ബോട്ടില്‍ ഓസ്‌ട്രേലിയയിലേക്ക്  കുടിയേറാന്‍  ശ്രമിച്ച  11 ശ്രീലങ്കക്കാര്‍ കൊല്ലത്ത് പിടിയില്‍

കൊല്ലം- ഓസ്‌ട്രേലിയയിലേക്ക് ബോട്ടില്‍  കുടിയേറാന്‍  ശ്രമിച്ച  11 ശ്രീലങ്കക്കാര്‍ കൊല്ലത്ത് പോലീസ് പിടിയില്‍. നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ഓസ്‌ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറുക എന്നതായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് പോലീസ് നല്‍കുന്ന സൂചന.ഇവരെ പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്‌റ്റേഷനിലെത്തി ഇവരെ ചോദ്യം ചെയ്യുന്നുണ്ട്.
ഓഗസ്റ്റ് മാസം 19ന് ശ്രീലങ്കയില്‍ നിന്നും രണ്ട് പേര്‍ ചെന്നൈയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതായി. ഇവരെ തേടി തമിഴ്‌നാട് ക്യൂബ്രാഞ്ച് തമിഴ്‌നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കന്‍ പൗരന്‍മാര്‍ അറസ്റ്റിലായത്.
പിടിയിലായവരില്‍ രണ്ട് പേര്‍ ചെന്നൈയിലെത്തി മുങ്ങിയവരാണ്. ആറ് പേര്‍ ട്രിച്ചിയിലെ ലങ്കന്‍ അഭയാര്‍ത്ഥി ക്യാപിലും മൂന്ന് പേര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാംപിലും കഴിയുന്നവരാണ്. ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്നൊരാളാണ് ഇവരുടെ ഏജന്റ. . അതേസമയം ഇപ്പോള്‍ പിടിയിലായ പതിനൊന്ന് പേര്‍ മാത്രമായിരിക്കില്ല ബോട്ടില്‍ കടക്കാന്‍ പദ്ധതിയിട്ടത് എന്നാണ് പൊലീസിന്റേയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റേയും നിഗമനം. 
 

Latest News