ന്യൂദൽഹി- പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര സർക്കാറിന്റെ ഓർഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം. ഓർഡിനൻസിന് ഇന്നലെയാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതോടെ പന്ത്രണ്ട് വയസിന് താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാൻ കോടതികൾക്ക് അധികാരം ലഭിച്ചു. പോക്‌സോ നിയമത്തിൽ ഭേദഗതി വരുത്തിയാണ് കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമത്തിന് കേന്ദ്രം അനുമതി നൽകിയത്. മാനഭംഗത്തിനുള്ള കുറഞ്ഞ ശിക്ഷ ഏഴു വർഷത്തിൽനിന്ന് പത്തുവർഷമാക്കി ഉയർത്തി. മാനഭംഗത്തിന് ഇരയാകുന്ന പെൺകുട്ടിയുടെ പ്രായം പന്ത്രണ്ടിനും പതിനാറിനും ഇടയിലാണെങ്കിൽ ശിക്ഷ ഇരുപത് വർഷം തടവാക്കി ഉയർത്തി. നേരത്തെ ഇത് പത്തുവർഷമായിരുന്നു. ഈ ശിക്ഷ ജീവിതാവസാനം വരെ നൽകാവുന്നതുമാണ്. ബാലികാപഡീനത്തിലെ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കാനും പാടില്ല. ഇത്തരം കേസുകൾ തീർപ്പാക്കാൻ അതിവേഗ കോടതികളും സ്ഥാപിക്കും. അന്വേഷണവും വിചാരണയും നാലു മാസത്തിനകം പൂർത്തിയാക്കണം. പീഡനകേസുകൾക്കുളള പ്രത്യേക ഫൊറൻസിക് കിറ്റുകൾ രാജ്യത്തെ മുഴുവൻ പോലീസ് സ്‌റ്റേഷനുകൾക്കും ഉടൻ അനുവദിക്കും.