Sorry, you need to enable JavaScript to visit this website.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 50-ൽ താഴെ സീറ്റിലേക്ക്-നിതീഷ് കുമാർ

ന്യൂദൽഹി- മുഴുവൻ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചുപൊരുതിയാൽ 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 50 സീറ്റു പോലും ലഭിക്കില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഈ ലക്ഷ്യത്തിന് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും നിതീഷ് കുമാർ വ്യക്തമാക്കി. പാട്‌നയിൽ നടത്തിയ ജനതാദൾ യുനൈറ്റഡിന്റെ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് നിതീഷ് കുമാർ ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ ഐക്യത്തിനായി പ്രവർത്തിക്കാൻ നിതീഷ് കുമാറിനെ യോഗം ചുമതലപ്പെടുത്തി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും യോഗം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. 
ബി.ജെ.പി വിരുദ്ധ മുന്നണിക്കായി ഏകീകരണം ഉണ്ടാക്കാൻ മറ്റ് പാർട്ടികളുടെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ദൽഹിയിലേക്ക് പോകുമെന്നും നിതീഷ് കുമാർ അറിയിച്ചു. 
മണിപ്പൂരിലെ ആറ് ജെ.ഡി.യു എം.എൽ.എമാരിൽ അഞ്ച് പേർ തന്നെ സന്ദർശിച്ചിരുന്നുവെന്നും ബി.ജെ.പി ബന്ധം ഉപേക്ഷിച്ചതിൽ അവർ സന്തോഷം പ്രകടിപ്പിച്ചിരുന്നുവെന്ന് നിതീഷ് കുമാർ പറഞ്ഞു. എന്നാൽ പിന്നീട് അവർ ബി.ജെ.പിയിൽ ചേരുകയായിരുന്നു. മറ്റു പാർട്ടികളിലെ എം.എൽ.എമാരെ ബി.ജെ.പി എങ്ങിനെയാണ് തകർക്കുന്നത് എന്നതിന്റെ ഉദാഹരണമാണിതെന്നും നിതീഷ് കുമാർ പറഞ്ഞു. 
അതേസമയം, മണിപ്പൂരിൽ ജെ.ഡി.യു തകർന്നതിന് സമാനമായി ബിഹാറിലും ജെ.ഡി.യു തകരുമെന്ന് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോഡി പറഞ്ഞു. 'പോസ്റ്ററുകളും ഹോർഡിംഗുകളും ആരെയും പ്രധാനമന്ത്രിയാക്കില്ല. ഒരു നേതാവിന് തന്റെ പാർട്ടിയിൽ നിന്ന് 5-10 എംപിമാർ മാത്രമേ ഉള്ളൂവെങ്കിൽ, അയാൾക്ക് എങ്ങനെ പ്രധാനമന്ത്രിയാകാനാകും. നിതീഷ്ജി വാർത്തകളിൽ ഇടം പിടിക്കാൻ ആഗ്രഹിക്കുന്നു. തനിക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ പോലും കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നും സുശീൽ കുമാർ മോഡി പറഞ്ഞു. 

Latest News