അസമയത്ത് വിമാനത്തിന്റെ ടേക്ക് ഓഫിനു നിര്‍ബന്ധിച്ച ബി.ജെ.പി എം.പിമാര്‍ക്കെതിരെ കേസ്

ബി.ജെ.പി എം.പിമാരായ നിഷികാന്ത് ദുബെയും മനോജ് തിവാരിയും രാജ്യസഭാംഗം സുശീല്‍ മോഡിയോടൊപ്പം.

റാഞ്ചി- അനുമതിയില്ലാത്ത സമയത്ത് വിമാനത്തിന്റെ ടേക്ക് ഓഫിന് എയര്‍പോര്‍ട്ട് അധികൃതരില്‍ സമ്മര്‍ദം ചെലുത്തിയ സംഭവത്തില്‍ ബി.ജെ.പി എം.പിമാരായ നിഷികാന്ത് ദുബെ, മനോജ് തിവാരി എന്നിവരടക്കം ഒമ്പതു പേര്‍ക്കെതിരെ കേസ്. ജാര്‍ഖണ്ഡിലെ ദിയോഘര്‍ എയര്‍പോര്‍ട്ടിലാണ് സംഭവം.

എയര്‍പോര്‍ട്ടിലെ ഡി.എസ്.പി സുമന്‍ അനാന്‍ നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അതിക്രമിച്ചു കടന്നതിനും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയതിനുമാണ് എം.പിമാരും എയര്‍പോര്‍ട്ട് ഡയരക്ടറും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയത്.

ഓഗസ്റ്റ് 31 ന് തിവാരിയും ദുബെയും കുടുംബാംഗങ്ങളും അതീവ സുരക്ഷയുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ അതിക്രമിച്ച് കയറി തങ്ങളുടെ സ്വകാര്യ ജെറ്റിന് പറന്നുയരാന്‍ അനുമതി ആവശ്യപ്പെടുകയായിരുന്നു. ഈയടുത്ത് തുറന്ന എയര്‍പോര്‍ട്ടില്‍ രാത്രികാല സര്‍വീസിന് അനുമതി നല്‍കിയിരുന്നില്ല. അസ്തമയത്തിന് അരമണിക്കൂര്‍ മുമ്പ് വരെ മത്രമാണ് വിമാന സര്‍വീസ് അനുവദിക്കുന്നത്. സംഭവ ദിവസം 6.03 നായിരുന്നു അസ്തമയം. ബി.ജെ.പി നേതാക്കളുടെ വിമാനം പറന്നുയര്‍ന്നത് 6.17 നും.

എയര്‍പോര്‍ട്ട് അതോറിറ്റി എതിര്‍ത്തിട്ടില്ലെന്നും ഡയരക്ടറുടെ അനുമതി ഉണ്ടായിരുന്നുവെന്നും നിഷിതാന്ത് ദുബെ അവകാശപ്പെട്ടു.
വിമാന യാതക്ക് നിര്‍ബന്ധിച്ചാണ് അനുമതി കരസ്ഥമാക്കിയതെന്നും ഇതുവഴി ദുബെ ദേശസുരക്ഷയെ തന്നെ അപകടത്തിലാക്കിയെന്നും ദിയോഘര്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് മഞ്ജുനാഥ് ഭജന്ത്രി ട്വിറ്ററില്‍ ആരോപിച്ചതോടെ വിവാദം ചൂടുപിടിച്ചിരിക്കയാണ്. വ്യോമയാന ചട്ടങ്ങള്‍ ഒന്നുകൂടി വായിക്കണമെന്നും ഐ.എ.എസ് ഓഫീസറെന്ന നിലയില്‍ രാഷ്ട്രം കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ദുബെ മറുപടി നല്‍കി.

 

Latest News