ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന. പ്രതിസന്ധി മറികടക്കാന്‍ കഴിയാത്തതോടെയാണ് രാഹുലിലേ്ക്ക് വീണ്ടും ചര്‍ച്ചകള്‍ എത്തുന്നത്. വിദേശത്തുനിന്ന് ശനിയാഴ്ച തിരിച്ചെത്തുന്ന രാഹുലുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തും.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കാം എന്നായിരുന്നു ഗാന്ധികുടുംബത്തിന്റെ ആലോചന. എന്നാല്‍ ഗെഹലോട്ട് ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചത് അംഗീകരിക്കാന്‍ നേതൃത്വത്തിന് ബുദ്ധിമുട്ടുണ്ടായി. മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കുകയോ വേണമെന്നത് അടക്കമുള്ള നിബന്ധനകള്‍ അംഗീകരിച്ചാല്‍ അത് രാജസ്ഥാനിലെ പാര്‍ട്ടിയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ജി-23 ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് ശശി തരൂരോ, മനീഷ് തിവാരിയോ മത്സരിക്കും. രാജ്യത്തെ പല ഭാഗത്തുനിന്നും തരൂരിന് പിന്തുണ ലഭിക്കുന്നുണ്ട്. ഒപ്പം, വോട്ടര്‍ പട്ടിക സംബന്ധിച്ച സംശയങ്ങളും ഉയരുന്നു. രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ താന്‍ രംഗത്തുണ്ടാവില്ലെന്ന സൂചന നേരത്തേതന്നെ തരൂര്‍ നല്‍കിയിരുന്നു.