Sorry, you need to enable JavaScript to visit this website.

ആലുവയില്‍ സ്‌കൂള്‍ ബസില്‍നിന്ന് തെറിച്ചുവീണ എല്‍.കെ.ജി. വിദ്യാര്‍ഥിനി രക്ഷപെട്ടത്  തലനാരിഴയ്ക്ക്

ആലുവ- ആലുവയില്‍ സ്‌കൂള്‍ ബസില്‍നിന്ന് എല്‍.കെ.ജി. വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു. ബസിന്റെ എമര്‍ജെന്‍സി വാതില്‍വഴി പുറത്തേക്ക് വീണ വിദ്യാര്‍ഥിനി തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. പെങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്‌കൂളിന്റെ ബസില്‍നിന്നാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം. ബസിന്റെ എമര്‍ജന്‍സി വാതിലിലൂടെ കുട്ടി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. കുട്ടിക്ക് സാരമായ പരിക്ക് ഏറ്റിട്ടില്ല. വീണതിനെ തുടര്‍ന്ന് ശരീരവേദനയും ചതവും ഉണ്ടെന്നാണ് കുട്ടിയുടെ കുടുംബം പറഞ്ഞു.
 ബസ് ഡ്രൈവറോ സ്‌കൂള്‍ അധികൃതരോ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് കുടുംബം ആരോപണം ഉന്നയിച്ചു. മറ്റു കുട്ടികളെ എല്ലാം വീട്ടിലെത്തിച്ചതിന് ശേഷമാണ് തങ്ങളുടെ കുട്ടിയെ വീട്ടിലെത്തിച്ചതെന്ന് അവര്‍ പറഞ്ഞു. കുട്ടിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ ചതവും വേദനയും ഉണ്ടെന്നും അപകടം സംഭവിച്ചുവെന്ന് അറിഞ്ഞതെന്നും വീട്ടുകാര്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയോ വിവരം അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
ബസില്‍നിന്ന് കുട്ടി റോഡിലേക്ക് വീണതിന് പിന്നാലെ ഇതു കണ്ടുനിന്നവര്‍ ഓടിയെത്തി എടുക്കുകയും ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ബസ് നിര്‍ത്തി. കുഞ്ഞിന് സാരമായ പരിക്ക് ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് തിരികെ ബസില്‍ കയറ്റിവിട്ടു. കുഞ്ഞിന് പ്രാഥമികമായ ചികിത്സ പോലും നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. വിഷയത്തില്‍ കുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചിട്ടുണ്ട്.
 

Latest News