Sorry, you need to enable JavaScript to visit this website.

മുന്നണി വിടുമോ ലീഗ്, ദേശീയ നിർവാഹക സമിതി തീരുമാനം നൽകുന്ന സൂചനയെന്ത്

ചെന്നൈ- മതനിരപേക്ഷ കക്ഷികളെ കൂട്ടുപിടിച്ച് കൂടുതൽ വിശാലമായ സഖ്യസാധ്യതകളിലേക്ക് കടക്കാനുള്ള മുസ്ലിം ലീഗ് ദേശീയ നിർവാഹക സമിതി തീരുമാനം നൽകുന്ന സൂചനകൾ വലുത്. കോൺഗ്രസിന്റെ പോക്കിൽ ആശങ്ക പ്രകടിപ്പിച്ചാണ് ചൈന്നൈയിൽ മുസ്്‌ലിം ലീഗ് ദേശീയ നിർവാഹക സമിതി യോഗം അവസാനിച്ചത്. ദേശീയ രാഷ്ട്രീയത്തെ കോൺഗ്രസ് കാര്യമായി കാണുന്നില്ലെന്ന വിമർശനമാണ് മുസ്്‌ലിം ലീഗിനുള്ളത്. ഇക്കാര്യം ചെന്നൈയിൽ നടന്ന യോഗത്തിൽ പ്രതിനിധികൾ പങ്കുവെക്കുകയും ചെയ്തു. യു.പി അടക്കമുള്ള സംസ്ഥാനങ്ങളിൽ മുസ്ലിം വോട്ടുകൾ ഏകീകരിപ്പിച്ച് ബി.ജെ.പിക്ക് എതിരായ ബദൽ കെട്ടിപ്പടുക്കാനുള്ള ദൗത്യം ലീഗ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും കോൺഗ്രസ് ഇക്കാര്യത്തിൽ ഗൗരവത്തോടെയുള്ള സമീപനം സ്വീകരിക്കുന്നില്ലെന്ന ആശങ്കയാണ് പാർട്ടിക്കുള്ളത്. കോൺഗ്രസിൽനിന്ന് നേതാക്കൾ അടിക്കടി കൊഴിഞ്ഞുപോകുമ്പോഴും അതിനെ പ്രതിരോധിക്കാനുള്ള നടപടികളും പാർട്ടി സ്വീകരിക്കുന്നില്ല. ഏറ്റവുമൊടുവിൽ ഗുലാം നബി ആസാദ് പാർട്ടി വിട്ടതും ദേശീയ നിർവാഹക സമിതി ചർച്ച ചെയ്തു. മുസ്്‌ലിം ലീഗുമായി അടുത്ത ബന്ധം പുലർത്തുന്ന ഗുലാം നബി ആസാദിന് പാണക്കാട് കുടുംബവുമായും ആത്മബന്ധമുണ്ട്. കപിൽ സിബലിനെ പോലെയുള്ള നേതാക്കൾ കോൺഗ്രസ് വിട്ടതും യോഗത്തിൽ ചർച്ചയായി. ഈ നില തുടർന്നാൽ കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിലെ പ്രസക്തി നഷ്ടപ്പെടുമെന്ന ആശങ്കയാണ് ലീഗ് പങ്കുവെച്ചത്. കേരളത്തിൽ കോൺഗ്രസ് സഖ്യത്തിൽ തുടരുമ്പോഴും ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ഗൗരവമില്ലാത്ത സമീപനം തുടരുന്നത് രാജ്യത്തിന് ദോഷകരമായി ബാധിക്കുമെന്നാണ് ലീഗ് വിലയിരുത്തൽ. 
ഈ സഹചര്യത്തിൽ കേരള രാഷ്ട്രീയ സഖ്യം മുൻനിർത്തി കോൺഗ്രസുമായുള്ള ബന്ധം എത്രകാലത്തേക്ക് മുന്നോട്ടുകൊണ്ടുപോകാനാകും എന്ന ആശങ്കയും നിർവാഹക സമിതിയിൽ ചിലർ പങ്കുവെച്ചു. മതനിരപേക്ഷ കക്ഷികളുടെ വിശാല സഖ്യം എന്ന സാധ്യതയിൽ കേരളത്തിലെ മുന്നണിമാറ്റം അടക്കമുള്ളവ വരുമോ എന്ന കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. മുസ്്‌ലിം ലീഗിൽ ഒരു വിഭാഗത്തിന് ഇടതുസഖ്യ സാധ്യത അന്വേഷിക്കുന്നതിൽ തെറ്റില്ല എന്ന ചിന്തയുള്ളവരുണ്ട്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഈ സഖ്യം പ്രാവർത്തികമാക്കണം എന്ന ചിന്തയുള്ളവരാണ് ഈ വിഭാഗം. നിലവിൽ യു.ഡി.എഫ് മുന്നണിയിൽ ലീഗിന് മത്സരിക്കാൻ ലഭിക്കുന്നത് രണ്ടു സീറ്റ് മാത്രമാണ്. എന്നാൽ ഇടതുമുന്നണിക്കൊപ്പം ചേർന്നാൽ സീറ്റുകളുടെ എണ്ണം കൂടുമെന്നും രാജ്യസഭയിലേക്കും കൂടുതൽ പരിഗണന ലഭിക്കുമെന്നും ഈ വിഭാഗം വാദിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണം ഉറപ്പാണെന്ന വിലയിരുത്തലും ഇവർക്കുണ്ട്. എന്നാൽ, കോൺഗ്രസ് ഉൾക്കൊള്ളുന്ന മുന്നണിയിൽനിന്ന് പുറത്തുവന്നാൽ കേരളത്തിൽ അത് കോൺഗ്രസിനെ അപ്രസക്തമാക്കുകയും ബി.ജെ.പിക്ക് കൂടുതൽ സാധ്യത നൽകുമെന്നും മറുവിഭാഗം വാദിക്കുന്നു. കേവലമായ ഭരണ പങ്കാളിത്തം ഭാവിയിൽ കേരളത്തിന് ഏറെ ദോഷകരമായ അനുഭവമായിരിക്കും നൽകുക എന്നാണ് ഈ വിഭാഗം വാദിക്കുന്നത്. 
ചെന്നൈയിൽ സമാപിച്ച ദേശീയ നിർവാഹക സമിതി യോഗം വിശാല മതേതര സഖ്യം എന്ന സാധ്യത കേരളത്തെ കൂടി ഉൾക്കൊള്ളിച്ച് ആലോചിക്കുകയാണെങ്കിൽ അത് കേരളത്തിലെ മുന്നണി മാറ്റം അടക്കമുള്ള കാര്യങ്ങളിലാകും പര്യവസാനിക്കുക. കോൺഗ്രസ് ദേശീയ തലത്തിൽ കൂടുതൽ ഗൗരവത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്ന ഉറച്ച ആവശ്യമാണ് ലീഗിനുള്ളത്. യു.പി, ഛത്തീസ്ഗഡ്, ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ കേവല സാന്നിധ്യമുള്ള ലീഗ് ഈ സ്ഥലങ്ങളിൽ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാനും തീരുമാനിച്ചു.
 

Latest News