അവശയായ പത്മശ്രീ ജേതാവിനെ ആശുപത്രിയില്‍ നൃത്തം ചെയ്യിച്ചത് വിവാദമായി

ഭുവനേശ്വര്‍- ഒഡീഷയിലെ പത്മശ്രീ ജേതാവ് കമലാ പൂജാരിയെ ആശുപത്രിയില്‍ വെച്ച് നിര്‍ബന്ധിച്ച് നൃത്തം ചെയ്യിച്ച സംഭവം വിവാദമായി.
ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് കട്ടക്കിലെ ആശുപത്രിക്കുള്ളില്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ച സാമൂഹിക പ്രവര്‍ത്തകയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ഒഡീഷയിലെ പരജ ഗോത്രവര്‍ഗക്കാര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ വയോധിക നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
സാമൂഹിക പ്രവര്‍ത്തകയായ മമത ബെഹ്‌റയും അവര്‍ക്കൊപ്പം നൃത്തം ചെയ്തിരുന്നു.
അസുഖം വന്ന് തളര്‍ന്ന താന്‍ ഒരിക്കലും നൃത്തം ചെയ്യാന്‍ ആഗ്രഹിച്ചതല്ലെന്നും ആവര്‍ത്തിച്ച് പറ്റില്ലെന്ന് പറഞ്ഞിട്ടും മമത ബെഹ്‌റ ചെവിക്കൊണ്ടില്ലെന്ന്  കമലാ പൂജാരി കൊരാപുട്ട് ജില്ലയിലെ വിട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സാമൂഹ്യ പ്രവര്‍ത്തകക്കെതിരെ  സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ തങ്ങളുടെ അംഗങ്ങള്‍ തെരുവിലിറങ്ങുമെന്ന് ആദിവാസി കൂട്ടായ്മയായ പരജാ സമാജ പ്രസിഡന്റ് ഹരീഷ് മുദുളി പറഞ്ഞു.

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നെല്ലുള്‍പ്പെടെ വിവിധ വിളകളുടെ നൂറിലധികം നാടന്‍ വിത്തുകള്‍ സംരക്ഷിച്ചതിനും 2019ല്‍ പത്മശ്രീ ലഭിച്ച കമലാ പൂജാരിയെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആശംസിച്ചിരുന്നു. തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പായിരുന്നു വിവാദ സംഭവം.
പൂജാരിയെ ഐസിയുവില്‍ അല്ല പ്രത്യേക ക്യാബിനിലാണ് പ്രവേശിപ്പിച്ചിരുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പൂജാരിയെ നൃത്തം ചെയ്യിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീ പ്രത്യേക ക്യാബിനില്‍ അവരെ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് ആശുപത്രി രജിസ്ട്രാര്‍ ഡോ.അബിനാഷ് റൗട്ട് പറഞ്ഞു.

പത്മശ്രീ പുരസ്‌കാര ജേതാവിനൊപ്പം നിരവധി സെല്‍ഫികള്‍ എടുത്ത ബെഹ്‌റയെ തനിക്ക് അറിയില്ലെന്ന് പൂജാരിയുടെ പരിചാരകന്‍ റജീബ് ഹിയാല്‍ പറഞ്ഞു.
ഈ പ്രവൃത്തിക്ക് പിന്നില്‍ തനിക്ക് ദുരുദ്ദേശ്യമൊന്നുമുണ്ടായിരുന്നില്ലെന്നും കമലാ  പൂജാരിയുടെ അലസത മാറ്റുക മാത്രമാണ് ഉദ്ദേശിച്ചിരുന്നതെന്നും മമതാ ബെഹ്‌റ അവകാശപ്പെട്ടു.
ഒഡീഷയിലെ ഒരു പ്രധാന പട്ടികവര്‍ഗ്ഗ വിഭാഗമാണ് കമലാ പൂജാരി ഉള്‍പ്പെടുന്ന പരജ സമുദായം.  

 

Latest News