Sorry, you need to enable JavaScript to visit this website.

ജയിലിൽ എട്ടുമാസം; ഞാൻ കുറ്റവാളിയാണോ-ഡോ.കഫീൽ ഖാന്റെ ചോദ്യം

കഫീല്‍ ഖാന്റെ ഭാര്യ പത്രസമ്മേളനം നടത്തുന്നു.

ഗോരഖ്പൂരിലെ സർക്കാർ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ കുട്ടികൾ മരിച്ച സംഭവത്തിൽ യു.പി സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന ഡോ. കഫീൽ ഖാൻ തന്റെ ദയനീയാവസ്ഥ വിവരിച്ച് തുറന്ന കത്തെഴുതി. കഫീൽ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പ്രോസിക്യൂഷൻ മനപൂർവ്വം വൈകിപ്പിക്കുകയാണെന്ന് കഫീൽ ഖാന്റെ ഭാര്യ ഡോ. സബ്‌സിത കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഗോരഖ്പൂരിലെ ആശുപത്രിയിലെ ദുരന്തത്തിൽ കൂടുതൽ കുട്ടികളെ മരണത്തിലേക്ക് പോകാതെ രക്ഷിച്ചത് എങ്ങിനെയാണെന്നും അതിന് ശേഷം മുഖ്യമന്ത്രി ആദിത്യനാഥ് തന്നോട് പെരുമാറിയതിനെ പറ്റിയും കഫീൽ ഖാൻ കത്തിൽ വിശദീകരിക്കുന്നു. സത്യം ജയിക്കുമെന്നും നീതി പുലരുമെന്നും പ്രത്യാശിച്ചാണ് കഫീൽ ഖാൻ കത്ത് അവസാനിപ്പിക്കുന്നത്. കഫീൽ ഖാന്റെ കത്തിന് ഡോ. നെൽസൺ ജോസഫിന്റെ പരിഭാഷ. എട്ടുമാസമായി നീതി നിഷേധിക്കപ്പെട്ട് കഴിയുന്ന ഒരാൾക്കൊപ്പം നിൽക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ഡോ. നെൽസൺ ജോസഫിന്റെ പരിഭാഷ.

കഫീൽ ഖാന്റെ കത്തിന്റെ പരിഭാഷ വായിക്കാം...

ഇരുമ്പഴികൾക്ക് പിന്നിലെ എട്ടുമാസത്തെ അസഹനീയമായ പീഢനങ്ങൾക്കും അപമാനങ്ങൾക്കും ശേഷവും ഓരോ നിമിഷവും ഓരോ സീനുകളും ഇപ്പോൾ എന്റെ കൺമുന്നിൽ നടക്കുന്നതുപോലെ ഓർമിക്കുന്നു. ചിലപ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്, ' ഞാൻ ശരിക്കും കുറ്റവാളിയാണോ? '. എന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ നിന്ന് അതിന്റെ ഉത്തരം ഉയർന്നുവരും.  ഒരു വലിയ 'അല്ല'
2017 ഓഗസ്റ്റ് 10. ആ ദുരന്തരാത്രിയിൽ എനിക്ക് വാട്‌സാപ് മെസേജ് കിട്ടിയ നിമിഷത്തിൽ ഞാൻ എന്നാൽ കഴിയുന്നത്, ഒരു ഡോക്ടർ, ഒരു അച്ഛൻ, ഒരു ഉത്തരവാദിത്വമുള്ള ഇന്ത്യക്കാരൻ ചെയ്യുന്നതെല്ലാം ചെയ്തിരുന്നു.
ലിക്വിഡ് ഓക്‌സിജൻ പെട്ടെന്ന് നിർത്തിയത് മൂലം ജീവൻ അപകടത്തിലായ ഓരോ കുരുന്നിനെയും രക്ഷിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. ഓക്‌സിജനില്ലാതെ മരിച്ചുകൊണ്ടിരുന്ന ആ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിക്കാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ പ്രയത്‌നിച്ചു. ഞാൻ ഭ്രാന്തമായി എല്ലാവരെയും വിളിച്ചു, യാചിച്ചു, സംസാരിച്ചു, ഓടി, വാഹനമോടിച്ചു, ആജ്ഞാപിച്ചു, അലറിവിളിച്ചു, മുറവിളികൂട്ടി, ആശ്വസിപ്പിച്ചു, ഉപദേശിച്ചു, പണം ചിലവാക്കി, കടം വാങ്ങി, കരഞ്ഞു....മനുഷ്യസാദ്ധ്യമായതെല്ലാം ചെയ്തു.

