Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടികളെ പീഡിപ്പിച്ച മഠാധിപതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍;കോടതിയിലെത്തിച്ചത് വീല്‍ ചെയറില്‍

ബംഗളൂരു- വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കര്‍ണാടകയിലെ മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണാരുവിനെ പ്രാദേശിക കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബംഗളൂരുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ചിത്രദുര്‍ഗയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വീല്‍ചെയറിലാണ് വൈകിട്ട് കോടതിയിലെത്തിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ണാടകയില്‍ രാഷ്ട്രീയമായി ശക്തരായ ലിംഗായത്ത് സമുദായത്തിലെ മതനേതാവ് കൂടിയായ മഠാധിപതിയെ ചോദ്യം ചെയ്യാനായി അഞ്ച് ദിവസത്തേക്ക് വിട്ടുകിട്ടാനാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.
റിമാന്‍ഡ് ചെയ്ത പ്രതിയെ  ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ കാര്യം പോലീസിനെ അറിയിക്കാത്തതിനെ കോടതി വിമര്‍ശിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ അധികൃതരോട് നിര്‍ദേശിച്ചു.
കസ്റ്റഡിയിലുള്ള സ്വാമിക്ക് പോലീസ് വൈദ്യസഹായം ഉറപ്പാക്കണമെന്നും ആരോഗ്യനില വഷളായാല്‍ മാത്രമേ  ആശുപത്രിയില്‍ എത്തിക്കാവൂയെന്നും കോടതി പറഞ്ഞു.
മറ്റൊരു പ്രതിയായ രശ്മിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേര്‍ ഒളിവിലാണ്.
64 കാരനായ ശിവമൂര്‍ത്തി മുരുഗ ശരണരു പ്രധാന ലിംഗായത്ത് മതകേന്ദ്രങ്ങളിലൊന്നായ മുരുഗ മഠത്തിന്റെ തലവനാണ്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളാണ് ഇയാള്‍ക്കെതിരെ ബലാത്സംഗം ആരോപിച്ച് പരാതി നല്‍കിയത്.
പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടി ദളിത് വിഭാഗക്കാരി ആയതിനാല്‍ പോക്‌സോക്ക് പുറമെ  പട്ടികജാതിവര്‍ഗ വിഭാഗങ്ങളെ സംരക്ഷിക്കുന്ന നിയമവും ചുമത്തി.

 

Latest News