യോഗിയുടെ പട്ടണത്തില്‍ വാര്‍ഡുകളുടെ മുസ്ലിം പേരുകള്‍ മാറ്റുന്നു, ജാഫ്ര ബസാര്‍ ഇനി ആത്മാറാം നഗര്‍

ഗോരഖ്പൂര്‍- ഗോരഖ്പൂരില്‍ വാര്‍ഡ് വിഭജനത്തിന്റെ ഭാഗമായി ഒരു ഡസനോളം വാര്‍ഡുകളുടെ മുസ്ലിം പേരുകള്‍ മാറ്റി.  മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുറപ്പെടുവിച്ച കരട്  ഉത്തരവിനെതിരെ സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്  നേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത്.
വാര്‍ഡ് പുനര്‍വിഭജനത്തിന്റെ ഭാഗമായാണ് പേരുകള്‍ മാറ്റുന്നത്. ഗോരഖ്പൂരിലെ വാര്‍ഡുകളുടെ എണ്ണം 80 ആയി ഉയര്‍ത്തിയിട്ടുണ്ട്.  
ഒരാഴ്ചയ്ക്കകം ജനങ്ങള്‍ക്ക് എതിര്‍പ്പുകള്‍ സമര്‍പ്പിക്കാമെന്നും അവ തീര്‍പ്പാക്കിയ ശേഷം അതിര്‍ത്തി നിര്‍ണയത്തിന് അനുമതി നല്‍കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍  പറഞ്ഞു. പേരുമാറ്റം ധ്രുവീകരണത്തിനുള്ള ശ്രമമാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും ഇസ്മായില്‍പൂര്‍ കോര്‍പ്പറേഷന്‍ അംഗവുമായ ഷഹാബ് അന്‍സാരി ആരോപിച്ചു. എതിര്‍പ്പ് ഉന്നയിക്കാന്‍ തിങ്കളാഴ്ച പ്രതിനിധി സംഘം ജില്ലാ മജിസ്‌ട്രേറ്റിനെ കാണുമെന്ന് അന്‍സാരി പറഞ്ഞു.
പേരുമാറ്റം വഴി സര്‍ക്കാരിന് എന്തുനേട്ടമാണെന്ന് മനസ്സിലാകുന്നില്ലെന്നും വെറം പണം പാഴാക്കലാണെന്നും കോണ്‍ഗ്രസ് നേതാവ് തലത് അസീസ് പറഞ്ഞു.
അതേസമയം, പുതിയ പേരുകള്‍ അഭിമാന വികാരം ഉണര്‍ത്തുന്നതാണെന്ന് മേയര്‍ സീതാറാം ജയ്‌സ്വാള്‍ അവകാശപ്പെട്ടു.
അഷ്ഫാഖുല്ല ഖാന്‍, ശിവ് സിംഗ് ചേത്രി, ബാബാ ഗംഭീര്‍ നാഥ്, ബാബാ രാഘവ്ദാസ്, ഡോ രാജേന്ദ്ര പ്രസാദ്, മദന്‍ മോഹന്‍ മാളവ്യ തുടങ്ങിയ വ്യക്തികളുടെ പേരിലാണ് വാര്‍ഡുകള്‍ അറിയപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷേപങ്ങള്‍ ഒരാഴ്ചയ്ക്കകം ലഖ്‌നൗവിലെ നഗരവികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയക്കാമെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ അവിനാഷ് സിംഗ് പറഞ്ഞു. എതിര്‍പ്പുകള്‍ പരിഹരിച്ച ശേഷം അതിര്‍ത്തി നിര്‍ണയത്തിന് അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം പട്ടണമായ ഗോരഖ്പൂരില്‍ ഇനി 80 വാര്‍ഡുകളാണ് ഉണ്ടാകുക.
മിയ ബസാര്‍, മുഫ്തിപൂര്‍, അലിനഗര്‍, തുര്‍ക്ക്മാന്‍പൂര്‍, ഇസ്മായില്‍പൂര്‍, റസ്സോള്‍പൂര്‍, ഹുമയൂന്‍പൂര്‍ നോര്‍ത്ത്, ഘോസിപൂര്‍വ, ദൗദ്പൂര്‍, ജാഫ്ര ബസാര്‍, ഖാസിപൂര്‍ ഖുര്‍ദ്, ചക്‌സ ഹുസൈന്‍ എന്നിവ മാറ്റുന്ന മുസ്ലിം പേരുകളില്‍ ഉള്‍പ്പെടുന്നു.
മുനിസിപ്പല്‍ കോര്‍പറേഷന്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇലാഹി ബാഗ് ഇനി ബന്ധു സിംഗ് നഗര്‍ എന്നും ഇസ്മായില്‍പൂര്‍ സഹബ്ഗഞ്ച് എന്നും ജാഫ്ര ബസാര്‍ ആത്മ റാം നഗര്‍ എന്നും അറിയപ്പെടും.

 

Latest News