ പേരില്‍ ഡെറാഡൂണ്‍ പോലീസ് മറ്റൊരു കേസുമെടുത്തിട്ടുണ്ട്.
 

Latest News