ഹൈദരാബാദ്- കാമ്പസ് രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ ജെഎൻയുവിൽ നിന്നാണ് യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതത്തിന്റെയും തുടക്കം. 1978 ൽ എസ്എഫ്‌ഐ അഖിലേന്ത്യ ജോയന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. തുടർന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം പാർട്ടിയുടെ ആസ്ഥാനം കൊൽക്കത്തയിൽ നിന്നു ദൽഹിയിലേക്കു മാറി. സിപിഎമ്മിൽ അക്കാലത്ത് പ്രബലനായിരുന്ന ബി.ടി രണദിവേയുടെ വലംകൈ ആയിരുന്നു യെച്ചൂരി. യെച്ചൂരി എന്ന നേതാവിനെ വളർത്തി എടുത്തതാകട്ടെ മറ്റൊരു പ്രബല നേതാവ് ബസവ പുന്നയ്യ ആണ്. പിന്നീട് ഇഎംഎസ് യെച്ചൂരിയെ സിപിഎം കേന്ദ്ര നേതൃത്വത്തിലേക്ക് കൈപിടിച്ചുയർത്തി. 1984 ൽ സിപിഎം കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായി. 1989 ൽ പോളിറ്റ് ബ്യൂറോയ്ക്ക് താഴെ അഞ്ചംഗ കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരിച്ചപ്പോൾ യെച്ചൂരിയും അതിൽ ഇടം പിടിച്ചു. 1992 ലെ 14 ാം പാർട്ടി കോൺഗ്രസിലാണ് അദ്ദേഹം പോളിറ്റ് ബ്യൂറോയിൽ എത്തുന്നത്. തുടർന്ന് കേന്ദ്ര കമ്മിറ്റിയിലെത്തിയ യെച്ചൂരി പാർട്ടി സെക്രട്ടറിയായിരുന്ന ഹർകിഷൻ സിംഗ് സുർജിത്തിന്റെ വലംകൈ ആയി. 2005ൽ ബംഗാളിൽ നിന്നു രാജ്യസഭയിലും എത്തി.
ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിയുടെ ഏറ്റവും ശക്തനായ മുഖമാണ് യെച്ചൂരി. അതോടൊപ്പം മികച്ച പാർലമെന്റേറിയനും. രാജ്യം അസഹിഷ്ണുതയിലും അക്രമങ്ങളിലും പൊറുതി മുട്ടിയ കാലത്ത് വിവിധ വിഷയങ്ങളിൽ ബിജെപിയെയും ആർഎസ്എസിനെയും പ്രതിക്കൂട്ടിൽ നിർത്തി യെച്ചൂരി പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങൾ ഏറെ ശ്രദ്ധേയമാണ്. പശു സംരക്ഷണത്തിന്റെ പേരിൽ നടന്ന അക്രമങ്ങൾ, ദളിത് വിഭാഗങ്ങൾക്കെതിരെയും ന്യൂനക്ഷങ്ങൾക്കെതിരെയും നടന്ന അക്രമങ്ങൾ എന്നീ വിഷയങ്ങളിലെല്ലാം അദ്ദേഹം പാർലമെന്റിനകത്തും പുറത്തും നരേന്ദ്ര മോഡി സർക്കാരിനെയും ആർഎസ്എസിനെയും രൂക്ഷമായി വിമർശിച്ചു. ഇംഗഌഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളിലുള്ള പ്രാവീണ്യവും അദ്ദേഹത്തെ ദേശീയ തലത്തിൽ ശ്രദ്ധേയനാക്കി. കോൺഗ്രസ് മുൻ അധ്യക്ഷയും യുപിഎ ചെയർപേഴ്‌സണുമായ സോണിയ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള സിപിഎം നേതാവ് കൂടിയാണ് യെച്ചൂരി. ഇംഎംഎസിനൊപ്പം സോവിയറ്റ് യൂണിയൻ പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട യെച്ചൂരി ജ്യോതിബസുവിനൊപ്പം ക്യൂബയും സന്ദർശിച്ചു. നേപ്പാളിൽ ഉൾെപ്പടെ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് നേതാക്കളുമായും പ്രസ്ഥാനങ്ങളുമായും അടുത്ത ബന്ധവും പുലർത്തുന്നു.
