5ജി വരവായി; ആദ്യഘട്ടത്തിൽ  13 ഇന്ത്യൻ നഗരങ്ങളിൽ  

ഇന്ത്യയിൽ വിവിധ ടെലികോം കമ്പനികളുടെ 5ജി സേവനം അടുത്ത ദിവസങ്ങളിൽ ലഭ്യമായിത്തുടങ്ങും. സ്‌പെക്ട്രം അനുവദിച്ചുകൊണ്ടുള്ള കത്ത് നൽകിയതിനും പിന്നാലെ 5ജി ഉദ്ഘാടനത്തിനു തയാറെടുക്കാൻ ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് സേവന ദാതാക്കളോട് ആവശ്യപ്പെട്ടു. 
സ്‌പെക്ട്രം ലേലം ലഭിച്ചവർ തുക അടച്ച ദിവസം തന്നെ സ്‌പെക്ട്രം അനുവദിച്ചുകൊണ്ടുള്ള കത്തുകൾ നൽകിയിരുന്നു.  ആദ്യഘട്ടത്തിൽ 13 ഇന്ത്യൻ നഗരങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുമെന്ന് ടെലികമ്യൂണിക്കേഷൻ  വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. 
അഹമ്മദാബാദ്, ബംഗളൂരു, ചണ്ഡീഗഢ്, ചെന്നൈ, ദൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പുനെ എന്നിവിടങ്ങളിലാണ് തുടക്കത്തിൽ 5ജി സേവനം ലഭ്യമാക്കുകയെന്ന് ടെലികോം  പറയുന്നു. 
ടെലികോം സേവന ദാതാക്കളിൽ നിന്ന് 17,876 കോടി രൂപ ഇതിനകം സർക്കാർ സ്വീകരിച്ചിട്ടുണ്ട്.  ഭാരതി എയർടെൽ, റിലയൻസ് ജിയോ, അദാനി ഡാറ്റാ നെറ്റ്‌വർക്ക്‌സ്, വോഡഫോൺ ഐഡിയ എന്നിവയാണ് അടുത്തിടെ നടന്ന ലേലത്തിൽ  സ്‌പെക്ട്രം സ്വന്തമാക്കിയത്. സ്‌പെക്ട്രം അനുവദിച്ചുകൊണ്ടുള്ള കത്തുകൾ സേവന ദാതാക്കൾക്ക് ലഭിച്ചതിനാൽ അവർ തയാറായിക്കഴിഞ്ഞാലുടൻ സേവനം പുറത്തിറക്കാൻ കഴിയും. കമ്പനികൾക്കു മുന്നിൽ വേറെ തടസ്സങ്ങളൊന്നുമില്ല. 
5ജി സേവനങ്ങളുടെ ഔപചാരിക ഉദ്ഘാടനം സെപ്റ്റംബർ 29 ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐ.എം.സി) 2022 ന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചായിരിക്കും ഇതെന്ന്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓഗസ്റ്റ് 15 ന് ഇന്ത്യയിൽ 5ജി സേവനം ആരംഭിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സേവന ദാതാക്കൾക്കും വിതരണക്കാർക്കും പൂർണ സജ്ജരാകേണ്ടതിനാൽ പദ്ധതി നീട്ടിവെച്ചു. 
സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി 5ജിയെ കുറിച്ച് ആവേശത്തോടെ പരാമർശിച്ചിരുന്നു. 10 മടങ്ങ് വേഗവും തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുന്ന സേവനം ഇന്ത്യയിൽ ഉടൻ ആരംഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.  
നാല് ലക്ഷം ഡിജിറ്റൽ സംരംഭകർ ഗ്രാമങ്ങളിൽ തയാറെടുക്കുകയാണെന്നും ഗ്രാമങ്ങളിലെ ജനങ്ങൾ അവരിൽനിന്ന് സേവനങ്ങൾ സ്വീകരിക്കുന്നത് ശീലമാക്കുമെന്നും  പ്രധാനമന്ത്രി പറഞ്ഞു. 
എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കുമെന്നും ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നം ഗ്രാമങ്ങളിലൂടെ സാധ്യമാകുമെന്നും പൂർണ ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
2024 മാർച്ചോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമപ്രദേശങ്ങളിലും 5ജി എത്തിക്കാൻ സാധിക്കുമെന്ന് ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ അവകാശപ്പെടുന്നു. മറ്റു കമ്പനികളും തങ്ങളുടെ സവിശേഷതകൾ വ്യക്തമാക്കിയത് 5ജി ഉദ്ഘാടനത്തെ കുറിച്ചുള്ള പ്രഖ്യാപനങ്ങളിലാണ്.  4ജിയേക്കാൾ 100 മടങ്ങ് വേഗം നൽകാൻ 5ജിക്ക് കഴിയുമെന്നതിനാൽ ബഫറിംഗ് ഇല്ലാതെ സിനിമകൾ കാണാനും വേഗത്തിൽ ഉള്ളടക്കം ഡൗൺലോഡ് ചെയ്യാനും ഹൈസ്പീഡ് ഇന്റർനെറ്റ് സഹായിക്കും.

Latest News