ഒരു ഘട്ടത്തിൽ ഹിന്ദുത്വ പ്രീണനത്തിനായി ബി.ജെ.പിയോട് കോൺഗ്രസ് മത്സരിക്കുകയും ചെയ്തു. സ്വാഭാവികമായും വിജയം തീവ്ര ഹിന്ദുത്വവാദികൾക്കായി. ഈ വിഷയത്തിൽ ഇനിയെങ്കിലും സമ്പൂർണമായൊരു പുനഃപരിശോധനക്ക് പാർട്ടി തയാറാകണം. മൃദുഹിന്ദുത്വമെന്നു വിശേഷിക്കപ്പെടുന്ന നിലപാടുകൾ ഉപേക്ഷിച്ച് ജനാധിപത്യത്തിനും മതേതരത്വത്തിനും സാമൂഹ്യ നീതിക്കും ഫെഡറലിസത്തുനുമായുള്ള ശക്തമായ നിലപാടെടുക്കണം.
നമ്മെ നയിക്കേണ്ടവരെ നാം തന്നെ തെരഞ്ഞെടുക്കുന്നു എന്നതാണല്ലോ ജനാധിപത്യ സംവിധാനത്തെ മറ്റു രാഷ്ട്രീയ സംവിധാനങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം. പല കാരണങ്ങളാലും ആ തെരഞ്ഞെടുപ്പ് രാഷ്ട്രീയമായി നൈതികരഹിതമാകാറുണ്ട് എന്നതു ശരിയാണ്. തെരഞ്ഞെടുക്കാൻ ബദലുകളില്ലാത്ത വിഷയവും ഉയർന്നു വരാറുണ്ട്. അപ്പോഴും ജനങ്ങൾ തെരഞ്ഞെടുക്കുന്നവരുടെ ഭരണം എന്നത് പ്രധാനപ്പെട്ട ഒന്നാണ്. അതേസമയം ഇതംഗീകരിക്കുന്നവർ പോലും ഗൗരവമായി കാണാത്ത മറ്റൊന്നുണ്ട്. ജനാധിപത്യത്തിന്റെ ചാലക ശക്തിയെന്നു പറയാവുന്ന രാഷ്ട്രീയ പാർട്ടികളെ കുറിച്ചാണത്. ഈ സംവിധാനത്തിൽ നിർണായകമായ വിഷയങ്ങളിലെല്ലാം തീരുമാനമെടുക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. എന്നാൽ അവക്കുള്ളിൽ ജനാധിപത്യമുണ്ടോ, ആശയ സമരങ്ങളുണ്ടോ, നേതൃത്വത്തെ ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്നുണ്ടോ എന്നതൊന്നും നമ്മുടെ വിഷയമല്ല. അതവരുടെ ആഭ്യന്തര കാര്യമാണെന്നാണ് പൊതുവിലുള്ള ധാരണ. ഞങ്ങളുടെ കാര്യം ഞങ്ങൾ തീരുമാനിക്കും, അതേക്കുറിച്ചാരും അഭിപ്രായം പറയേണ്ടതില്ല എന്നാണ് എല്ലാ പാർട്ടി നേതാക്കളും പറയുന്നത്.
തീർച്ചയായും ജനാധിപത്യത്തിനു അനുഗുണമായ ഒരു ചിന്ത രീതിയല്ല ഇത്. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണെങ്കിലും ആരാണ് മത്സരിക്കേണ്ടതെന്നു തീരുമാനിക്കുന്നത് പാർട്ടികളാണ്. അതിൽ നിന്ന് ഒരു തെരഞ്ഞെടുപ്പേ ജനങ്ങൾക്കാവൂ. അതിൽ ജനങ്ങൾക്കഭിപ്രായം പറയാനൊരു വേദിയുമില്ല. തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയടക്കമുള്ള ഭരണാധികാരികൾ ആരാകണമെന്നും അവരെടുക്കേണ്ട നിലപാടുകൾ എന്താണെന്നും തീരുമാനിക്കുന്നതും പാർട്ടികൾ തന്നെ. എന്നിട്ടും ആ പാർട്ടികളുടെ നിലപാടുകളിൽ അഭിപ്രായം പറയാൻ ജനങ്ങൾക്കൊരു വേദിയുമില്ല. പാർട്ടി നേതൃത്വങ്ങളെ തെരഞ്ഞെടുക്കുന്നതിലും ജനങ്ങൾക്കു പങ്കില്ല. നിലവിലെ ജനാധിപത്യ സംവിധാനം നേരിടുന്ന പല വെല്ലുവിളികളിൽ ഒന്നാണ് ഇത്. ജനാധിപത്യം അതിന്റെ ശരിയായ അർത്ഥത്തിൽ വിനിയോഗിക്കപ്പെടുന്നില്ല എന്നർത്ഥം.
