Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീണ്ടും ചരിത്രപരമായ മണ്ടത്തരം; മുൻ മന്ത്രി ശൈലജക്ക് മഗ്‌സസെ പുരസ്‌കാരം, സ്വീകരിക്കേണ്ടെന്ന് പാർട്ടി

തിരുവനന്തപുരം- ആരോഗ്യമേഖലയിലെ മികവിന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് അർഹമായ ലോകപ്രശസ്ത പുരസ്‌കാരമായ മഗ്‌സസെ പുരസ്‌കാരം പാർട്ടി ഇടപെട്ട് തടഞ്ഞുവെന്ന് റിപ്പോർട്ട്. 2022-ലെ മഗ്‌സസെ പുരസ്‌കാരമാണ് കെ.കെ ശൈലജക്ക് നൽകാൻ രമൺ മഗ്‌സസെ അവാർഡ് കമ്മിറ്റി തീരുമാനിച്ചത്. അവാർഡ് സ്വീകരിക്കാൻ കഴിയുമോ എന്നാരാഞ്ഞ് ശൈലജക്ക് മഗ്‌സസെ അവാർഡ് കമ്മിറ്റി കത്തു നൽകിയെങ്കിലും പാർട്ടി തീരുമാനം അനുസരിച്ച് സ്വീകരിക്കാൻ കഴിയില്ലെന്ന് ശൈലജ മറുപടി നൽകിയതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് സി.പി.എം നേതാവ് ജ്യോതി ബസുവിന് വാഗ്ദാനം ചെയ്യപ്പെട്ട പ്രധാനമന്ത്രി പദം നിരസിച്ചതിന് സമാനമായ ചരിത്രപരമായ മണ്ടത്തരമാണ് സി.പി.എം ഇതിലൂടെ ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. 
കേരളത്തിൽ നിപയെയും കോവിഡിനെയും പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഫലപ്രദമായി നേതൃത്വം നൽകിയതിനും പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിലെ പ്രതിബദ്ധതയ്ക്കും സേവനത്തിനുമാണ് രമൺ മഗ്സസെ അവാർഡ് ഫൗണ്ടേഷൻ ശൈലജയെ 64-ാമത് മഗ്സസെ അവാർഡിന് തെരഞ്ഞടുത്തത്. 
ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനം എങ്ങനെ ശാസ്ത്രീയമായ രീതിയിൽ മഹാമാരിക്കെതിരെ പോരാടുന്നു എന്ന് എടുത്തുകാണിച്ച വിവിധ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ശൈലജയെ പ്രകീർത്തിച്ചിരുന്നു. ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ അവാർഡിന്റെ പൊതു പ്രഖ്യാപനം നടത്തേണ്ടതായിരുന്നു. അവാർഡിന് ശൈലജയെ പരിഗണിച്ച വിവരം ജൂലൈ അവസാനത്തോടെ അവരെ അറിയിച്ചിരുന്നു. അന്താരാഷ്ട്ര ബഹുമതിക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ച് ശൈലജക്ക് കത്തയച്ച ഫൗണ്ടേഷൻ അവാർഡ് സ്വീകരിക്കാനുള്ള സന്നദ്ധത രേഖാമൂലം ആവശ്യപ്പെട്ടു. 2022 സെപ്റ്റംബർ മുതൽ നവംബർ വരെ അവാർഡുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളും ഫൗണ്ടേഷൻ ഷെഡ്യൂൾ ചെയ്തിരുന്നു.
സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമായ ശൈലജ ഇതേക്കുറിച്ച് പാർട്ടി നേതൃത്വവുമായി ആലോചിച്ചു. അവാർഡിന്റെ വിവിധ വശങ്ങൾ പരിശോധിച്ച നേതൃത്വം, എന്നാൽ അവാർഡ് സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനിച്ചു. ആരോഗ്യമന്ത്രി എന്ന നിലയിൽ പാർട്ടി ഏൽപ്പിച്ച കടമ മാത്രമാണ് ശൈലജ നിർവഹിക്കുന്നതെന്നും നിപ പൊട്ടിപ്പുറപ്പെടുന്നതിനും കോവിഡ് പാൻഡെമിക്കിനുമെതിരായ സംസ്ഥാനത്തിന്റെ ശ്രമങ്ങൾ ഒരു കൂട്ടായ പ്രയത്‌നത്തിന്റെ ഭാഗമായിരുന്നുവെന്നും വ്യക്തിഗത അവാർഡ് സ്വീകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. 
ഇതേത്തുടർന്ന് അവാർഡ് സ്വീകരിക്കാൻ കഴിയില്ലെന്ന് കാണിച്ച് ശൈലജ ഫൗണ്ടേഷന് കത്തയച്ചു. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ ഒതുക്കുന്നതിൽ പേരുകേട്ട മഗ്സസെയുടെ പേരിലുള്ളതിനാൽ അവാർഡ് സ്വീകരിക്കരുതെന്ന് പാർട്ടി തീരുമാനിച്ചതായും അറിയുന്നു. ഇത്തരമൊരു അവാർഡ് സ്വീകരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ തിരിച്ചടിയാകുമെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. 
അവാർഡ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിയും കെ.കെ ശൈലജയും വിസമ്മതിച്ചു. ഏഷ്യയുടെ നോബൽ സമ്മാനമായി കണക്കാക്കപ്പെടുന്ന രമൺ മഗ്സസെ അവാർഡ് അന്തരിച്ച ഫിലിപ്പീൻസ് പ്രസിഡന്റിന്റെ പേരിലുള്ള അന്തർദേശീയ ബഹുമതിയാണ്. അവാർഡ് സ്വീകരിക്കുമായിരുന്നെങ്കിൽ മഗ്സസെ ലഭിക്കുന്ന ആദ്യ കേരളീയ വനിതയാകുമായിരുന്നു ശൈലജ. വർഗീസ് കുര്യൻ, എം.എസ് സ്വാമിനാഥൻ, ബി.ജി വർഗീസ്, ടി.എൻ ശേഷൻ എന്നീ മലയാളികൾക്ക് നേരത്തെ ഈ അവാർഡ് ലഭിച്ചിരുന്നു. കേരളത്തിൽ മഗ്‌സസെ അവാർഡ് ലഭിച്ചിട്ട് കാൽനൂറ്റാണ്ടായി. കേരളത്തിനും പിണറായി വിജയന്റെ കീഴിലുള്ള സംസ്ഥാന സർക്കാരിനും സി.പി.എമ്മിനും മഗ്‌സസെ അവാർഡ് വലിയൊരു അംഗീകാരവും ആകുമായിരുന്നു. 

Latest News