വനിതാ എം.എല്‍.എയെ ഭര്‍ത്താവായ നേതാവ് പരസ്യമായി തല്ലുന്ന വീഡിയോ പുറത്ത്

ബട്ടിന്‍ഡ- പഞ്ചാബില്‍  ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഭര്‍ത്താവ് തല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ രോഷത്തിന് കാരണമായി.  
പഞ്ചാബ് എം.എല്‍.എ ബല്‍ജീന്ദര്‍ കൗറിനെ വീട്ടില്‍ വെച്ച് ആം ആദ്മി നേതാവ് കൂടിയായ ഭര്‍ത്താവ് തല്ലുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.  
ഭര്‍ത്താവ് സുഖ്‌രാജ് സിംഗ് ദേഷ്യത്തോടെ കൗറിനെ തല്ലുമ്പോള്‍ വേറെയും ആളുകളുണ്ടായിരുന്നു.  ഇരുവരും വഴക്കിട്ടതിനു ശേഷം ഭാര്യയെ തല്ലിയ നേതാവിനെ മറ്റുള്ളവര്‍  വലിച്ചിഴച്ചാണ് മാറ്റിയത്.
തല്‍വണ്ടി സാബോയിലെ ദമ്പതികളുടെ വീടിന് സമീപത്തെ സിസിടിവി ക്യാമറയിലാണ് സംഭവം പതിഞ്ഞത്.
ജൂലൈ പത്തിനു നടന്ന സംഭവത്തിന്റെ 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തുവന്നത്. പഞ്ചാബ് ഭരിക്കുന്ന എഎപി ക്ലിപ്പിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
തല്‍വണ്ടി സാബോയില്‍ രണ്ടാം തവണയാണ് ബല്‍ജീന്ദര്‍ കൗര്‍ തെരഞ്ഞെടുക്കപ്പെട്ടത്. അവള്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും സംഭവത്തില്‍  പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്.
ബല്‍ജീന്ദര്‍ കൗറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടുവെന്നും സംഭവത്തെക്കുറിച്ച് സ്വമേധയാ കേസ് എടുക്കുമെന്നും കമ്മീഷന്‍ അധ്യക്ഷ മനീഷ ഗുലാത്തി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു:  പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീക്ക് വീട്ടില്‍ പീഡനം നേരിടേണ്ടി വരുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് അവര്‍ പറഞ്ഞു.
2019ല്‍ ആം ആദ്മി പാര്‍ട്ടിയുടെ മജാ മേഖലയുടെ യൂത്ത് വിംഗ് കണ്‍വീനറായ സുഖ്‌രാജ് സിങ്ങിനെ കൗര്‍ വിവാഹം കഴിച്ചത്.  ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും പഞ്ചാബിലെ പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ അധ്യക്ഷയുമാണ് അവര്‍.

 

Latest News