Image result for dr kafeel
ഞാൻ എന്റെ ഡിപ്പാർട്ട്‌മെന്റിന്റെ തലവനെയും എന്റെ സഹപ്രവർത്തകരെയും ബി.ആർ.ഡി പ്രിൻസിപ്പലിനെയും ആക്ടിംഗ് പ്രിൻസിപ്പലിനെയും ഗോരഖ്പൂരിലെ ജില്ലാ മജിസ്‌ട്രേറ്റിനെയും ഗോരഖ്പൂരിലെ ആരോഗ്യവിഭാഗത്തെ അഡീഷണൽ ഡയറക്ടറെയും തുടങ്ങി എല്ലാവരെയും വിളിച്ചു.   പൊടുന്നനെ ഓക്‌സിജൻ നിർത്തിയതുമൂലം ഉണ്ടായ ഗുരുതരമായ അവസ്ഥയെക്കുറിച്ച് അറിയിച്ചു. കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് അറിയിച്ചു. (എന്റെ കയ്യിൽ കോൾ റെക്കോഡുകളുണ്ട്)
ഞാൻ ഗ്യാസ് സപ്ലയേഴ്‌സിനെ  മോഡി ഗ്യാസ്, ബാലാജി, ഇമ്പീരിയൽ ഗ്യാസ്, മയൂർ ഗ്യാസ് ഏജൻസി, ബി.ആർ.ഡി മെഡിക്കൽ കോളജിനടുത്തുള്ള ആശുപത്രികൾ  വിളിച്ച് അവരോട് നൂറുകണക്കിനു നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ഗ്യാസ് സിലിണ്ടറുകൾക്കായി യാചിച്ചു.
ഞാൻ അവർക്ക് പണം നൽകി, അതിനു ശേഷം ബാക്കി പണം സിലിണ്ടറുകൾ ലഭിക്കുമ്പോൾ നൽകാമെന്ന് ഉറപ്പുനൽകി. (ഞങ്ങൾ ലിക്വിഡ് ഓക്‌സിജൻ ടാങ്ക് എത്തുന്നത് വരെ 250 ജംബോ സിലിണ്ടറുകൾ അറേഞ്ച് ചെയ്തിരുന്നു. ഒരു ജംബോ സിലിണ്ടറിന് 216 രൂപയാണ്)
ഞാൻ ഒരു ക്യൂബിക്കിളിൽനിന്ന് അടുത്തതിലേക്ക്, വാർഡ് 100ൽ നിന്ന് വാർഡ് 12 ലേക്കും എമർജൻസി വാർഡിലേക്കും, ഒരു ഓക്‌സിജൻ സപ്ലൈ പോയിന്റിൽ നിന്ന് അടുത്തതിലേക്കും ഓടി. തടസമില്ലാത്ത ഓക്‌സിജൻ വിതരണം ഉണ്ടെന്ന് ഉറപ്പുവരുത്തി.
ഞാൻ ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാനായി അടുത്തുള്ള ആശുപത്രികളിലേക്ക് കാറിൽ െ്രെഡവ് ചെയ്തുപോയി. അത് പോരാതെ വരുമെന്ന് തോന്നിയപ്പോൾ ഞാൻ ആംഡ് ബോർഡർ ഫോഴ്‌സിലേക്ക് ചെന്നു. അതിന്റെ ഡി.ഐ.ജിയെ കണ്ട് അദ്ദേഹത്തോട് ദയനീയാവസ്ഥ വിശദീകരിച്ചു. അവരുടെ അനുകൂലമായ പ്രതികരണം പെട്ടെന്നായിരുന്നു. അവർ ഒരു വലിയ ട്രക്കും ഒരു കൂട്ടം സൈനികരെയും വിട്ടുതന്നു. സൈനികർ ഗ്യാസ് ഏജൻസിയിൽനിന്ന് ബി.ആർ.ഡിയിലേക്ക് സിലിണ്ടറുകൾ നിറച്ച് എത്തിക്കുകയും കാലി സിലിണ്ടറുകൾ തിരിച്ചെത്തിക്കാനായി ഓടുകയും ചെയ്തു.
അവർ 48 മണിക്കൂർ തുടർച്ചയായി പ്രവർത്തിച്ചു. അവരുടെ ആത്മവീര്യം ഞങ്ങളുടേതും വർദ്ധിപ്പിച്ചു. ഞാൻ അവരെ സല്യൂട്ട് ചെയ്യുന്നു. അവരുടെ സഹായത്തിന് എന്നും നന്ദിയുള്ളവനായിരിക്കും.
ജയ് ഹിന്ദ്