ഇപ്പോൾ പാർട്ടിക്കുള്ളിൽ തന്നെ ഉടലെടുത്തിരിക്കുന്ന ചേരിതിരിവുകളെയും കടുത്ത എതിർപ്പിനെയും തന്ത്രപരമായി നേരിട്ടു കൊണ്ടാണ് യെച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാദങ്ങളോട് ചേർന്നു നിൽക്കുന്ന പക്ഷം യെച്ചൂരിയുടെ പാർട്ടിക്കുള്ളിലെ വിജയം തങ്ങളുടെ തോൽവിയല്ലെന്ന് ഇനിയും സമ്മതിച്ചു കൊടുക്കാൻ വിമുഖതയോടെ നിൽക്കുന്നു.
22 ാം പാർട്ടി കോൺഗ്രസിൽ കേരള ഘടവും യെച്ചൂരിക്കെതിരേ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ മാത്രമാണ് ഈ വിമർശനങ്ങൾക്കു നടുവിലും യെച്ചൂരിയെ ശക്തമായി പിന്തുണച്ചു നിൽക്കുന്നത്. കേരളത്തിൽ പാർട്ടി വളർന്നത് സ്വന്തം പ്രയ്തനം കൊണ്ടാണെന്നും കേന്ദ്ര നേതൃത്വം ഇതിനായി ഒരു സഹായവും ചെയ്തു കൊടുത്തിട്ടില്ലെന്നും സംസ്ഥാന പ്രതിനിധികൾ കുറ്റപ്പെടുത്തിയതും യെച്ചൂരിയിലേക്കു വിരൽ ചൂണ്ടി തന്നെയായിരുന്നു.
വിദ്യാർഥി നേതാവായിരിക്കുമ്പോഴാണ് കേരള നേതൃത്വം യെച്ചൂരിയെ എതിർത്ത് രംഗത്തു വരുന്നത്. സി.പി ജോണിനെ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദം മറികടന്നാണ് യെച്ചൂരി ഈ സ്ഥാനത്തേക്കെത്തിയത്. പിന്നീട് പാർട്ടിക്കുള്ളിൽ പിണറായി, വിഎസ് ചേരിപ്പോര് രൂക്ഷമായപ്പോഴും യെച്ചൂരിയാണ് വിഎസിന്റെ തണൽ എന്ന നിലയിൽ കേരള നേതൃത്വത്തിന്റെ അപ്രീതി പിടിച്ചു പറ്റി. അപ്പോഴൊക്കെയും പാർട്ടിയിലെ പ്രബലരായിരുന്ന ബംഗാൾ ഘടകം യെച്ചൂരിക്കൊപ്പം നിന്നു. തുടർന്ന് ആദ്യ തവണ യെച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നതിലും കേരളം എതിർപ്പ് പ്രകടിപ്പിച്ചു. അപ്പോഴും ബംഗാൾ ഘടകം ഒറ്റക്കെട്ടായി പിന്നിൽ നിന്നതോടെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ അദ്ദേഹം സിപിഎം ജനറൽ സെക്രട്ടറിയായി. ഇപ്പോൾ രണ്ടാം തവണയും ജനിച്ച മണ്ണിൽ കാലുകുത്തി നിന്ന് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമ്പോഴും യെച്ചൂരിക്കു പിന്നിൽ ശക്തമായി നിലയുറപ്പിച്ചിരിക്കുന്നത് ബംഗാൾ സഖാക്കളാണ്.
സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിൻമേൽ കോൺഗ്രസ് ബന്ധത്തിനായി ഭേദഗതി വേണമെന്ന നിലപാടിൽ ഉറച്ചു നിന്നതോടെയാണ് യെച്ചൂരി ഒരിക്കൽ കൂടി കേരളത്തിന്റെയും കാരാട്ടിന്റെയും കണ്ണിലെ കരടായി മാറിയത്. കോൺഗ്രസുമായി ഒരു ധാരണയും പാടില്ലെന്ന് രാഷ്ട്രീയ പ്രമേയത്തിൽ എഴുതി വെച്ചിട്ട് പിന്നീട് പിന്നോട്ട് പോകുന്നത് ശരിയല്ലെന്നായിരുന്നു യെച്ചൂരിയുടെ വാദം. കേരളവും കാരാട്ട് പക്ഷവും ഇതിനെ ശക്തമായി എതിർത്തു. കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതിക്കായി രഹസ്യ ബാലറ്റ് വേണമെന്ന യെച്ചൂരി പക്ഷത്തിന്റെയും ബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെയും കടുംപിടിത്തത്തിനു മുന്നിൽ ഒടുവിൽ സമയവായം എന്ന വഴി തെളിഞ്ഞു. കരടിലെ കോൺഗ്രസ് ബന്ധം സംബന്ധിച്ച ഭാഗം രാഷ്ട്രീയ സഖ്യം പാടില്ല എന്നു മാറ്റിയെഴുതിക്കാനായി. പാർട്ടി കോൺഗ്രസ് വേദിക്കു മുന്നിൽ പ്രതിഷേധിക്കും എന്ന ബംഗാൾ ഭീഷണിക്കു മുന്നിൽ പ്രതിഛായയെയും പിളർപ്പിനെയും ഭയന്നാണ് സമവായം ഉരുത്തിരിഞ്ഞത്. എന്നിട്ടും കരട് രേഖയിൽ യെച്ചൂരിയുടെ നിലപാട് നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കാരാട്ട് പക്ഷത്തിന്റെ വാദം വീണ്ടും അസ്വാരസ്യങ്ങൾക്കിടയാക്കി. തെരഞ്ഞെടുപ്പു വരുമ്പോൾ നോക്കാം എന്ന തത്കാല ശാന്തിയിലാണ് ഇന്നലെ പാർട്ടി കോൺഗ്രസ് പിരിഞ്ഞിരിക്കുന്നത്.
