Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ വിദ്വേഷം കൂടിക്കൊണ്ടേയിരിക്കുന്നു, മോഡി പ്രവർത്തിക്കുന്നത് രണ്ട് വ്യവസായികൾക്ക് വേണ്ടി- രാഹുൽ

ന്യൂദൽഹി- ഇന്ത്യയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിദ്വേഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദൽഹിയിലെ രാംലീല ഗ്രൗണ്ടിൽ നടക്കുന്ന വിലക്കയറ്റത്തിനെതിരായ കോൺഗ്രസിന്റെ മെഗാ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങൾ ഭയപ്പെടുകയാണ്. അവരുടെ ഭാവി, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയിൽ ജനം ആശങ്കാകുലരാണ്. അത് അവരെ വിദ്വേഷത്തിലേക്ക് തിരിക്കുകയാണെന്നും ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തെ വിഭജിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. 
കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് ദൽഹിയിൽ കൂറ്റൻ റാലി നടന്നത്.  പ്രധാനമന്ത്രിക്കും ഭരണകക്ഷിയായ ബി.ജെ.പിക്കും എതിരെ കടുത്ത ആക്രമണമാണ് രാഹുൽ അഴിച്ചുവിട്ടത്.  'രണ്ട് വ്യവസായികൾ' മാത്രമാണ് സർക്കാരിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുന്നത്. വിമാനത്താവളമോ തുറമുഖമോ റോഡോ ആകട്ടെ. എല്ലാം ഈ രണ്ടുപേരും കൈയടക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രിയുടെ പ്രത്യയശാസ്ത്രം പറയുന്നത് നമ്മൾ രണ്ട് പേർക്ക് ആനുകൂല്യങ്ങൾ നൽകണമെന്നാണ്. രാജ്യത്തിന്റെ പുരോഗതിയിൽ നിന്ന് എല്ലാവരും പ്രയോജനം നേടണമെന്നാണ് ഞങ്ങളുടെ പ്രത്യയശാസ്ത്രം പറയുന്നത്,' മോഡി സർക്കാരിന് തൊഴിൽ നൽകാൻ കഴിയുന്നില്ലെന്നും തിരഞ്ഞെടുത്ത രണ്ട് വൻകിട വ്യവസായികൾക്ക് മാത്രമേ നേട്ടമുണ്ടാക്കുന്നുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്ക് വേണ്ടി 24 മണിക്കൂറും ഈ വ്യവസായികൾ പ്രവർത്തിക്കുന്നു'. ഈ രണ്ട് വ്യവസായികൾക്കായി പ്രധാനമന്ത്രിയും 24 മണിക്കൂറും ജോലി ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതു മുതൽ രാജ്യത്ത് വെറുപ്പും രോഷവും വർധിച്ചുവരികയാണ്. മാധ്യമങ്ങൾ, ജുഡീഷ്യറി, തിരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്ക് മേൽ സമ്മർദ്ദമുണ്ട്, സർക്കാർ അവയെയെല്ലാം ആക്രമിക്കുകയാണ്. ഇത്രയും വിലക്കയറ്റം രാജ്യം കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സാധാരണ ജനങ്ങൾ വലിയ ബുദ്ധിമുട്ടിലാണ്. ചൈനയുമായുള്ള പിരിമുറുക്കമോ പണപ്പെരുപ്പമോ തൊഴിലില്ലായ്മയോ എന്തുതന്നെ ആയാലും പാർലമെന്റിൽ ഈ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
'നരേന്ദ്ര മോഡി രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുകയാണ്. അദ്ദേഹം വിദ്വേഷം പടർത്തുകയാണ്. പാകിസ്ഥാനും ചൈനയും ഇതിന്റെ ഗുണം ചെയ്യുന്നു. കഴിഞ്ഞ എട്ട് വർഷമായി പ്രധാനമന്ത്രി ഇന്ത്യയെ മോഡി ദുർബലപ്പെടുത്തിയെന്നും രാഹുൽ ആരോപിച്ചു. 

Latest News