Sorry, you need to enable JavaScript to visit this website.

ചൈനയുടെ പേരുപറയാന്‍ ഐ.എന്‍.എസ് വിക്രാന്ത് മോഡിക്ക് ധൈര്യം നല്‍കട്ടെ-ഉവൈസി

ഹൈദരാബാദ്- ചൈനയുടെ പേരു പറയാന്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നേരന്ദ്ര മോഡിയെ സഹായിക്കട്ടെയെന്ന് ആശംസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ പ്രധാനമന്ത്രി കൊച്ചിയില്‍ കമ്മീഷന്‍ ചെയ്തതിനു പിന്നാലെയാണ് ഉവൈസിയുടെ പരിഹാസം. പാര്‍ലമെന്റില്‍ ചൈനയുടെ പേരെടുത്തു പറയാന്‍ ഇത് പ്രധാനമന്ത്രിക്ക് ശക്തി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സമുദ്ര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ 200 കപ്പലുകള്‍ ആവശ്യമാണെന്നും എന്നാല്‍ 130 കപ്പലുകള്‍ മാത്രമാണുള്ളതെന്നും ഉവൈസി കുറ്റപ്പെടുത്തി. ഉവൈസിയുടെ പ്രസ്താവനയോട് ബി.ജെ.പി ശക്തമായി പ്രതികരിച്ചു.  
പ്രകോപനമുണ്ടാക്കുന്നതും വ്യാജവുമായ പ്രസ്താവനയാണിതെന്നും  ദേശീയ താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ സംസ്‌കാരത്തോടെ പ്രതികരിക്കാന്‍ ഉവൈസി തയാറാകണമെന്നും ബി.ജെ.പി പ്രതികരിചച്ു.
നമ്മുടെ രാജ്യത്തെ 10 ഗ്രാമങ്ങള്‍ കൈവശപ്പെടുത്തിയ ചൈനയെക്കുറിച്ച് സംസാരിക്കാന്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി മോഡിക്ക് ധൈര്യം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

തെലങ്കാന ബി.ജെ.പി വക്താവ് എന്‍വി സുഭാഷ് ഉവൈസിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു.
10 പ്രദേശങ്ങള്‍ ചൈന കൈയടക്കുന്നു, മോഡി സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല തുടങ്ങിയ പ്രകോപനപരവും തെറ്റായതുമായ പ്രസ്താവനകളാണ് ഉവൈസി നടത്തുന്നത്. ാജ്യത്തെ അഭിനന്ദിക്കുന്നതിന് പകരം നിഷേധാത്മകത പ്രചരിപ്പിക്കുന്ന തന്റെ പതിവ് നിലപാടിലാണ് ഉവൈസി.  രാഷ്ട്രീയ നിലപാടുകള്‍ തിരുത്തി രാജ്യത്തിന്റെ വിജയത്തില്‍ സന്തോഷിക്കാന്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

എഐഎംഐഎമ്മും അതിന്റെ നേതാക്കളും എല്ലായ്‌പ്പോഴും സംഘര്‍ഷമുണ്ടാക്കുന്ന മാനസികാവസ്ഥയിലാണ്. മതത്തിന്റെ പേരിലും അല്ലാത്തതിന്റെ പേരിലും മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നു. 2017ല്‍ ദോക്‌ലാമില്‍ ചൈനയെ തടഞ്ഞത് ഇതേ സര്‍ക്കാരാണെന്ന് മോഡി സര്‍ക്കാര്‍ ചൈനയ്‌ക്കെതിരെ സ്വീകരിച്ച നടപടികള്‍ നിരത്തി അദ്ദേഹം ഉവൈസിയെ ഓര്‍മ്മിപ്പിച്ചു.
2020ല്‍ രാജ്യത്ത് 273 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് മോഡി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News