മതം പ്രശ്‌നമാകരുത്; പ്രതീക്ഷ  കൈവിടാതെ കതുവ ബാലികയുടെ പിതാവ്

ന്യൂദല്‍ഹി- പന്ത്രണ്ട് വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിയമഭേദഗതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പശ്ചാത്തലത്തില്‍ നീതി ലഭിക്കുമെന്ന ശുഭപ്രതീക്ഷയുമായി കതുവയില്‍ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിയുടെ പിതാവ്. 

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് നല്ല തീരുമാനം തന്നെ. എന്നാല്‍ ഇത്തരം തീരുമാനങ്ങളെ കുറിച്ചൊന്നും വലിയ പിടിപാടില്ലെന്നും തങ്ങള്‍ സാധാരണക്കാരാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ ചെയ്യുന്നത് നല്ല കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കുട്ടി വെറും കുട്ടിയാണെന്നും ഹിന്ദുവെന്നോ മുസ്്‌ലിമെന്നോ വ്യത്യാസമില്ലെന്നും മതം പ്രശ്‌നമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

കതുവയിലെ ഭീകര സംഭവത്തില്‍ രാജ്യത്താകെ പ്രതിഷേധം അലയടിച്ച പശ്ചാത്തലത്തിലാണ് കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. 

ജമ്മുവിലെ കതുവയില്‍ കുതിരകളെ മേയ്ക്കാന്‍ പോയ എട്ടുവയസ്സുകാരി കഴിഞ്ഞ ജനുവരിയിലാണ് ക്രൂര പീഡനങ്ങള്‍ക്കുശേഷം കൊല്ലപ്പെട്ടത്. ക്ഷേത്രത്തില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് നല്‍കിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയുടെ മൃതദേഹം ഒരാഴ്ച്ചക്കുശേഷമാണ് കണ്ടെത്തിയത്. കേസില്‍ എട്ടു പേരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരു സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ ആറു പേരാണ് കുട്ടിയെ ക്ഷേത്രത്തില്‍ ഒളിപ്പിച്ച് തുടര്‍ച്ചയായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. 


 

Latest News