ഇതിനിടയിലും മിനിമം നമ്മുടെ പാർട്ടികൾ ചെയ്യേണ്ടതായ ചിലതുണ്ട്. എന്നാലതു പോലും നടക്കുന്നില്ല. പാർട്ടി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിൽ ജങ്ങൾക്ക് പങ്കില്ലെങ്കിൽ കൂടി ആദ്യപടിയായി പാർട്ടി അംഗങ്ങൾക്കെങ്കിലും പങ്കാളിത്തം നൽകുക, അതിനായി ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുക, ആർക്കും മത്സരിക്കാനുള്ള അവസരം നൽകുക എന്നതാണത്. ഒറ്റവാക്കിൽ ഉൾപാർട്ടി ജനാധിപത്യം നടപ്പാക്കുക എന്നതു തന്നെ. അക്കാര്യത്തിൽ ഇന്ത്യയിലെയും കേരളത്തിലെയും അവസ്ഥ വളരെ മോശമാണ്. രാജ്യത്തെ ഏറ്റവും പ്രധാന പാർട്ടിയായ കോൺഗ്രസ്സ് നേതൃത്വം മഹാഭൂരിപക്ഷം വർഷങ്ങളിലും നെഹ്റു കുടുംബത്തിൽ ഒതുങ്ങി നിന്നു. അതൊരു അലിഖിത നിയമം പോലെയാണ് ഏതാണ്ടെല്ലാവരും കരുതിയതും കരുതുന്നതും. ബി.ജെ.പി നേതൃത്വങ്ങളെ തീരുമാനിക്കുന്നത് ആർ.എസ്.എസ് ആണെന്നത് പരസ്യമായ രഹസ്യമാണ്. ജനാധിപത്യത്തിൽ വിശ്വസിക്കാത്ത, മതരാഷ്ട്രത്തിനായി നിലകൊള്ളുന്ന ഒരു പാർട്ടിയിൽ നിന്നു മറ്റെന്തു പ്രതീക്ഷിക്കാൻ? കമ്യൂണിസ്റ്റ് പാർട്ടികളിലേക്കു വന്നാലും സ്ഥിതി വ്യത്യസ്തമല്ല. ജനാധിപത്യത്തിൽ വിശ്വസിക്കാത്ത, അതിനെ ബൂർഷ്വ ജനാധിപത്യമെന്ന് അധിക്ഷേപിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളുടെ ലോകചരിത്രത്തിൽ തന്നെ ഉൾപാർട്ടി ജനാധിപത്യം നിലനിന്നിട്ടില്ല. ഏറെക്കുറെ മരണം വരെ ഒരു നേതൃത്വം, അതിനു ശേഷം കഴിയുമെങ്കിൽ അതേ കുടുംബത്തിൽ നിന്നു തന്നെ അടുത്ത നേതൃത്വം. ഇതാണവരുടെ പൊതുരീതി. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അവശിഷ്ടങ്ങൾ എന്നു പറയാവുന്ന റഷ്യയിലും ചൈനയിലും വടക്കൻ കൊറിയയിലുമൊക്കെ ഇപ്പോഴും അതു തന്നെയവസ്ഥ. ഇന്ത്യയിൽ ഒറ്റക്കു ഭരിക്കാനാവാത്തതിനാൽ രാഷ്ട്രീയമായി വിശ്വസിക്കാത്ത ജനാധിപത്യ സംവിധാനത്തിൽ പങ്കെടുക്കുമ്പോഴും പാർട്ടിക്കകത്തെ അവസ്ഥ വ്യത്യസ്തമല്ല. ജനാധിപത്യ കേന്ദ്രീകരണമെന്ന പദമൊക്കെ കേവലം കേന്ദ്രീകരണമായി മാറുന്ന ചരിത്രമാണ് നിലവിലുള്ളത്. സി.പി.എമ്മിൽ അഥവാ വ്യത്യസ്ത നിലപാടുകൾ മുന്നോട്ടു വെക്കുകയും മത്സരിക്കാൻ തയാറാകുകയും ചെയ്യുന്നവരുടെ ഭാവി എന്തായിരിക്കുമെന്നതിന് എത്രയോ ഉദാഹരണങ്ങൾ. ഇപ്പോൾ നടക്കുന്ന സി.പി.ഐ സമ്മേളനങ്ങളിൽ ചില ജില്ലകളിൽ തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ട്. എന്നാലതിനു പ്രധാന കാരണം ആശയപരമല്ല എന്നും ഗ്രൂപ്പിസമാണെന്നുമാണ് റിപ്പോർട്ടുകൾ.
കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇന്നു കോൺഗ്രസ് കടന്നു പോകുന്നത് എന്നത് വ്യക്തമാണ്. കോൺഗ്രസ് ഇന്നു നേരിടുന്ന പ്രതിസന്ധിയാകട്ടെ കേവലം ആ പാർട്ടിയുടേതല്ലെന്നും രാജ്യത്തിന്റേതാണെന്നും അന്ധമായി കോൺഗ്രസ് വിരോധവുമായി നടക്കുന്നവർക്കൊഴികെ ആർക്കും മനസ്സിലാകും. രാജ്യത്ത് മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യമുള്ളതും ഇരുപതു ശതമാനം വോട്ട് വിഹിതമുള്ളതുമായ പാർട്ടിയാണത്. ഇന്ത്യയെ പ്രതിപക്ഷമുക്തമായ ''ഭാരത''മാക്കാൻ ശ്രമിക്കുന്നവരുടെ ആദ്യ ടാർഗറ്റ് സ്വാഭാവികമായും കോൺഗ്രസ് തന്നെ. അതിനാൽ തന്നെ കോൺഗ്രസിനെ തകർക്കാൻ എല്ലാവിധ ജനാധിപത്യ വിരുദ്ധ മാർഗങ്ങളുമാണ് സംഘപരിവാറും കേന്ദ്ര ഭരണകൂടവും സ്വീകരിക്കുന്നത്. അത് കോടികളിറക്കി നേതാക്കളെ ചാക്കിട്ടു പിടിക്കുന്നതും സംസ്ഥാന സർക്കാരുകളെ തകർക്കുന്നതും മുതൽ കേന്ദ്ര ഏജൻസികളുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ പെടുത്തുകയും വരെയെത്തി നിൽക്കുന്നു. എന്തൊക്കെ പറഞ്ഞാലും കോൺഗ്രസിന്റെ പ്രധാന രാഷ്ട്രീയ മൂലധനമായ നെഹ്റു കുടുംബത്തിന്റെ വിശ്വാസത്തെ തകർക്കാനും നീക്കം നടക്കുന്നു. നിർഭാഗ്യവശാൽ ഇതിനോടൊന്നും ക്രിയാത്മകമായി പ്രതികരിക്കാൻ കോൺഗ്രസിനാകുന്നില്ല എന്നു മാത്രമല്ല, രാഹുൽ ഗാന്ധിയടക്കമുള്ളവരെ രൂക്ഷമായി വിമർശിച്ച് ഗുലാം നബി ആസാദിനെ പോലുള്ള സീനിയർ നേതാക്കൾ പോലും പാർട്ടി വിടുന്നതുവരെ കാര്യങ്ങൾ എത്തിയിരിക്കുന്നു. അച്ചടക്കത്തോടെയുള്ള നീണ്ട കാത്തിരിപ്പിന് ശേഷവും ജനാധിപത്യ രീതിയിൽ പാർട്ടിക്കുള്ളിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ നടത്തിയ നിരന്തര ശ്രമങ്ങൾ സമ്പൂർണമായി പരാജയപ്പെട്ടപ്പോഴാണ് ഗുലാം നബി ആസാദും കപിൽ സിബലുമൊക്കെ പുറത്തു പോകുന്നതെന്ന് പറയുന്നത് ശരിയായിരിക്കാം. എങ്കിലും ഈ ആസുര കാലത്ത് ഇത്തരം നടപടി രാഷ്ട്രീയമായി ശരിയാണോ എന്ന ചോദ്യം അവശേഷിക്കുന്നു. സംഘപരിവാറിന് അവരുടെ രാഷ്ട്രീയ അജൻഡ എളുപ്പത്തിൽ പ്രാവർത്തികമാക്കാൻ കഴിയുമെന്നതാണ് ഇതിന്റെയെല്ലാം അന്തിമഫലം.
