ലഹരിയിലമരുന്ന ഇളംതലമുറ

കുടുംബത്തിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും സുരക്ഷ സംവിധാനങ്ങളിൽ നിന്നും ജാഗ്രതയോടെയുള്ള ഇടപെടൽ ഉണ്ടാകുന്നതോടൊപ്പം മയക്കുമരുന്ന് വിതരണ ശൃംഖലകളെ കണ്ടെത്തി ഉചിതമായി കൈകാര്യം ചെയ്യാൻ സർക്കാരും ഉണർന്നു പ്രവർത്തിക്കണം. അല്ലെങ്കിൽ അധികം വൈകാതെ തന്നെ നമ്മുടെ വിദ്യാലയങ്ങൾ മയക്കുമരുന്ന് വിപണികളുടെ ഉത്സവപ്പറമ്പാകും. നമ്മുടെ മക്കൾ നമ്മുടേതുമല്ലാതെ ആയിത്തീരും. 


സാക്ഷര കേരളത്തിൽ സ്‌കൂൾ കുട്ടികളും കോളേജ് വിദ്യാർത്ഥികളും മാരക ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് വർധിക്കുന്നതായുള്ള വാർത്തകൾ ആശങ്ക ജനിപ്പിക്കുന്നതാണ്. കോഴിക്കോട് പട്ടണത്തിൽ വിദ്യാർഥിനികളടമുള്ളവരെ പോലീസ് പിടികൂടിയത് ലഹരി ഉപയോഗത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. അമിതമായ മദ്യപാനം മൂലം മൂന്നാം ക്ലാസുകാരൻ മരണപ്പെട്ടതും മറ്റൊരു പത്താം ക്ലാസുകാരൻ അത്യാസന്ന നിലയിലായതും ഏതാനും മാസങ്ങൾക്ക് മുമ്പാണ്. നമ്മുടെ യുവത്വത്തെപ്പോലെ ബാല്യവും ലഹരിയിലമരുകയാണന്നാണ് ഇത്തരം സംഭവങ്ങൾ വെളിവാക്കുന്നത്. സംസ്ഥാനത്ത് നിരോധിത ലഹരി മരുന്നുകളുടെ ഉപയോഗം വലിയ തോതിൽ വർധിക്കുകയാണ്. സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ മാരക ലഹരി മരുന്നായ എം.ഡി.എം.എ ഉപയോഗം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. 
എക്സൈസ് പിടികൂടുന്ന ലഹരി മരുന്നുകളുടെ 20 ഇരട്ടിയിലധികം ലഹരി മരുന്നാണ് യഥാർത്ഥത്തിൽ കേരളത്തിലേക്ക് ഒഴുകുന്നത്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളായ പെൺകുട്ടികളുടെ ഇടയിൽ പോലും മാരക ലഹരി മരുന്നിന്റെ ഉപയോഗം വർധിക്കുന്നു എന്നതാണ് ആശങ്കാജനകം. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളാണ് ലഹരി മരുന്ന് മാഫിയയുടെ കെണിയിൽ വീഴുന്നതിൽ ഭൂരിപക്ഷവും. തമാശക്കു വേണ്ടിയാണ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ലഹരി ഉപയോഗിച്ച് തുടങ്ങുന്നതെങ്കിലും പിന്നെ അതിന് അടിമകളായി മാറുകയാണ്. സംസ്ഥാനത്ത് പിടിയിലായ നൂറോളം മയക്കുമരുന്ന് കച്ചവടക്കാരിൽ തൊണ്ണൂറ് പേരും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിറ്റിരുന്നതെന്ന വെളിപ്പെടുത്തൽ അറിയുമ്പോഴാണ് നമ്മുടെ കുട്ടികൾക്ക് മുന്നിൽ പതിയിരിക്കുന്ന അപകടത്തിന്റെ ഭീകരത മനസ്സിലാകുന്നത്.

