Sorry, you need to enable JavaScript to visit this website.

തരൂർ വരട്ടെ

2019 ലെ പൊതുതെരഞ്ഞെടുപ്പ് തോൽവിക്കു ശേഷം കോൺഗ്രസ് അധ്യക്ഷ പദം ഒഴിഞ്ഞതാണ് രാഹുൽ. താനോ നെഹ്‌റു കുടുംബത്തിൽനിന്ന് മറ്റാരെങ്കിലുമോ കോൺഗ്രസിനെ നയിക്കാനില്ലെന്നും ആ ഉത്തരവാദിത്തം വേറെ ആരെങ്കിലും ഏറ്റെടുക്കണമെന്നുമാണ് അന്ന് രാഹുൽ പാർട്ടി നേതാക്കളോട് പറഞ്ഞത്. അത് ആത്മാർഥതയോടെയാണെങ്കിൽ ശശി തരൂരിനെ കോൺഗ്രസ് അധ്യക്ഷ പദത്തിലേക്ക് കൊണ്ടുവരാൻ രാഹുൽ പിന്തുണ നൽകട്ടെ.


ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ  ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അതിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചിരിക്കുന്നു. വർഷങ്ങളായി രോഗവും ശാരീരിക അവശതകളും കൊണ്ട് തളർന്ന സോണിയ ഗാന്ധി എന്ന താൽക്കാലിക പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇഴഞ്ഞും കിതച്ചും നീങ്ങുന്ന ഈ പാർട്ടിക്ക് എന്തുകൊണ്ടും അൽപം ഊർജം നൽകുന്നതാവും പുതിയൊരു നേതൃത്വം. അതാരായിരിക്കുമെന്ന കാര്യത്തിൽ തികഞ്ഞ അവ്യക്തത നിലനിൽക്കുകയാണ്. അതിനിടയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് ശശി തരൂർ എം.പി രംഗത്തെത്തിയിരിക്കുന്നു. പ്രസിഡന്റ് പദത്തിലേക്ക് മാത്രമല്ല, പ്രവർത്തക സമിതി അംഗങ്ങളെയും മറ്റു ഭാരവാഹികളെയുമെല്ലാം തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന സ്വാഗതാർഹമായ നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.
താൻ മത്സരിക്കുമെന്ന് തരൂർ തീർത്ത് പറഞ്ഞിട്ടില്ല. ഗാന്ധി കുടുംബത്തിൽനിന്ന് ഒരാൾ കോൺഗ്രസ് അധ്യക്ഷ പദത്തിലെത്തുന്നതിനെ അദ്ദേഹം ഇപ്പോഴും പിന്തുണക്കുന്നുണ്ട്. എന്നാൽ ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാൾ പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കിൽ താനും സന്നദ്ധനാണെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. 
കോൺഗ്രസ് ഇന്ന് എത്തി നിൽക്കുന്ന ദയനീയാവസ്ഥ കണക്കിലെടുക്കുമ്പോൾ, നഷ്ടപ്രതാപം വീണ്ടെടുക്കുന്നത് പോകട്ടെ, രാജ്യത്ത് മുഴുവൻ പൊരുതാൻ കഴിയുന്ന ഒരു പാർട്ടിയായി അതിനെ എഴുന്നേൽപിച്ച് നിർത്തുക എന്നതു തന്നെ ഭഗീരഥ പ്രയത്മാണ്. അതിനു വേണ്ടത് ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ, ആകർഷിക്കാൻ കഴിയുന്ന ചുറുചുറുക്കുള്ള ഒരു നേതാവിനെയാണ്. അതിന് ഇന്നത്തെ നിലയിൽ പാർട്ടിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച മുഖം ശശി തരൂർ ആണെന്നതിൽ തർക്കമില്ല. അവസരം കിട്ടിയാൽ മോഡിക്കൊപ്പമോ, അതിലും ഒരു പടി അപ്പുറമോ ജനങ്ങളെ കൈയിലെടുക്കാൻ തരൂരിന് കഴിയും.