Image result for dr kafeel
ഞാൻ എന്റെ ജൂണിയർ/സീനിയർ ഡോക്ടർമാരോട് സംസാരിച്ചു. എന്റെ സ്റ്റാഫിനോട് സംസാരിച്ചു. ' ആരും പരിഭ്രാന്തരാവുകയോ ഹതാശരാവുകയോ ചെയ്യരുത്. അസ്വസ്ഥരായ മാതാപിതാക്കളോട് ദേഷ്യപ്പെടരുത്. വിശ്രമിക്കുകയുമരുത്. നമുക്ക് ഒരു ടീമായി ജോലി ചെയ്താലേ എല്ലാവരെയും ചികിൽസിക്കാനും എല്ലാ ജീവനും രക്ഷപ്പെടുത്താനുമാവൂ. '
ഞാൻ കുട്ടികൾ നഷ്ടപ്പെട്ട ദുഖാർത്തരായ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. കുട്ടികൾ മരിച്ച, അസ്വസ്ഥരായ, ദേഷ്യപ്പെട്ട് തുടങ്ങിയിരുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒരുപാട് ആശയക്കുഴപ്പം നിലനിന്നിരുന്നു. അവരോട് ഞാൻ ലിക്വിഡ് ഓക്‌സിജൻ തീർന്നിരിക്കുകയാണെന്നും ഓക്‌സിജൻ സിലിണ്ടറുകൾ വച്ച് അത് നികത്താൻ ശ്രമിക്കുകയാണെന്നും വിശദീകരിച്ചു.
ഞാൻ എല്ലാവരോടും ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടു. ഞാൻ കരഞ്ഞു, യഥാർഥത്തിൽ ടീമിലെ എല്ലാവരും കരഞ്ഞിരുന്നു. കൃത്യസമയത്ത് കുടിശിക നൽകാതിരുന്ന ഒരു ഭരണപരാജയം വരുത്തിവച്ച നാശം കണ്ട്.  അതുണ്ടാക്കിയ ദുരന്തം കണ്ട്.
പിറ്റേന്ന് (13/08/2017)  1:30 നു ലിക്വിഡ് ഓക്‌സിജൻ ടാങ്ക് എത്തുന്നത് വരെ ഞങ്ങൾ വിശ്രമിച്ചതേയില്ല. 
പക്ഷേ എന്റെ ജീവിതം കീഴ്‌മേൽ മറിഞ്ഞത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്ത ദിവസം വന്നതോടെയാണ്. അദ്ദേഹം ചോദിച്ചു. 'അപ്പോൾ നിങ്ങളാണ് ഡോ.കഫീൽ അല്ലേ? നിങ്ങളാണോ സിലിണ്ടറുകൾ അറേഞ്ച് ചെയ്തത്? '
ഞാൻ പറഞ്ഞു . ' അതേ സർ '
അദ്ദേഹം ദേഷ്യപ്പെട്ടു. ' അപ്പോൾ നിങ്ങൾ കരുതുന്നത് സിലിണ്ടറുകൾ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം..'
യോഗിജി ദേഷ്യപ്പെടാൻ കാരണമുണ്ട്. ഈ വാർത്ത മാധ്യമങ്ങളിൽ വന്നതെങ്ങിനെയാണെന്നുള്ളതുകൊണ്ട്. ഞാൻ അല്ലാഹുവിനെ മുൻനിർത്തി സത്യം ചെയ്യുന്നു. ഞാൻ അന്ന് രാത്രി ഒരു മാധ്യമപ്രവർത്തകനെയും വിവരമറിയിച്ചില്ല. അവർ അന്ന് രാത്രിതന്നെ അവിടെയുണ്ടായിരുന്നു.
പൊലീസ് എന്റെ വീട്ടിലേക്ക് വന്നു.  വേട്ടയാടി, ഭീഷണിപ്പെടുതി, എന്റെ കുടുംബത്തെ അവർ പീഢിപ്പിച്ചു. അവർ എന്നെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന് ആളുകൾ താക്കീത് ചെയ്തു. എന്റെ കുടുംബവും അമ്മയും ഭാര്യയും കുഞ്ഞുങ്ങളും ഭീതിയിലായിരുന്നു. എനിക്കവരെ ആശ്വസിപ്പിക്കാൻ വാക്കുകളുണ്ടായിരുന്നില്ല.
എന്റെ കുടുംബത്തെ അപമാനത്തിൽനിന്ന് രക്ഷിക്കാൻ ഞാൻ കീഴടങ്ങി. അപ്പോൾ ഞാൻ ഓർത്തിരുന്നത് ഞാൻ തെറ്റൊന്നും ചെയ്തില്ലെന്നും എനിക്ക് നീതി ലഭിക്കുമെന്നുമായിരുന്നു.
പക്ഷേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി  ആഗസ്റ്റ് 2017 തൊട്ട് ഏപ്രിൽ 2018 വരെ. ഹോളി വന്നു, ദസറ വന്നു, ക്രിസ്മസ് പോയി, പുതുവർഷം വന്നു, ദീപാവലി വന്നു. ഓരോ ദിവസവും ജാമ്യം കിട്ടുമെന്ന പ്രതീക്ഷയോടെ...അപ്പൊഴാണ് ഞങ്ങൾക്ക് മനസിലായത് നീതിന്യായവ്യവസ്ഥയും സമ്മർദ്ദത്തിലാണെന്ന് (അവരും അങ്ങനെ അറിയിച്ചു)