എക്സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ പിടികൂടിയത് 15 കിലോയോളം എം.ഡി.എം.എയാണ്. കൂടാതെ ലഹരി മരുന്നുമായി പിടിയിലാകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർധനയുണ്ട്.
മുമ്പെല്ലാം കഞ്ചാവ് പോലുള്ള ലഹരികളെപ്പറ്റി മാത്രമേ ധാരണയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ എം.ഡി.എം.എ ഉൾപ്പെടെയുള്ളവ സജീവമായി വിൽക്കപ്പെടുന്നു. ഒരു കിലോ എം.ഡി.എം.എയുടെ വിപണി മൂല്യം അഞ്ചരക്കോടിയോളം വരും. അതിന് നല്ലൊരു മാർക്കറ്റായി കേരളം മാറി. വളരെ ചെറിയ പ്രായത്തിൽ തന്നെ ലഹരി മരുന്ന് ഉപയോഗിച്ച് തുടങ്ങിയവരാണ് പിടിക്കപ്പെടുന്നവരിൽ ഏറെയും. സുഹൃത്തുക്കൾ മുഖേനയാണ് ഭൂരിപക്ഷവും ലഹരി മരുന്നുകളിലേക്കെത്തുന്നത്. എം.ഡി.എം.എ പോലുള്ളവ ഉപയോഗിക്കുമ്പോൾ വലിയ ഊർജം ലഭിച്ചെന്ന് പ്രചരിപ്പിച്ചാണ് പലരും ലഹരി ഉപയോഗിച്ച് തുടങ്ങുന്നത്.
പുതിയ തലമുറയിലെ ലക്ഷക്കണക്കിന് കുട്ടികളാണ് ലഹരിയെന്ന മാരക വിപത്തിന് ഇരയാകുന്നത്. അവർക്കിടയിലെല്ലാം മയക്കുമരുന്നിനെതിരായ ബോധവത്കരണം സംഘടിപ്പിക്കേണ്ടതുണ്ട്. കൊലപാതകങ്ങളുടെ കാര്യത്തിലും ആത്മഹത്യയുടെ കാര്യത്തിലുമെല്ലാം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം കാണാം. മക്കളുടെ നല്ല ഭാവിയും സംസ്‌കാര സമ്പന്നതയും ആഗ്രഹിച്ചാണ് രക്ഷിതാക്കൾ അവരെ കലാലയങ്ങളിലേക്കയക്കുന്നത്. എന്നാൽ എല്ലാ ദുഷിച്ച ശീലങ്ങളുടെയും ജീർണിത സംസ്‌കാരത്തിന്റെയും വക്താക്കളായാണ് നല്ലൊരു പങ്കും തിരിച്ചെത്തുന്നത്.
മാതാപിതാക്കളുടെ അശ്രദ്ധയും മക്കളെ സംബന്ധിച്ച അവരുടെ അതിരു കവിഞ്ഞ ആത്മവിശ്വാസവുമാണ് വിദ്യാർഥികൾ വഴിതെറ്റുന്നതിന് പ്രധാന കാരണം. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ കുട്ടികൾക്കായി സമയം മാറ്റിവെക്കാൻ സാധിക്കാത്ത രക്ഷിതാക്കൾ അതിനു പ്രായശ്ചിത്തം തീർക്കുന്നത് മക്കൾക്ക് നല്ലൊരു സംഖ്യ പോക്കറ്റ് മണി നൽകിയാണ്. കുട്ടികൾ ഇതെങ്ങനെ ചെലവഴിക്കുന്നുവെന്ന് അവർ അന്വേഷിക്കാറില്ല. അഥവാ കുട്ടികളിൽ ദുശ്ശീലങ്ങൾ കണ്ടുവരുന്നതായി സദുദ്ദേശ്യത്തോടെ ആരെങ്കിലും ഉണർത്തിയാൽ അതുൾക്കൊള്ളാൻ പല രക്ഷിതാക്കളും വിമുഖത കാണിക്കുകയും ചെയ്യുന്നു. തങ്ങളുടെ കുട്ടികൾ അതൊന്നും ചെയ്യില്ലെന്ന ആത്മവിശ്വാസത്തിൽ അവർ വഞ്ചിതരാകുകയാണ്.
സ്‌കൂൾ തലം മുതലുള്ള നിരന്തര ബോധവത്കരണം, സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നിരന്തര പ്രചാരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കലാലയാധികൃതരുടെയും നിയമ പാലകരുടെയും സജീവ നിരീക്ഷണം തുടങ്ങി സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഈ വിപത്തിനെ തടയാൻ കഴിയൂ. രക്ഷിതാക്കളുടെ നിതാന്ത ജാഗ്രതയും ഇക്കാര്യത്തിൽ അനിവാര്യമാണ്. സാഹചര്യമാണ് പലപ്പോഴും കുട്ടികളെ തെറ്റിലേക്ക് നയിക്കുന്നത്. അനിയന്ത്രിതമായ കൂട്ടുകെട്ട്, രക്ഷാകർത്താക്കളുടെ നിയന്ത്രണമില്ലായ്മ, ആവശ്യത്തിലേറെയുള്ള പണം, ഉത്തരവാദിത്തമില്ലായ്മ എന്നിവയൊക്കെയാണ് പുതുതലമുറയിലെ ദുശ്ശീലങ്ങൾക്ക് കാരണമെന്ന വസ്തുത രക്ഷിതാക്കൾ ഓർത്തിരിക്കേണ്ടതുണ്ട.്
കുടുംബത്തിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും സുരക്ഷ സംവിധാനങ്ങളിൽ നിന്നും ജാഗ്രതയോടെയുള്ള ഇടപെടൽ ഉണ്ടാകുന്നതോടൊപ്പം മയക്കുമരുന്ന് വിതരണ ശൃംഖലകളെ കണ്ടെത്തി ഉചിതമായി കൈകാര്യം ചെയ്യാൻ സർക്കാരും ഉണർന്നു പ്രവർത്തിക്കണം. അല്ലെങ്കിൽ അധികം വൈകാതെ തന്നെ നമ്മുടെ വിദ്യാലയങ്ങൾ മയക്കുമരുന്ന് വിപണികളുടെ ഉത്സവപ്പറമ്പാകും. നമ്മുടെ മക്കൾ നമ്മുടേതുമല്ലാതെ ആയിത്തീരും.  ഒരു തലമുറ തന്നെ അപകടത്തിലേക്ക് ചാടാതിരിക്കണമെങ്കിൽ നല്ല രീതിയിലുള്ള ബോധവത്കരണം യുവതീയുവാക്കൾക്കിടയിൽ നടത്തേണ്ടതുണ്ട്. അത് വിദ്യാർത്ഥികളിൽ നിന്ന് ആരംഭിക്കണം. കേരളീയ സമൂഹവും ഭരണകൂടവും ഒറ്റക്കെട്ടായി ഇനിയെങ്കിലും മാരക ലഹരിക്ക് തടയിട്ടില്ലെങ്കിൽ ഭാവിതലമുറ നാശത്തിലേക്ക് പതിക്കുമെന്ന് ഉറപ്പാണ്.

Latest News