സ്ത്രീ വിവേചനത്തിനതെിരെ ശബ്ദമുയർത്താനും നീതി നിഷേധത്തിനെതിരെ പൊരുതാനും കേരളത്തിലെ സത്രീകൾക്ക് അടിത്തറ പാകി നൽകിയത് മേരി റോയിയാണ്. അതുകൊണ്ട് തന്നെയാണ് അവർ കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഗണ്യമായ സ്ഥാനം അലങ്കരിക്കുന്നതും. ഇതിനെല്ലാമുപരി സമൂഹത്തിന്റെ മറ്റു മേഖലകളിലും വിദ്യാഭ്യാസ രംഗത്തും വലിയ ഇടപെടലുകൾ നടത്താൻ അവർക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഭൗതിക ജീവിതത്തിൽ നിന്ന് വിട പറഞ്ഞാലും കേരളത്തിന്റെ നവോത്ഥാന കുതിപ്പിൽ അവരുടെ പേര് കാലം കൊത്തിയിടുക തന്നെ ചെയ്യും.
ഇന്ന് സമൂഹം ഏറെ ചർച്ച ചെയ്യപ്പെടുന്ന സ്ത്രീ-പുരുഷ തുല്യത വാദത്തിന്റെ നേരവകാശിയാണ് ഇന്നലെ അന്തരിച്ച മേരി റോയ്. സത്രീകൾക്ക് സമൂഹത്തിൽ തുല്യ പദവി വേണമെന്ന ആവശ്യത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാതിരുന്ന എൺപതുകളിൽ ആൺമക്കളെപ്പോലെ പെൺമക്കൾൾക്കും പിതാവിന്റെ സ്വത്തിൽ തുല്യാവകാശമുണ്ടെന്ന വിധി സമ്പാദിക്കാൻ സുപ്രീം കോടതി വരെ പോരാട്ടം നടത്തിയ യഥാർത്ഥ ഫെമിനിസ്റ്റാണ് മേരി റോയ്. സമൂഹത്തിൽ സ്ത്രീകൾക്കും തുല്യാവകാശം ഉണ്ടെന്ന ചിന്ത കേരളത്തിൽ ഉരുത്തിരിഞ്ഞു തുടങ്ങുന്നത് പോലും മേരി റോയിയുടെ പോരാട്ടങ്ങൾക്ക് ശേഷമാണ്.
സ്ത്രീകൾക്ക് സ്വത്തവകാശം പോലും നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് മേരി റോയ് ഒറ്റക്ക് പോരാട്ടത്തിനിറങ്ങുന്നത്. സമൂഹം പൂർണമായും പുരുഷ മേധാവിത്വത്തിന്റെ കെട്ടുകളിൽ പിണഞ്ഞു കിടന്നിരുന്ന എൺപതുകളിൽ മേരിയുടെ പോരാട്ടം ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ചരിത്ര വിധി സമ്പാദിക്കാൻ മാത്രമല്ല, തുല്യതയെക്കുറിച്ചുള്ള പുരോഗമന ചിന്തയുടെ വാതിൽ തുറന്നിടാനും മേരി റോയിക്ക് കഴിഞ്ഞു. സ്ത്രീ-പുരുഷ തുല്യത വാദത്തെ ഇപ്പോൾ സമൂഹം അംഗീകരിച്ചു തുടങ്ങിയതിലേക്ക് എത്തിക്കുന്നതിൽ വലിയ വിപ്ലവം തന്നെയാണ് മേരി റോയ് സൃഷ്ടിച്ചത്.