ഒരുപാട് മേന്മകളുള്ള, ആധുനിക ഇന്ത്യ ആവശ്യപ്പെടുന്ന തരത്തിലുള്ള നേതാവാണ് ശശി തരൂർ. തികഞ്ഞ മതേതര പ്രതിബദ്ധത തന്നെയാണ് അദ്ദേഹത്തെ രാജ്യത്തെ ജനങ്ങൾക്ക് പൊതു സ്വീകാര്യനാക്കുന്നത്. ഐക്യരാഷ്ട്ര സഭയിലെ ഉന്നത പദവി ഒഴിഞ്ഞ് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കടന്നുവരുമ്പോൾ അദ്ദേഹം കോൺഗ്രസ് എന്ന രാഷ്ട്രീയ കക്ഷിയിൽ ചേരാൻ തീരുമാനിച്ചതിന് കാരണം തരൂർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ വിശാലമായ ജനാധിപത്യ മതേതര കാഴ്ചപ്പാടുകളുമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവുമധികം യോജിക്കുന്ന പാർട്ടി കോൺഗ്രസ് ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ബി.ജെ.പിയിലേക്ക് പോയിരുന്നെങ്കിൽ ഏത് സ്ഥാനവും കിട്ടുമായിരിക്കേ തരൂർ അതിന് തയാറാവാത്തതു തന്നെ അദ്ദേഹത്തിന്റെ മതേതര പ്രതിബദ്ധതയുടെ തെളിവ്. 
അപാരമായ അറിവും വിവിധ ഭാഷകളിലുള്ള പ്രാവീണ്യവും അന്താരാഷ്ട്ര ബന്ധങ്ങളും പ്രസംഗ മികവുമൊക്കെയാണ് അദ്ദേഹത്തിന്റെ മറ്റു യോഗ്യതകൾ. പാണ്ഡിത്യത്തിന്റെ കാര്യത്തിൽ തരൂരിനോളം ഔന്നത്യത്തിലുള്ള ഒരു നേതാവ് കോൺഗ്രസിൽ എന്നല്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ അപൂർവമാണ്. 
ഊർജ്വസ്വലതയും പ്രസരിപ്പുമാണ് തരൂരിന്റെ മറ്റു ഗുണങ്ങൾ. നരേന്ദ്ര മോഡിക്ക് ഉള്ളതും,രാഹുൽ ഗാന്ധിക്ക് ഇല്ലാത്തതുമായ ഗുണങ്ങളാണിവ. തരൂരിനേക്കാൾ പ്രായം കുറവാണെങ്കിലും രാഹുൽ ഗാന്ധിയെ ഊർജസ്വലനായ ഒരു നേതാവായി കാണാൻ ഇന്ത്യക്കാർക്ക് കഴിയുന്നില്ല. ഇനി അത്തരമൊരു പ്രതിഛായ ഉണ്ടാക്കിയെടുക്കാൻ രാഹുലിനൊട്ട് കഴിയുമെന്നും തോന്നുന്നില്ല. നേരെ മറിച്ച്, തരൂരിന് ഇപ്പോൾ തന്നെ ചുറുക്കുള്ള നേതാവെന്ന പ്രതിഛായയുണ്ട്. യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ നല്ല സ്വീകാര്യതയുമുണ്ട്. അഭ്യസ്തവിദ്യരായ സമൂഹം അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൽപിക്കുകയും ചെയ്യുന്നു.  
