Sorry, you need to enable JavaScript to visit this website.

സാങ്കേതിക തകരാര്‍; ആര്‍ട്ടിമിസ് വിക്ഷേപണം വീണ്ടും മുടങ്ങി

വാഷിംഗ്ടണ്‍- മനുഷ്യരെ ചന്ദ്രനിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയില്‍   ആര്‍ട്ടിമിസിന്റെ വിക്ഷേപണ ദൗത്യം വീണ്ടും മാറ്റിവെച്ചു. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെയാണ് വിക്ഷേപണം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
ദൗത്യം മാറ്റിയതായി നാസ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്നും നാസ അറിയിച്ചു. രാത്രി 11.47ന് വിക്ഷേപണം നടത്താനിരിക്കെയാണ് പ്രതിസന്ധി നേരിട്ടത്. തകരാര്‍ മൂലം ഓഗസ്റ്റ് 29നു നടത്താനിരുന്ന വിക്ഷേപണം മാറ്റിയതാണ് വീണ്ടും മുടങ്ങിയത്.
മനുഷ്യരെ ചന്ദ്രനിലെത്തിക്കാനാണ് ആര്‍ട്ടിമിസ് ദൗത്യ പരമ്പര ലക്ഷ്യമിടുന്നത്. ഈ പരമ്പരയിലെ ആദ്യ ദൗത്യമായ ആര്‍ട്ടിമിസ് ഒന്നിന് ഓഗസ്റ്റ് 29ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് വിക്ഷേപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാല്‍, റോക്കറ്റിന്റെ നാല് കോര്‍ സ്‌റ്റേജ് എഞ്ചിനുകളില്‍ ഒന്നില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റിവെച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷമാണ് ഇന്നലെ വീണ്ടും വിക്ഷേപിക്കാന്‍ ഒരുങ്ങിയിരുന്നത്.  എന്നാല്‍, വീണ്ടും സാങ്കേതിക തകരാറ് കണ്ടെത്തിയതിനാല്‍ വിക്ഷേപണം മുടങ്ങി.
യാത്രക്കാര്‍ക്ക് പകരം പാവകളെ കയറ്റി ആര്‍ട്ടിമിസ് ഒന്ന് പരീക്ഷണാടിസ്ഥാനത്തിലാണ് വിക്ഷേപിക്കുന്നത്. ആദ്യ ദൗത്യം ഓറിയോണ്‍ ബഹിരാകാശ പേടകത്തെ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ ശ്രമിക്കും.
2024 ല്‍ യാത്രക്കാരെ ചന്ദ്രനുചുറ്റും ഭ്രമണം ചെയ്യാനും 2025 ല്‍ ആദ്യ വനിത ഉള്‍പ്പെടെയുള്ള യാത്രക്കാരെ ചന്ദ്രോപരിതലത്തിലേക്ക് എത്തിക്കാനുമാണ്  നാസയുടെ പദ്ധതി.

 

Latest News