1916 ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ച നിയമമനുസരിച്ച് ആ സമുദായത്തിൽ പെൺമക്കൾക്ക് അച്ഛന്റെ സ്വത്തിൽ തുല്യാവകാശമില്ലായിരുന്നു. ആൺമക്കൾക്ക് അവകാശപ്പെട്ടതിന്റെ നാലിലൊന്ന് ഭാഗമോ 5000 രൂപയോ ഏതാണോ കുറവ് അത് മാത്രമായിരുന്നു പെൺമക്കൾക്ക് ലഭിച്ചിരുന്നത്. ഇതിനെതിരെയാണ് മേരി റോയ് തന്റെ സ്വത്തവകാശവുമായി ബന്ധപ്പെട്ട് ഒറ്റക്ക് പോരാട്ടത്തിനിറങ്ങിയത്. 1960 കളിൽ തന്നെ ഇത് സംബന്ധിച്ച് നിയമ പോരാട്ടങ്ങളിലേക്ക് കടന്നെങ്കിലും 1984 ലാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. സമുദായത്തിൽ നിന്നടക്കം കടുത്ത എതിർപ്പുകൾ ഇതിനെതിരെ ഉണ്ടായെങ്കിലും തന്റെ പോരാട്ടത്തിൽ നിന്ന് പിൻമാറാൻ മേരി ഒരുക്കമായിരുന്നില്ല.
നിരവധി കടമ്പകൾ കടന്നാണ് 1986 ൽ സുപ്രീം കോടതിയുടെ വിധി വന്നത്. വിൽപത്രം എഴുതിവെക്കാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്നായിരുന്നു ചരിത്ര വിധി. ഈ വിധി പിന്നീട് സമൂഹത്തിൽ തുല്യാവകാശവുമായി ബന്ധപ്പെട്ട് നിരവധി പരിഷ്കരണങ്ങൾക്ക് കാരണമായിട്ടുണ്ട്. തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ച നിയമം തുല്യതക്കുള്ള അവകാശം നിഷേധിക്കുന്നതായി കോടതി കണ്ടെത്തി. 1925 ലെ ഇന്ത്യൻ പിന്തുടർച്ച നിയമമാണ് എല്ലാവർക്കും ബാധകമായിട്ടുള്ളതെന്നും സുപ്രീം കോടതി വിധി പറയുകയായിരുന്നു. വിധി വന്നെങ്കിലും പിതാവിന്റെ സ്വത്തിൽ തനിക്കുള്ള അവകാശം സ്ഥാപിച്ചു കിട്ടാൻ മേരി റോയിക്ക് വീണ്ടും നിയമ പോരാട്ടങ്ങളിലേക്ക് പോകേണ്ടി വന്നു. 2002 ൽ മേരിയുടെ എഴുപതാം വയസ്സിലാണ് പൈതൃക സ്വത്തിന്റെ ആറിലൊന്ന് അവകാശം മേരി റോയിക്ക് ലഭിച്ചത്.
മേരി റോയ് സമ്പാദിച്ച ചരിത്ര പ്രധാനമായ വിധി പിന്നീട് ഹിന്ദു കുടുംബത്തിലെ സ്വത്തിന്റെ കാര്യത്തിലും സ്വാധീനം ചെലുത്തി. ഹിന്ദു കുടുംബത്തിലെ സ്വത്തിൽ പെൺമക്കൾക്കും തല്യാവകാശമുണ്ടെന്ന് 2020 ൽ സുപ്രീം കോടതി മറ്റൊരു വിധി പ്രഖ്യാപിച്ചു. മേരി റോയിയുടെ കേസിന്റെ വിധിയിലുണ്ടായ സ്വാധീനം ഹിന്ദു സ്വത്താവകാശ വിധിയിലും കാണാൻ കഴിയും. 2005 സെപ്തംബർ ഒൻപതിന് ഭേദഗതി ചെയ്ത ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം പെൺമക്കൾക്കും അച്ഛന്റെ സ്വത്തിൽ അവകാശം നൽകിയിരുന്നു. ഈ ഭേദഗതി മുൻകാല പ്രാബല്യത്തോടെയാണ് 2020 ലെ വിധിയിൽ സുപ്രീം കോടതി അംഗീകരിച്ചത്.
ഭർത്താവുമായി തെറ്റിപ്പിരിഞ്ഞതോടെ പിതാവിന്റെ വീട്ടിൽ താമസമാക്കിക്കൊണ്ടാണ് പിതാവിന്റെ മരണ ശേഷം സഹോദരൻ കൈയയ്യടക്കിയ തനിക്ക് കൂടി അവകാശപ്പെട്ട സ്വത്തിന് വേണ്ടി മേരി റോയ് നിയമ പോരാട്ടം നടത്തിയത്. ഒടുവിൽ സ്വത്തവകാശം ലഭിച്ചെങ്കിലും മക്കളായ പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയുടെയും ലളിത് റോയിയുടെയും താൽപര്യം കണക്കിലെടുത്ത് കോടതി വിധി പ്രകാരം തനിക്ക് കിട്ടിയ പിതാവിന്റെ സ്വത്ത് മേരി റോയ് സഹോദരന് തന്നെ തിരിച്ചു നൽകുകയാണുണ്ടായത്.
