മകളേക്കാള്‍ പഠിക്കാന്‍ മിടുക്കനായ സഹപാഠിയെ പാനീയത്തില്‍ വിഷം നല്‍കി കൊന്ന അമ്മ അറസ്റ്റില്‍

കാരയ്ക്കല്‍- പുതുച്ചേരിയിലെ കാരയ്ക്കലില്‍ 13 വയസ്സുകാരനെ സഹപാഠിയുടെ അമ്മ കൊലപ്പെടുത്തി. ആണ്‍കുട്ടി സ്‌കൂളില്‍ തന്റെ മകളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്. വെള്ളിയാഴ്ച കുട്ടിക്ക് വിഷം കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്‍കുകയായിരുന്നു. ശനിയാഴ്ച രാത്രി ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്.

സഹായറാണി വിക്ടോറിയ (42) ആണ് പ്രതി. കൊലക്കുറ്റം ചുമത്തി പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.

കാരയ്ക്കലിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസിലാണ് കുട്ടി പഠിക്കുന്നത്. അവന്‍ തന്റെ ക്ലാസ്സിലെ ടോപ്പറും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മിടുക്കനുമായിരുന്നു. അതേ ക്ലാസില്‍ പഠിക്കുന്ന മകളേക്കാള്‍ മികച്ച പ്രകടനം നടത്തുന്ന ആണ്‍കുട്ടിയോട് സഹായറാണിക്ക് നീരസമുണ്ടായിരുന്നു.

സ്‌കൂള്‍ വാര്‍ഷിക ദിനമായ വെള്ളിയാഴ്ച രാവിലെ സ്‌കൂളിലെത്തിയ സഹായറാണി, സ്‌കൂള്‍ വാച്ച്മാനോട് കുട്ടിയുടെ അമ്മയാണെന്ന് വ്യാജമായി പരിചയപ്പെടുത്തുകയും രണ്ട് കുപ്പി ശീതളപാനീയം നല്‍കുകയും കുട്ടിക്ക് കുപ്പികള്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

കുട്ടി കുപ്പികളിലൊന്ന് കഴിച്ചു, സുഖമില്ലാതായതോടെ ആശങ്കയിലായ മാതാപിതാക്കള്‍ കാരയ്ക്കല്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നേരത്തെ നടന്ന കാര്യങ്ങള്‍ കുട്ടി മാതാപിതാക്കളോട് പറഞ്ഞു. രക്ഷിതാക്കള്‍ സ്‌കൂളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് സഹായറാണി വിക്ടോറിയയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ്  പോലീസില്‍ പരാതി നല്‍കിയത്.

 

Latest News