കര്‍ണി സേനാ നേതാവ് കുത്തേറ്റു മരിച്ചു, അധികൃതര്‍ പ്രതിയുടെ വീട് ഇടിച്ചു തകര്‍ത്തു

ഭോപ്പാല്‍- ഹിന്ദുത്വ സംഘടനയായ കര്‍ണി സേനാ നേതാവ്  മധ്യപ്രദേശില്‍ കുത്തേറ്റ് മരിച്ചതിനു പിന്നാലെ പ്രതികളിലൊരാളുടെ വീട് അധികൃതര്‍ ഇടിച്ചു തകര്‍ത്തു. പഴയ ശത്രുതയുടേയും തര്‍ക്കത്തിന്റേയും പേരിലാണ്  ഇറ്റാര്‍സിയിലെ കര്‍ണി സേനയുടെ ടൗണ്‍ സെക്രട്ടറി രോഹിത് സിംഗ് രാജ്പുത്തിനെ (28) മുനിസിപ്പാലിറ്റി ഓഫീസിന് മുന്നില്‍ മൂന്ന് പേര്‍ കുത്തിക്കൊന്നത്. ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് സച്ചിന്‍ പട്ടേലിനും കുത്തേറ്റു.  സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രജ്പുതിനെ രക്ഷിക്കാനായില്ല.  പട്ടേലിന്റെ നില ഗുരുതരമാണ്.
രോഹിത് സിംഗ് രാജ്പുത്തിനെ പഴയ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് ഇറ്റാര്‍സി പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ആര്‍ എസ് ചൗഹാന്‍ പറഞ്ഞു, കൊലപാതകത്തിലെ പ്രധാന പ്രതി 27 കാരന്‍  രാഹു എന്ന രാഹുലാണെന്നും  കല്ലപ്പെട്ട രോഹിതും സുഹൃത്തും പ്രധാന മാര്‍ക്കറ്റ് പ്രദേശത്ത് ചായക്കടയ്ക്ക് സമീപം നില്‍ക്കുമ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ എത്തിയ മൂന്ന് പേര്‍ വഴക്കുണ്ടാക്കി. തര്‍ക്കത്തിനിടെ ഒരാള്‍ കത്തി പുറത്തെടുത്ത്  ആവര്‍ത്തിച്ച് കുത്തുകയായിരുന്നു.
പ്രതികളായ രാഹുല്‍ രാജ്പുത്, അങ്കിത് ഭട്ട്, ഇഷു മാളവ്യ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മദന്‍ രഘുവംഷി, സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ മഹേന്ദ്ര ചൗഹാന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കൈയേറ്റം ചൂണ്ടിക്കാട്ടിയാണ് പ്രതികളിലൊരാളായ അങ്കിത് ഭട്ടിന്റെ വീട് പൊളിച്ചത്. മറ്റ് രണ്ട് പ്രതികളുടെ വീടുകളും പൊളിക്കുമെന്ന് അധികൃര്‍  അറിയിച്ചു.

 

 

Latest News