ഇത്തരമൊരു സാഹചര്യത്തിലാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പു വരുന്നു എന്നും നെഹ്റു കുടുംബം അതിൽ നിന്നു മാറിനിൽക്കുമെന്നുമുള്ള വാർത്ത വന്നിരിക്കുന്നത്. തീർച്ചയായും സ്വാഗതാർഹമായ നീക്കമാണത്. പാർട്ടിയെ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ രാഹുലിന്റെ നേതൃത്വത്തിൽ ഭാരത പര്യടനം ആരംഭിക്കാനിരിക്കുമ്പോഴാണ് ഈ തീരുമാനവും വന്നിരിക്കുന്നത്. തീർച്ചയായും ഈ യാത്രയും അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും അതിനുള്ള തയാറെടുപ്പുമെല്ലാം പാർട്ടിയെ സജീവമാക്കുമെന്നു കരുതാം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മത്സര രംഗത്തുണ്ടാകുമെന്നും വിജയിക്കുമെന്നുമാണ് പൊതുവിലുള്ള വിലയിരുത്തൽ. ജി23 ൽ നിന്ന് ശശി തരൂരോ മനീഷ് തിവാരിയോ മത്സര രംഗത്തുണ്ടാകുമെന്നും കരുതപ്പെടുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആരോഗ്യകരമായ മാർഗമായിരിക്കുമെന്നും വർക്കിംഗ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പു നടത്തണമെന്നുമുള്ള ശശി തരൂരിന്റെ അഭിപ്രായം ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രസക്തമാണ്. ഏറെ വൈകിയാണെങ്കിലും നേതൃത്വം ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നു വേണം കരുതാൻ.
എന്തൊക്കെയായാലും ഫാസിസത്തെ തടയാനുള്ള ഒരു രാഷ്ട്രീയമുന്നേറ്റം രാജ്യത്തുണ്ടാകുകയാണെങ്കിൽ അതിന്റെ നിർണായക ശക്തിയാകാൻ കോൺഗ്രസിനേ കഴിയൂ. തീർച്ചയായും സംഘടനാപരമായ ചില നടപടികൾ കൊണ്ട് നേടാവുന്ന ലക്ഷ്യമല്ല ഇത്. രാഷ്ട്രീയമായ പല തിരുത്തലുകളും അനിവാര്യമാണ്. അതിലേറ്റവും പ്രധാനം ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള നിലപാടു തന്നെയാണ്. രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെടുന്നതിൽ കോൺഗ്രസിന്, പ്രത്യേകിച്ച് രാജീവ് ഗാന്ധിയുടെ കാലം മുതലെങ്കിലും, വലിയ പങ്കുണ്ടെന്ന വിമർശനം തള്ളിക്കളയാവുന്നതല്ല. ഒരു ഘട്ടത്തിൽ ഹിന്ദുത്വ പ്രീണനത്തിനായി ബി.ജെ.പിയോട് കോൺഗ്രസ് മത്സരിക്കുകയും ചെയ്തു. സ്വാഭാവികമായും വിജയം തീവ്രഹിന്ദുത്വ വാദികൾക്കായി. ഈ വിഷയത്തിൽ ഇനിയെങ്കിലും സമ്പൂർണമായൊരു പുനഃപരിശോധനക്ക് പാർട്ടി തയാറാകണം. മൃദുഹിന്ദുത്വമെന്നു വിശേഷിക്കപ്പെടുന്ന നിലപാടുകൾ ഉപേക്ഷിച്ച് ജനാധിപത്യത്തിനും മതേതരത്വത്തിനും സാമൂഹ്യ നീതിക്കും ഫെഡറലിസത്തുനുമായുള്ള ശക്തമായ നിലപാടെടുക്കണം. അതിലൊരു വിട്ടുവീഴ്ചയുമരുത്. എങ്കിൽ ഇപ്പോഴും നാൽപതു ശതമാനത്തിൽ താഴെ മാത്രം വോട്ട് വിഹിതമുള്ള ബി.ജെ.പിയുടെ രഥയാത്ര പിടിച്ചുകെട്ടാനുള്ള മുന്നേറ്റത്തിന് നേതൃത്വം കൊടുക്കാൻ കോൺഗ്രസിനാകും. അതിനുള്ള ആർജവം അവർക്കുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.






