ശുചിമുറിയില്‍ ഒപ്പം പോകന്‍ വിസമ്മതിച്ചു; സഹപാഠി എടുത്തുയര്‍ത്തി നിലത്തിട്ടു

റിയാദില്‍ സഹപാഠിയുടെ ആക്രമണത്തില്‍ പരിക്കേറ്റ സൗദി വിദ്യാര്‍ഥി ഉസാമ അല്‍ഗാംദി ആശുപത്രിയില്‍.

റിയാദ് - സഹപാഠിയുടെ ആക്രമണത്തില്‍ 11 കാരനായ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റു. തലയോട്ടിയില്‍ പൊട്ടലും ആന്തരിക രക്തസ്രാവവുമുണ്ടായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി. ഓപ്പറേഷന്‍ പൂര്‍ത്തിയായ ബാലന്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
റിയാദ് തുവൈഖ് ഡിസ്ട്രിക്ടിലെ അല്‍ബദീഅ എലിമെന്ററി സ്‌കൂള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഉസാമ അല്‍ഗാംദിക്ക് ആണ് സഹപാഠിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ക്ലാസ് ലീഡറായി അധ്യാപകന്‍ നിയോഗിച്ച സഹപാഠിയോട് തന്റെ മകന്‍ ടോയ്‌ലെറ്റിലേക്ക് ഒപ്പംപോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് ഉസാമ അല്‍ഗാംദിയുടെ മാതാവ് പറഞ്ഞു. ഇത് നിരസിച്ച സഹപാഠി തന്റെ മകനെ പിന്നിലൂടെ എത്തി എടുത്തുയര്‍ത്തി നിലത്തേക്ക് എറിയുകയായിരുന്നു. ശിരസ്സടിച്ചുള്ള വീഴ്ചയില്‍ മകന്റെ തലയോട്ടി പൊട്ടി രക്തസ്രാവമുണ്ടാവകയും ബോധം നശിക്കുകയും ചെയ്തു.
അധ്യാപകനോ സ്‌കൂള്‍ അധികൃതരോ ആംബുലന്‍സ് വിളിച്ചുവരുത്തി മകനെ ആശുപത്രിയിലേക്ക് നീക്കിയില്ല. മകന്റെ വായിലുണ്ടായിരുന്ന രക്തം തുടച്ച് തന്നെ വിളിച്ചുവരുത്തി മകനെ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഉടന്‍ തന്നെ മകനെ കിംഗ് സല്‍മാന്‍ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ മകന്റെ തലയോട്ടിയില്‍ പൊട്ടലുള്ളതായും ആന്തരീക രക്തസ്രാവമുള്ളതായും വ്യക്തമായി. ശുമൈസി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കിംഗ് സല്‍മാന്‍ ആശുപത്രിയധികൃതര്‍ ആവശ്യപ്പെട്ടു. ഏഴു മണിക്കൂറിനകം മകന് രണ്ടാമതും സി.ടി സ്‌കാന്‍ ചെയ്തു. ഇന്നു രാവിലെ മകന് ഓപ്പറേഷന്‍ നടത്തി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മകന്റെ ആരോഗ്യനില ഭദ്രമായിട്ടുണ്ട്. തന്റെ മകനെ മര്‍ദിച്ച വിദ്യാര്‍ഥി ഇലക്‌ട്രോണിക് പോരാട്ട ഗെയിമുകളുടെ സ്വാധീനത്തില്‍ പെട്ട് പതിവായി അക്രമവാസന കാണിക്കുന്നതായി മറ്റു വിദ്യാര്‍ഥികളും പരാതിപ്പെടുന്നതായി ഉസാമ അല്‍ഗാംദിയുടെ മാതാവ് പറഞ്ഞു.


 

 

Latest News