Sorry, you need to enable JavaScript to visit this website.

ആണവ പരീക്ഷണം നിർത്തിയെന്ന് ഉത്തര കൊറിയ; വൻ പുരോഗതിയെന്ന് ട്രംപ് 

പ്യോങ്‌യാങ്- ആണവ പരീക്ഷണങ്ങളും മിസൈൽ വിക്ഷേപണവും നിർത്തിവെക്കുമെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രസ്താവിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നേരിട്ട് നടത്താനിരിക്കുന്ന ഉച്ചകോടിക്കു മുമ്പയിം കിമ്മിന്റെ ഭാഗത്തുനിന്നുണ്ടായ പ്രഖ്യാപനത്തെ അമേരിക്കയും ട്രംപും സ്വാഗതം ചെയ്തു. ഉത്തര കൊറിയ ആണവ പരീക്ഷണം നിർത്തിവെക്കണമെന്നത് അമേരിക്ക ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. കൊറിയൻ ഉപദ്വീപിൽ സംഘർഷം രൂക്ഷമാകാനുള്ള കാരണവും ഇതു തന്നെയാണ്. 
ട്രംപ്-കിം ഉച്ചകോടിക്കുള്ള സ്ഥലവും തീയതിയും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. കൂടിക്കാഴ്ചക്കുള്ള തയാറെടുപ്പുകൾ അമേരിക്ക നടത്തിവരികയാണ്. ചർച്ച ഫലപ്രദമല്ലെന്ന് തോന്നിയാൽ ഇറങ്ങിപ്പോരാനും മടിക്കില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.
ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഉത്തര കൊറിയൻ ഭരണാധികാരിയുടെ ഭാഗത്തുനിന്നുള്ള പ്രഖ്യാപനം. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയുമായി ഉത്തര കൊറിയൻ ഭരണാധികാരി ചർച്ച നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ട്രംപുമായുള്ള കൂടിക്കാഴ്ച വിജയത്തിലെത്തിക്കുമെന്ന ശുഭസൂചന നൽകിക്കൊണ്ടുള്ള പ്രഖ്യാപനം. 
ആണവ പരീക്ഷണം നിർത്തിവെക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോൾ കൈയിലുള്ള ആണവായുധങ്ങൾ കൈമാറുമെന്ന് കിം വ്യക്തമാക്കിയിട്ടില്ല. അമേരിക്കയിൽ വരെ എത്തിക്കാവുന്ന ആണവ മിസൈലുകൾ ഉത്തര കൊറിയ നിർമിച്ചിട്ടുണ്ട്. 
ഉത്തര കൊറിയക്കും ലോകത്തിനും വളരെ നല്ല വാർത്ത എന്നു പരാമർശിച്ചുകൊണ്ടാണ് കിമ്മിന്റെ പ്രസ്താവനയെ ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തത്. വൻ പുരോഗതിയെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഉച്ചകോടിയിലേക്ക് ഉറ്റുനോക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ദക്ഷിണ കൊറിയയും കിമ്മിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു. കൊറിയൻ ഉപദ്വീപിനെ ആണവ മുക്തമാക്കുന്നതിലേക്കുള്ള അർഥപൂർണമായ പുരോഗതിയെന്നാണ് ദക്ഷിണ കൊറിയയുടെ പ്രതികരണം.

Latest News