അന്താരാഷ്ട്ര തലത്തിലുള്ള പ്രശസ്തിയാണ് മറ്റൊരു അനുകൂല ഘടകം. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ് ആകുന്നതോടെ അദ്ദേഹത്തിന്റെ വാക്കുകൾ ലോകം കൂടുതൽ ശ്രദ്ധിക്കും. അതിന്റെ ഗുണവും കോൺഗ്രസിനു തന്നെയാണ്. എല്ലാ തരം നേതാക്കളുമായും അടുപ്പം പുലർത്തുന്ന അദ്ദേഹത്തിന്റെ നയതന്ത്ര മികവും ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസ് പ്രസിഡന്റിന് അത്യാവശ്യം വേണ്ട ഗുണം തന്നെ. 
ഇതൊക്കെക്കൊണ്ടു തന്നെ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും ആഗ്രഹിക്കാത്ത കോൺഗ്രസ് അധ്യക്ഷനാവും ശശി തരൂർ. കോൺഗ്രസിന്റെ തലപ്പത്ത് എത്തുന്ന പക്ഷം തരൂരിനെ കുടുക്കാൻ അവർ സകല അടവും പുറത്തിറക്കും. അതിൽ പ്രധാനം അദ്ദേഹത്തിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം തന്നെയാവും. അത് കോൺഗ്രസിനെ സമ്മർദത്തിലാക്കുകയും ചെയ്യും. 
ഉത്തരേന്ത്യക്കാരനായ നേതാവല്ലെന്നതാണ് തരൂരിന്റെ ഒരു പോരായ്മ. എന്നാൽ ഒന്നാംതരം ഹിന്ദിയിൽ പ്രസംഗിക്കാനുള്ള കഴിവു കൊണ്ട് അദ്ദേഹത്തിന് ആ പ്രശ്‌നത്തെ അതിജീവിക്കാൻ കഴിയും. കേരളത്തിൽനിന്നുള്ള നേതാവാണെങ്കിലും സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വവുമായി പലപ്പോഴും ഇടഞ്ഞിട്ടുണ്ട് തരൂർ. എറ്റവുമൊടുവിൽ സി.പി.എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച സെമിനാറിൽ അദ്ദേഹം പ്രസംഗിക്കാൻ സമ്മതിച്ചതാണ് പ്രശ്‌നമായത്. കേരളത്തിലെ പാർട്ടി നേതാക്കൾ ശക്തിയുക്തം എതിർത്തതോടെ ഒടുവിൽ സോണിയ ഗാന്ധി തന്നെ ഇടപെട്ട് തരൂരിനെ അതിൽനിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
ഇതൊക്കെയാണെങ്കിലും തരൂർ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനെ പിന്തുണക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കേരളത്തിലെ ഒരു കോൺഗ്രസ് നേതാവും തരൂരിന്റെ നീക്കത്തെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.
സ്വാർഥ താൽപര്യങ്ങളോ ഗ്രൂപ്പ് താൽപര്യങ്ങളോ ഇല്ലാതെ കോൺഗ്രസിനെ സ്‌നേഹിക്കുന്ന പ്രവർത്തകരും അണികളും കോൺഗ്രസ് തിരിച്ചുവരണമെന്നാഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികളും പാർട്ടിയുടെ അമരത്തേക്ക് ശശി തരൂർ വരുന്നതിനെ അനുകൂലിക്കുമെന്നുറപ്പാണ്. നരേന്ദ്ര മോഡിയെയും അദ്ദേഹത്തിന്റെ വിഭജന രാഷ്ട്രീയത്തെയും നേർക്കുനേർ നിന്ന് എതിർക്കാനും തന്റെ വാദങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമായ വിധത്തിൽ അവതരിപ്പിക്കാനും കഴിയുന്ന നേതാവാണ് ശശി തരൂർ. തരൂർ അധ്യക്ഷ പദത്തിൽ എത്തുന്ന പക്ഷം രാഹുൽ ഗാന്ധിയെ പപ്പു എന്ന് പരിഹസിച്ചും നെഹ്‌റു കുടുംബത്തെ ലാക്കാക്കിയും സംഘപരിവാർ നടത്തുന്ന പ്രചാരണങ്ങൾക്ക് പ്രസക്തിയില്ലാതാവും. ഇന്ത്യയിൽനിന്ന് വളർന്ന് ലോകത്തോളം ഉയർന്ന നേതാവാണ് ശശി തരൂർ. ഇന്ത്യയുടെ അഭിമാനമായ വിശ്വപൗരൻ. അദ്ദേഹത്തെ കൊച്ചാക്കാൻ ബി.ജെ.പി ശ്രമിച്ചാൽ അത് അവർക്കു തന്നെ തിരിച്ചടിക്കുകയേ ഉള്ളൂ. 