Image result for dr kafeel
ഉറങ്ങുന്നത് 150ലധികം തടവുകാരോടൊപ്പം ഒരു ഇടുങ്ങിയ മുറിയുടെ നിലത്താണ്. രാത്രിയിൽ ലക്ഷക്കണക്കിനു കൊതുകും പകൽ ആയിരക്കണക്കിന് ഈച്ചകളും. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കാൻ ശ്രമിച്ചുകൊണ്ട്, അർദ്ധനഗ്‌നനായി കുളിച്ച്, പൊട്ടിപ്പൊളിഞ്ഞ വാതിലുള്ള ടോയ്‌ലറ്റിലിരുന്ന്..ഞായറാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എന്റെ കുടുംബത്തെ കാത്തിരിക്കുന്നു.
എനിക്ക് മാത്രമല്ല. എന്റെ കുടുംബത്തിനും ജീവിതം നരകമാണ്. ഒരു തൂണിൽ നിന്ന് മറ്റൊന്നിലേക്ക് അവർക്ക് ഓടേണ്ടിവരുന്നു. പോലീസ് സ്‌റ്റേഷനിൽനിന്ന് കോടതിയിലേക്ക്, ഗോരഖ്പൂരിൽനിന്ന് അലഹബാദിലേക്ക്  നീതി ലഭിക്കാൻ...പക്ഷേ എല്ലാം പാഴായി..
എന്റെ കുഞ്ഞിന്റെ ആദ്യ പിറന്നാൾ എനിക്ക് ആഘോഷിക്കാൻ കഴിഞ്ഞില്ല. അവൾക്കിപ്പൊ ഒരു വയസും ഏഴു മാസവുമാണു പ്രായം. കുട്ടികളുടെ ഡോക്ടറെന്ന നിലയിൽക്കൂടി സ്വന്തം കുഞ്ഞ് വളരുന്നത് കാണാൻ കഴിയാത്തത് വളരെയധികം വേദനാജനകവും നിരാശാജനകവുമാണ്. ഒരു പീഡിയാട്രീഷനെന്ന നിലയിൽ മാതാപിതാക്കളെ വളർച്ചാഘട്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ മാതാപിതാക്കളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ എന്റെ കുഞ്ഞ് നടക്കാൻ തുടങ്ങിയോ, സംസാരിക്കുന്നുണ്ടോ, ഓടുന്നുണ്ടോ എന്നെനിക്കറിയില്ല.
വീണ്ടും ആ ചോദ്യം എന്നെ വേട്ടയാടുന്നു.  ഞാൻ യഥാർഥത്തിൽ കുറ്റവാളിയാണോ? അല്ല, അല്ല...അല്ല
2017 ഓഗസ്റ്റ് 10 നു ഞാൻ ലീവിലായിരുന്നു (എന്റെ മേധാവി അനുവദിച്ചിരുന്നത്). എന്നിട്ടും ഞാൻ എന്റെ കർത്തവ്യത്തിനായി ഓടിയെത്തി  അതാണോ തെറ്റ്?
അവരെന്നെ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്‌മെന്റും ബി.ആർ.ഡിയുടെ വൈസ് ചാൻസലറും 100 ബെഡുള്ള അക്യൂട്ട് എൻകെഫലൈറ്റിസ് സിൻഡ്രോം വാർഡിന്റെ ഇൻ ചാർജുമാക്കി. ഞാൻ അവിടത്തെ ഏറ്റവും ജൂനിയറായ ഡോക്ടറും 08/08/2016നു മാത്രം സ്ഥിരനിയമനം നേടിയയാളുമാണ്. അവിടത്തെ എൻ.ആർ.എച്ച്.എമ്മിന്റെ നോഡൽ ഓഫീസറും പീഡിയാട്രിക്‌സ് ലക്ചററുമാണ്. എന്റെ ജോലി പഠിപ്പിക്കലും കുട്ടികളെ ചികിൽസിക്കലും മാത്രമാണ്. ലിക്വിഡ് ഓക്‌സിജനോ സിലിണ്ടറോ വാങ്ങുന്നതിലോ ടെൻഡർ നൽകുന്നതിലോ അറ്റകുറ്റപ്പണി നടത്തുന്നതിലോ പണം നൽകുന്നതിലോ ഞാൻ പങ്കെടുക്കേണ്ടിയിരുന്നില്ല.
പുഷ്പ സെയിൽസ് ഓക്‌സിജൻ സപ്ലൈ നിർത്തിയതിനു ഞാനെങ്ങനെ ഉത്തരവാദിയാവും. മെഡിക്കൽ പശ്ചാത്തലമില്ലാത്തയാൾക്കുപോലും ഡോക്ടർമാർ ചികിൽസിക്കാനുള്ളവരാണ്, ഓക്‌സിജൻ വാങ്ങാനുള്ളവരല്ലെന്ന് മനസിലാകും.
കുറ്റവാളികൾ പുഷ്പ സെയിൽസിന്റെ 68 ലക്ഷം രൂപ കുടിശിക ആവശ്യപ്പെട്ടയച്ച 14 റിമൈൻഡറുകൾക്ക് മേൽ നടപടിയെടുക്കാതിരുന്ന ഗോരഖ്പൂരിലെ ഡി.എമ്മും മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറും ഹെൽത്ത് എജ്യുക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്.

