തിരുവനന്തപുരം- കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ ഓഫീസറുടെ മർദ്ദനമേറ്റ കണ്ടക്ടർക്ക് സസ്‌പെൻഷൻ. സ്‌പെഷ്യൽ ഓഫീസറെ മർദ്ദിച്ചു എന്നാരോപിച്ചാണ് സസ്‌പെൻഷൻ. കട്ടപ്പന ഡിപ്പോയിലെ കണ്ടക്ടർ സന്തോഷിനെയാണ് സസ്‌പെന്റ് ചെയ്തത്. അയ്യപ്പൻമാരുടെ ആവശ്യപ്രകാരം ബസ് നിർത്തിയതിന് സന്തോഷിനായിരുന്നു മർദ്ദനമേറ്റത്.
കർക്കിടക മാസ പൂജയോട് അനുബന്ധിച്ചാണ് കട്ടപ്പന ഡിപ്പോയിലെ കണ്ടക്ടർ ബി. സന്തോഷിന് മർദ്ദനമേറ്റത്. കഴിഞ്ഞ മാസം ചെങ്ങന്നൂരിൽനിന്ന് പുറപ്പെട്ട ബസ് അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം ഇടയ്ക്ക് വെച്ച് മൂത്രമൊഴിക്കാൻ നിർത്തിയിരുന്നു. ഇതേ തുടർന്ന് ഇവിടെ ബസ് നിർത്തിയത് എന്തിനെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ചോദിച്ചു. പമ്പയിൽ എത്തിയ തന്നെ സ്‌പെഷ്യൽ ഓഫീസൽ ഷിബുകുമാർ മർദിച്ചുവെന്ന് സന്തോഷ് പരാതിപ്പെട്ടു. ഷിബു കുമാറിന് പുറമെ മറ്റുപലരും തന്നെ മർദ്ദിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. പമ്പ പോലീസ് സ്‌റ്റേഷനിൽനിന്ന് പോലീസ് എത്തിയാണ് തന്നെ രക്ഷിച്ചതെന്നും പരാതിയിലുണ്ടായിരുന്നു. എന്നാൽ നടപടി വന്നപ്പോൾ സന്തോഷിന് സസ്‌പെൻഷനായി.






