ശബാന ആസ്മിയും മറ്റും തുക്‌ഡെ തുക്‌ഡെ സംഘത്തിന്റെ ഭാഗമെന്ന് മധ്യപ്രദേശ് മന്ത്രി

ഭോപ്പാല്‍- ശബാന ആസ്മി, നസീറുദ്ദീന്‍ ഷാ, ഗാനരചയിതാവ് ജാവേദ് അഖ്തര്‍ എന്നിവര്‍ രാജ്യദ്രോഹികളായ 'തുക്‌ഡെ തുക്‌ഡെ സംഘത്തിന്റെ സ്ലീപ്പര്‍ സെല്‍ അംഗങ്ങളാണെന്ന്' മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ആരോപിച്ചു.
രാജസ്ഥാനിലെ ഉദയ്പൂര്‍ നഗരത്തില്‍ തയ്യല്‍ക്കാരന്റെ കൊലപാതകത്തെയും ജാര്‍ഖണ്ഡില്‍ അടുത്തിടെ ഒരു സ്ത്രീയെ തീകൊളുത്തിയ സംഭവത്തെയും ഇവര്‍ അപലപിച്ചിട്ടില്ലെന്നും ഇത് അവരുടെ വിലകുറഞ്ഞ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യഥാര്‍ത്ഥത്തില്‍, ഷബാന ആസ്മി, ജാവേദ് അക്തര്‍, നസീറുദ്ദീന്‍ ഷാ എന്നിവരെപ്പോലുള്ളവരെല്ലാം തുക്‌ഡെ തുക്‌ഡെ സംഘത്തിന്റെ സ്ലീപ്പര്‍ സെല്ലിലെ അംഗങ്ങളാണ്. ഉദയ്പൂരിലെ കനയ്യ ലാലിന്റെ കൊലപാതകത്തെക്കുറിച്ച് ഇവര്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.  ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് എന്തെങ്കിലും സംഭവിച്ചാല്‍, നസീറുദ്ദീന്‍ ഷാ രാജ്യത്ത് തുടരാന്‍ ഭയപ്പെടുന്നുവെന്ന് പറയുന്നത് കേള്‍ക്കാം.  പിന്നെ ഒരു അവാര്‍ഡ് തിരിച്ചുനല്‍കുന്ന സംഘമുണ്ട്, അവര്‍ നിലവിളി തുടങ്ങും അദ്ദേഹം പറഞ്ഞു.

ഇത് അവരുടെ വിലകുറഞ്ഞ മാനസികാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നത്.  അവരെ എങ്ങനെ മാന്യന്മാരെന്നോ മതേതര വാദികളെന്നോ വിളിക്കും? ചിന്തിക്കേണ്ട കാര്യമാണ്. അവരെല്ലാം തുറന്നുകാട്ടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി മിശ്ര പറഞ്ഞു.

 

Latest News