ഇതൊക്കെയാണെങ്കിലും തരൂർ കോൺഗ്രസ് അധ്യക്ഷ പദത്തിലെത്താനുള്ള സാധ്യത എത്രത്തോളമെന്ന് പറയാനാവില്ല. പാർട്ടിയിൽ രാഹുൽ ഗാന്ധിയുടെ അപ്രമാദിത്തം നിലനിർത്തിക്കൊണ്ടുള്ള ഒരു നേതൃത്വത്തിനു മാത്രമേ നെഹ്‌റു കുടുംബവും അവരുടെ അനുചര വൃന്ദവും ആഗ്രഹിക്കുന്നുള്ളൂ എന്നതാണ് വസ്തുത. നെഹ്‌റു കുടുംബവുമായി ഏറെ അടുപ്പമുള്ള രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ എ.ഐ.സി.സി അധ്യക്ഷനാക്കാനുള്ള നീക്കം ഒരു വശത്ത് കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്. ഗെഹ്‌ലോട്ട് ഇതുവരെ അതിന് വഴങ്ങിയിട്ടില്ലെന്നാണറിയുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു ഏറാൻമൂളിയെ മുന്നിൽ നിർത്തി രാഹുൽ ഗാന്ധി റിമോട്ട് കൺട്രോളിലൂടെ പാർട്ടിയെ നയിക്കാനാണ് ഇനിയും ശ്രമിക്കുന്നതെങ്കിൽ കോൺഗ്രസിന്റെ അവസ്ഥ കൂടുതൽ അധോഗതിയിലേക്ക് പോകും. 
2019 ലെ പൊതുതെരഞ്ഞെടുപ്പ് തോൽവിക്കു ശേഷം കോൺഗ്രസ് അധ്യക്ഷ പദം ഒഴിഞ്ഞതാണ് രാഹുൽ. താനോ നെഹ്‌റു കുടുംബത്തിൽനിന്ന് മറ്റാരെങ്കിലുമോ കോൺഗ്രസിനെ നയിക്കാനില്ലെന്നും ആ ഉത്തരവാദിത്തം വേറെ ആരെങ്കിലും ഏറ്റെടുക്കണമെന്നുമാണ് അന്ന് രാഹുൽ പാർട്ടി നേതാക്കളോട് പറഞ്ഞത്. അത് ആത്മാർഥതയോടെയാണെങ്കിൽ ശശി തരൂരിനെ കോൺഗ്രസ് അധ്യക്ഷ പദത്തിലേക്ക് കൊണ്ടുവരാൻ രാഹുൽ പിന്തുണ നൽകട്ടെ. അതുമാത്രം പോരാ, പാർട്ടി അധ്യക്ഷനെന്ന നിലയിൽ തരൂരിന് പൂർണ പിന്തുണ നൽകുകയും അദ്ദേഹം പദവിയിലിരിക്കുന്ന കാലം പാർട്ടിയെ നിയന്ത്രണത്തിലാക്കുന്നതിന് അവിഹിതമായ ഒരിടപെടലും നടത്താതിരിക്കുകയും വേണം. കോൺഗ്രസിനെ സ്‌നേഹിക്കുന്നെങ്കിൽ രാഹുൽ ഗാന്ധി ഇപ്പോൾ ചെയ്യേണ്ടത് അതാണ്.

Latest News