Image result for dr kafeel
ഉയർന്ന നിലയിലെ ഒരു സമ്പൂർണ ഭരണപരാജയമായിരുന്നു അത്. അവർക്ക് പ്രശ്‌നത്തിന്റെ ആഴം മനസിലായില്ല. അവർ ഞങ്ങളെ ബലിയാടുകളാക്കി. ഗോരഖ്പൂരിന്റെ ജയിലിനുള്ളിൽ സത്യത്തെ തളച്ചിടാൻ
പുഷ്പ സെയിൽസിന്റെ ഡയറക്ടർ മനീഷ് ഭണ്ഡാരിക്ക് ജാമ്യം കിട്ടിയപ്പോൾ ഞങ്ങളും നീതി ലഭിക്കുമെന്നും എന്റെ വീട്ടുകാരോടൊത്ത് ജീവിക്കാനും സേവനം നടത്താനും കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.
പക്ഷേ ഇല്ല. ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്.
സുപ്രീം കോടതി പറയുന്നത് ജാമ്യം അവകാശവും ജയിൽ ഒഴിവാക്കലുമാണെന്നാണ്. എന്റെ കേസ് നീതിനിഷേധത്തിന്റെ ഉത്തമോദ്ദാഹരണമാണ്.
ഞാൻ സ്വതന്ത്രനായി എന്റെ കുടുംബത്തിന്റെയും മകളുടെയും കൂടെ ആയിരിക്കുന്ന സമയമുണ്ടാവുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. സത്യം തീർച്ചയായും വിജയിക്കും. നീതി നടപ്പാവും.
ഒരു നിസഹായനായ, ഹൃദയം തകർന്ന പിതാവ്, ഭർത്താവ്, സഹോദരൻ, മകൻ, സുഹൃത്ത്.
ഡോ.കഫീൽ ഖാൻ

Latest News