Sorry, you need to enable JavaScript to visit this website.

സൗദിയില്‍നിന്ന് പുതിയ പ്രതീക്ഷ; നിര്‍മാണ മേഖല ഉണരുന്നു

റിയാദ്- സൗദിയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന നിർമാണ മേഖല പ്രതിസന്ധിയിൽനിന്ന് കരകേറുന്നതായി റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി നിർമാണ കരാർ സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഈയിടെ ഗവൺമെന്റ് പ്രഖ്യാപിച്ച നിരവധി വികസന പദ്ധതികളാണ് നിർമാണ കരാർ മേഖലയെ ഉണർത്തിയതെന്ന് നാഷണൽ കോൺട്രാക്‌ടേഴ്‌സ് കമ്മിറ്റി പ്രസിഡന്റ് എൻജി. ഫഹദ് അൽ നസ്ബാൻ വ്യക്തമാക്കി. അനേകം പാർപ്പിട പദ്ധതികൾ, അൽഖദിയ്യ പ്രൊജക്ട്, നിയോം പദ്ധതി തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾ രാജ്യത്തിന് നൽകിയ ഉണർവ് ചെറുതല്ല. 
വൈകാതെ തന്നെ, നിർമാണ മേഖല മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ ആറ് ശതമാനം കൈവരിക്കുമെന്ന് എൻജി. ഫഹദ് അൽ നസ്ബാൻ സൂചിപ്പിച്ചു. മൂന്ന് ലക്ഷം സ്വദേശികൾ ജോലി ചെയ്യുന്ന മേഖലയിൽ 35,000 എൻജിനീയർമാരുണ്ട്. രാജ്യത്ത് രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ 20 ശതമാനം നിർമാണ മേഖലയിലാണ് പ്രവർത്തിക്കുന്നത്. 1,20,000 കരാർ നിർമാണ മേഖലാ സ്ഥാപനങ്ങളിലായി ആകെ 4.5 മില്യൺ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ദേശീയ വരുമാനം വർധിപ്പിക്കുന്നതിൽ മേഖലക്ക് നിർണായകമായ പങ്കുണ്ടെന്ന് വ്യക്തം. 
കരാർ മേഖല അഭിവൃദ്ധിപ്പെടുന്നത് വഴി നിർമാണ, പുനർനിർമാണ മേഖലകളും അനുബന്ധ സാമഗ്രികൾ വിൽപന നടത്തുന്ന മേഖലകളും ഉണരും. സൗദി അറേബ്യ സാമ്പത്തികമായി വളർച്ച കൈവരിച്ചതിന് ശേഷം നിർമാണ മേഖല ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിട്ടത് കഴിഞ്ഞ അഞ്ച് വർഷമായിരുന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ പകുതിയിൽ അധികം ഇടിവ് സംഭവിച്ചതാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണം. 
ദേശീയ വരുമാനം വലിയ തോതിൽ കുറഞ്ഞത് കരാർ മേഖല തകർച്ച നേരിട്ട കാലഘട്ടത്തിൽ തൊട്ടു മുമ്പുള്ള അഞ്ച് വർഷങ്ങളെ അപേക്ഷിച്ച് 70 ശതമാനമാണ് നിർമാണ പ്രവർത്തനങ്ങൾ കുറഞ്ഞത്. സർക്കാർ പദ്ധതികൾ നിർത്തിവെച്ചതാണ് ഇതിന് കാരണം. സൗദി വിപണിയിൽ നിർമാണ പദ്ധതികളുടെ അപര്യാപ്തത കാരണം നിരവധി സ്ഥാപനങ്ങൾ ഈ മേഖലയിൽ നിന്ന് പുറത്തുപോയി. നിർമാണ മേഖലയിലെ മന്ദതയും ആവശ്യകത കുറഞ്ഞതും കാരണം ഈ രംഗത്തെ ഉപകരണങ്ങളുടെയും സാമഗ്രികളുടെയും വിലയും പാടെ കുറഞ്ഞു. വികസന പദ്ധതികളിൽ ഭാഗഭാക്കായിരുന്ന, അനുഭവ സമ്പത്തും സാങ്കേതിക പരിജ്ഞാനവുമുണ്ടായിരുന്ന നിരവധി തൊഴിലാളികൾ ഈ കാലയളവിൽ സൗദി അറേബ്യയോട് വിട പറഞ്ഞു. നിക്ഷേപം ഇറക്കുന്നതിൽ നിന്ന് വൻകിട കമ്പനികൾ പിൻവലിഞ്ഞതും കരാർ നിർമാണ മേഖലയെ തളർത്തുന്നതിൽ ഒരു ഘടകമായി മാറിയെന്ന് നാഷണൽ കോൺട്രാക്‌ടേഴ്‌സ് കമ്മിറ്റി പ്രസിഡന്റ് വിശദീകരിച്ചു. 
പ്രതിസന്ധികളും തടസ്സങ്ങളുമെല്ലാം തരണം ചെയ്യാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ ഔത്സുക്യം കാണിച്ചതാണ് ദീർഘകാലമായി നേരിട്ട തകർച്ചയിൽ നിന്ന് കരാർ നിർമാണ മേഖല രക്ഷപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. കൂടാതെ, വികസന പദ്ധതിയിൽ മുതൽ മുടക്കാൻ നിരവധി സ്ഥാപനങ്ങൾ മുന്നോട്ട് വരികയും ചെയ്തു. സ്വദേശികളായ നിരവധി തൊഴിലാളികൾ ഈ മേഖലയിൽ സേവനം ചെയ്യുന്നത് സന്തോഷകരമാണെന്നും രാജ്യത്തിന്റെ പുരോഗതിയിൽ നിർണായകമാണെന്നും എൻജി. ഫഹദ് അൽ നസ്ബാൻ കൂട്ടിച്ചേർത്തു.
കോൺട്രാക്ടിംഗ് മേഖല കഴിഞ്ഞ അഞ്ച് വർഷം വരെ ക്രമാനുഗതമായി തകർച്ച നേരിട്ടു കൊണ്ടിരിക്കുകയായിരുന്നുവെന്ന് പ്രമുഖ റിയൽ എസ്റ്റേറ്റ് ഡിവലപ്‌മെന്റ് കമ്പനി ഉടമ ഖാലിദ് അൽ ജർബൂഅ് പറഞ്ഞു. നല്ല സമയത്ത്, 450 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരു വില്ല നിർമിക്കുന്നതിന് എട്ട് ലക്ഷം റിയാൽ ചെലവ് വന്നിരുന്നു. കെട്ടിട നിർമാണ സാമഗ്രികൾക്ക് വില നന്നെ കുറഞ്ഞതിനാൽ ഇതിൽ ഗണ്യമായ കുറവ് വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതേ രൂപത്തിൽ ഒരു വില്ല പണിയുന്നതിന് ഏഴര ലക്ഷം റിയാൽ വരെ ചെലവ് വരും. നിർമാണ മേഖല വീണ്ടും മെച്ചപ്പെടുന്നതിന്റെ പ്രതിഫലനമാണ് ഖാലിദ് അൽ ജർബൂഇന്റെ അനുഭവസാക്ഷ്യം.

Latest News