സഹോദരനെതിരെയായിരുന്നില്ല, മറിച്ച് നിയമത്തിലെ സ്ത്രീ വിരുദ്ധതക്കെതിരെയായിരുന്നു തന്റെ പോരാട്ടമെന്നും അത് വിജയം കാണണമെങ്കിൽ തന്റെ സ്വന്തം അനുഭവത്തിൽ നിന്ന് തന്നെ തുടങ്ങേണ്ടിയിരുന്നുവെന്നും മേരി റോയ് പിൽക്കാലത്ത് പറഞ്ഞിരുന്നു. 'അന്നത്തെ നിയമ വാഴ്ചക്കെതിരെയാണ് ഞാൻ കോടതിയിൽ പോയത്. പോരാട്ടം സ്വത്തിന് വേണ്ടിയുള്ള വാശിയല്ലായിരുന്നു. നമ്മളാരും ഇവിടെ നിന്ന് ഒന്നും കൊണ്ടുപോകുന്നില്ല, പക്ഷേ മക്കൾ ആണായാലും പെണ്ണായാലും തുല്യരാണ്. പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം. അതിനു വേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അത്' þ-തന്റെ പോരാട്ടത്തെക്കുറിച്ച് മേരി റോയ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ഇന്നും കേരളീയ സമൂഹം പൂർണ മനസ്സോടെ അംഗീകരിക്കാൻ തയാറായിട്ടില്ലാത്ത സ്ത്രീ-പുരുഷ തുല്യതക്ക് വേണ്ടി വിവിധ കോണുകളിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്ക് മേരി റോയിയുടെ കേസിലെ ചരിത്ര വിധി പകർന്നു നൽകുന്ന ഊർജം ചെറുതല്ല. സ്വത്താവകാശത്തെക്കുറിച്ചും മറ്റും നിയമ പോരാട്ടം നടത്തുന്നത് ഇക്കാലത്ത് വലിയ കാര്യമല്ലായിരിക്കാം. എന്നാൽ പെൺമക്കളുടെ അവകാശത്തെക്കുറിച്ച് ചിന്തിച്ചാൽ പോലും സമൂഹം ഭ്രഷ്ട് കൽപിക്കുന്ന ഒരു കാലഘട്ടത്തിലാണ് എല്ലാ എതിർപ്പുകളെയും അവഗണിച്ച് മേരി റോയ് ഒറ്റക്ക് പോരാട്ടം നയിച്ചതെന്നതാണ് അവരെ വിപ്ലവത്തിന്റെ പ്രതീകമാക്കി മാറ്റുന്നത്.
സ്ത്രീ വിവേചനത്തിനതെിരെ ശബ്ദമുയർത്താനും നീതി നിഷേധത്തിനെതിരെ പൊരുതാനും കേരളത്തിലെ സത്രീകൾക്ക് അടിത്തറ പാകി നൽകിയത് മേരി റോയിയാണ്. അതുകൊണ്ട് തന്നെയാണ് അവർ കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഗണ്യമായ സ്ഥാനം അലങ്കരിക്കുന്നതും. ഇതിനെല്ലാമുപരി സമൂഹത്തിന്റെ മറ്റു മേഖലകളിലും വിദ്യാഭ്യാസ രംഗത്തും വലിയ ഇടപെടലുകൾ നടത്താൻ അവർക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഭൗതിക ജീവിതത്തിൽ നിന്ന് വിട പറഞ്ഞാലും കേരളത്തിന്റെ നവോത്ഥാന കുതിപ്പിൽ അവരുടെ പേര് കാലം കൊത്തിയിടുക തന്നെ ചെയ്യും.






