Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടികൾക്കെതിരെ ക്യാംപയിനുമായി ലീഗ്

കോഴിക്കോട്- എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി അടക്കമുള്ള സംഘടനകൾക്കെതിരെ വീണ്ടും ശക്തമായ ക്യാംപയിനുമായി മുസ്‌ലിം യൂത്ത് ലീഗ്. മുസ്‌ലിം സംഘടനകളുടെ സഹകരണത്തോടെയാണ് ക്യാംപയിന് യൂത്ത് ലീഗ് നേതൃത്വം നൽകുന്നത്. മുസ്‌ലിം സമുദായത്തിലെ വിവിധ സംഘടനകളുമായി യൂത്ത് ലീഗ് ബന്ധപ്പെട്ടിട്ടുണ്ട്. പ്രാദേശിക തലത്തിലടക്കം ക്യാംപയിൻ നടത്താനാണ് തീരുമാനം. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നീ സംഘടനകളുണ്ടാക്കുന്ന പ്രശ്‌നങ്ങൾ മുസ്‌ലിം സമുദായത്തെ മൊത്തത്തിൽ ബാധിക്കുന്നുണ്ടെന്നും ഇതിന് പരിഹാരം അടിയന്തിരമായി കാണണമെന്നുമാണ് യൂത്ത് ലീഗ് കരുതുന്നത്. 
ഇക്കഴിഞ്ഞ പതിനാറിന് സോഷ്യൽ മീഡിയ വഴി ലഭിച്ച ഹർത്താൽ ആഹ്വാനത്തെ തുടർന്ന് നൂറുകണക്കിന് യുവാക്കൾ തെരുവിലിറങ്ങിയിരുന്നു. ഇതിൽ ഭൂരിഭാഗവും എസ്.ഡി.പി.ഐ പ്രവർത്തകരുമാണ്. എന്നാൽ തങ്ങളുടെ പ്രവർത്തകരും പലയിടത്തും തെരുവിലിറങ്ങിയത് കണക്കിലെടുത്താണ് പരിഹാരവുമായി യൂത്ത് ലീഗ് രംഗത്തെത്തുന്നത്. സി.പി.എം, കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പ്രവർത്തകരും പലയിടത്തും തെരുവിലുണ്ടായിരുന്നു. എന്നാൽ, ഹർത്താലുമായി ബന്ധപ്പെടരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് പലയിടത്തും പ്രതിഷേധമുണ്ടായത്. ഹർത്താൽ വിജയകരമായിരുന്നുവെന്നും സഹകരിച്ചവർക്ക് അഭിവാദ്യമർപ്പിച്ച് എസ്.ഡി.പി.ഐ ഹർത്താൽ ദിവസം വൈകിട്ട് പ്രകടനം നടത്തുകയും ചെയ്തു. ഹർത്താലിന് പിന്നിൽ സംഘ്പരിവാർ ഗൂഢാലോചനയാണെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് ശരിവെക്കുന്ന തരത്തിലാണ് ഇന്നലെ ആർ.എസ്.എസ് പ്രവർത്തകരടക്കമുള്ളവരെ ഹർത്താൽ ആഹ്വാനവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്. ഈ സഹചര്യത്തിൽ കൂടിയാണ് എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകൾക്കെതിരെ ശക്തമായ ക്യാംപയിനുമായി രംഗത്തിറങ്ങാൻ യൂത്ത് ലീഗിനെ പ്രേരിപ്പിച്ചത്. 
സംഘ്പരിവാറിന്റെ അജണ്ടകളെ വിജയിപ്പിച്ചെടുക്കുന്നതിന് മുസ്‌ലിം യുവാക്കളെ ഇരകളാക്കി മാറ്റിയെടുക്കുന്ന ജോലിയാണ് കേരളത്തിലെ തീവ്രവാദ സംഘടനകൾക്കുള്ളതെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി എം.എൽ.എ പറഞ്ഞു. ഏപ്രിൽ 16-ലെ സംഭവത്തിൽ സംഘ്പരിവാറിന് ബന്ധമില്ലെന്ന് മുൻകൂർ പ്രസ്താവന ഇറക്കിയവർ ബി.ജെ.പിയിൽനിന്ന് ചെലവിന് കിട്ടിയവരാണോ എന്ന് അന്വേഷിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. 
അതിനിടെ, ഹർത്താലുമായി ബന്ധപ്പെട്ട് പിടിയിലായവർക്ക് നിയമസഹായം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.

Latest News