സദാ പുകവലിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്ന നേതാവാണ് സീതാറാം യെച്ചൂരി. പാർലമെന്റിലെ ചെറിയ ഇടവേളകളിൽ ഓടി പുറത്തിറങ്ങി ഏതെങ്കിലും തൂണിൽ ചാരി നിന്ന് പുകയൂതി നിൽക്കുന്ന യെച്ചൂരിയെ കാണാം. പാർട്ടിയിലെ പ്രതിസന്ധികളെക്കുറിച്ചോ ചേരിതിരിവിനെക്കുറിച്ചോ ചോദിച്ചാൽ ഒരു പുഞ്ചിരി കൊണ്ട് എല്ലാം തള്ളിക്കളയുന്ന പ്രകൃതം. ഒരിക്കൽ ഒരു നിർണായ കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ എകെജി സെന്ററിനു പുറത്തേക്ക് പുകവലിക്കാനായി ഇറങ്ങിയ യെച്ചൂരിയെ മാധ്യമ പ്രവർത്തകർ വളഞ്ഞു. തുടരെ ചോദ്യങ്ങൾ ചോദിച്ചവർക്കു മുന്നിലേക്ക് അദ്ദേഹം തന്റെ സിഗരറ്റ് കൂട് തുറന്ന് നീട്ടി. കൈമാറി കൈമാറി ആ കൂട് അദ്ദേഹത്തിന്റെ കൈയിൽ തിരിച്ചെത്തിയപ്പോഴേക്കും കാലിയായിരുന്നു. ഒരു പുഞ്ചിരിയോടെ എല്ലാവരെയും നോക്കി ഓ, നിങ്ങളിൽ കൂടുതലും മലയാളികളാണല്ലേ എന്നു പുഞ്ചിരിച്ചു പറഞ്ഞുകൊണ്ട് അദ്ദേഹം അകത്തേക്കു കയറിപ്പോയി.
1952 ഓഗസ്റ്റ് 12 ന് ചെന്നൈയിലെ തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ സർവേശ്വര സോമയാജലുവിന്റെയും കൽപാക്കത്തിന്റെയും മകനായാണ് യെച്ചൂരിയുടെ ജനനം. തെലങ്കാന സമരങ്ങളായി ആന്ധ്ര കലുഷിതമായ സമയത്താണ് യെച്ചൂരിയും കുടുംബവും ദൽഹിയിലേയ്ക്കു മാറുന്നത്. ദൽഹിയിൽ പ്രസിഡൻറ്‌സ് സ്‌കൂളിൽ ഹയർ സെക്കൻഡറിക്ക് ചേർന്ന യെച്ചൂരി ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയാണ് സിബിഎസ്ഇ പരീക്ഷ ജയിക്കുന്നത്. ശേഷം ദൽഹിയിൽ സെൻറ് സ്റ്റീഫൻസ് കോളേജിൽ ബിരുദ പഠനത്തിന് എത്തുമ്പോഴേയ്ക്കും യെച്ചൂരിക്കു കമ്യൂണിസ്റ്റ് ആശയങ്ങളിൽ വ്യക്തത വന്നിരുന്നു. ഇതോടെയാണ് സിപിഎമ്മുമായി അടുക്കുന്നത്. പത്രപ്രവർത്തകയായ സീമാ ചിഷ്ടിയാണു ഭാര്യ. ആദ്യ വിവാഹത്തിൽ ഒരു മകനും മകളുമുണ്ട്.