കരിംഗഞ്ച്- ഗര്‍ഭകാലം തികയുന്നതിന് മൂന്നര മാസം മുമ്പ് സിസേറിയന്‍ നടത്തിയ ഡോക്ടര്‍ ഭ്രൂണത്തിന്റെ വളര്‍ച്ച തികഞ്ഞില്ലെന്ന് തിരിച്ചറിഞ്ഞ് വീണ്ടും തുന്നിക്കെട്ടി. അസമിലെ സര്‍ക്കാര്‍ ആശുപത്രയിലെ
ഗൈനക്കോളജിസ്റ്റാണ് ഗര്‍ഭിണിയായ മൂന്നര മാസം മുമ്പ് തന്നെ സിസേറിയന്‍ നടത്തിയത്.സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് സംഭവം നടന്ന കരിംഗഞ്ച് സിവില്‍ ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞു. ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച ഡോക്ടര്‍ വിഷയം ആരുമായും ചര്‍ച്ച ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം യുവതിയുടെ ആരോഗ്യം മോശമായപ്പോഴാണ് ബന്ധുക്കളും അയല്‍ക്കാരും ഇക്കാര്യം അറിഞ്ഞത്.
സംഭവത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും വസ്തുതകള്‍ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുകയാണെന്നും ഡോക്ടറോ മറ്റാരെങ്കിലുമോ തെറ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. അന്വേഷണത്തിനായി 11 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.
ഓഗസ്റ്റ് 21ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം നിരീക്ഷണത്തില്‍ നിര്‍ത്തിയ ശേഷം അള്‍ട്രാസൗണ്ട് പരിശോധന നടത്താതെ സിസേറിയന്‍ നടത്തുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.