ബലാത്സംഗ കേസില്‍ പോലീസ് അനാസ്ഥ; സ്‌റ്റേഷന്‍ വളപ്പില്‍ യുവതി സ്വയം തീകൊളുത്തി

ഷാഹ്‌ദോല്‍- മധ്യപ്രദേശിലെ ഷാഹ്‌ദോലില്‍ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ പോലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം. സ്വയം തീകൊളുത്തിയ 26 കാരിക്ക് ഗുരുതരമായി പൊള്ളലേറ്റതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യുവതി ജബല്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.  സെപ്തംബര്‍ രണ്ടിന് അംലായ് പോലീസ് സ്‌റ്റേഷനില്‍ നടന്ന സംഭവത്തില്‍ രണ്ട് പോലീസുകാരെ  വീഴ്ച വരുത്തിയതിന് ഫീല്‍ഡ് ഡ്യൂട്ടികളില്‍ നിന്ന് മാറ്റി.

അംലായ് പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് മുഹമ്മദ് സമീര്‍, സബ് ഇന്‍സ്‌പെക്ടര്‍ സാവിത്രി സിംഗ് എന്നവര്‍ക്കെതിരെയാണ് നടപടിയെന്ന്  പോലീസ് സൂപ്രണ്ട് കുമാര്‍ പ്രതീക് പറഞ്ഞു. ഇതിനു പിന്നാലെ  യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥനായ ബ്രിജ് ബഹാദൂറിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹവാഗ്ദാനം നല്‍കി ബന്ധത്തിലായിരുന്നുവെന്നും ഇപ്പോള്‍ ഒഴിഞ്ഞുമാറുകയാണെന്നും കാണിച്ച് ഓഗസ്റ്റ് 12ന് യുവതി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
യുവതി പിന്നീട് മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ലൈനിലും പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് യുവതിയേയും പ്രതിയേയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു.  പോലീസിന്റെ സമീപനത്തില്‍ തൃപ്താകാതെ അതേ ദിവസം തന്നെ സ്റ്റേഷന്‍ വളപ്പില്‍ യുവതി സ്വയം തീ കൊളുത്തുകയായിരുന്നു.

 

Latest News