Sorry, you need to enable JavaScript to visit this website.

കേരള തീരത്ത് വൻ തിരമാലകൾക്ക്  സാധ്യതയെന്ന് മുന്നറിയിപ്പ്‌

തിരുവനന്തപുരം- കേരളത്തിന്റെ തീരമേഖലയിൽ കടൽ ക്ഷോഭം ഇന്നു രാത്രി വരെ തുടരുമെന്നു ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം. മൂന്നു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ട്. തീരപ്രദേശത്തുള്ളവരും സഞ്ചാരികളും തീരക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്നവരും ജാഗ്രത പുലർത്തണമെന്നും സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. 
2.53 മീറ്റർ  ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്നാണു മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ 22 ന് അഞ്ചര മുതൽ 23 നു രാത്രി 11.30 വരെ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുവാൻ സാധ്യതയുണ്ട്. 
മീൻ പിടിത്തക്കാർക്കും  തീരദേശ നിവാസികൾക്കും വിനോദ സഞ്ചാരികൾക്കുമായി മുന്നറിയിപ്പും പുറത്തുവിട്ടിട്ടുണ്ട്. വേലിയേറ്റ സമയത്തു തിരമാലകൾ  തീരത്തു ശക്തി പ്രാപിക്കുവാനും ആഞ്ഞടിക്കുവാനും സാധ്യതയുണ്ട്. തീരത്ത് ഈ പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത ഉള്ളതിനാൽ തീരത്തോടു ചേർന്നു മീൻ പിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കണം. ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ ഒരു നിശ്ചിത അകലം പാലിക്കേണ്ടതാണ്.  തീരങ്ങളിൽ ഈ പ്രതിഭാസം ഉണ്ടാകുമെന്നു മുന്നറിയിപ്പുള്ളതിനാൽ വിനോദ സഞ്ചാരികൾ കടൽ കാഴ്ച കാണാൻ പോകരുതെന്നു നിർദേശം ഉണ്ട്. ബോട്ടുകൾ തീരത്തുനിന്ന് കടലിലേക്കും കടലിൽനിന്നു തീരത്തേക്കും  കൊണ്ടുപോകുന്നത് ഒഴിവാക്കുക. ആഴക്കടലിൽ ഈ പ്രതിഭാസത്തിന്റെ ശക്തി വളരെ കുറവായിരിക്കും. 
കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള തീരമേഖലകളിൽ വ്യാപകമായ നാശനഷ്ടമാണു കടൽ ക്ഷോഭം മൂലമുണ്ടായത്. നൂറുകണക്കിനു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഒട്ടേറെ വീടുകൾ തകർന്നു. തിരുവനന്തപുരത്ത് ഇന്നലെ മാത്രം 10 വീടുകൾ തകർന്നു. നൂറോളം വീടുകൾ അപകട ഭീഷണിയിലാണ്. വലിയതുറയിൽ നേരത്തെയുള്ള അഞ്ചു ക്യാമ്പുകൾക്കു പുറമെ ഇന്നലെ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി തുടങ്ങി.


 

Latest News