Sorry, you need to enable JavaScript to visit this website.

യെച്ചൂരിക്ക് തന്നെ സാധ്യത; നയവിവാദം തീർന്നില്ല

ഹൈദരാബാദ്- വലിയ അട്ടിമറികൾ ഉണ്ടായില്ലെങ്കിൽ സി.പി.എം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരി വീണ്ടും തെരഞ്ഞെടുക്കപ്പെടും. പോളിറ്റ് ബ്യൂറോയിൽ മുതിർന്ന അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ളയും എ.കെ പദ്മനാഭനും മാറും. പാർട്ടി സെന്ററിൽനിന്നുള്ള അംഗമായതിനാൽ എസ്. രാമചന്ദ്രൻ പിള്ളയ്ക്കു പകരം കേരളത്തിൽനിന്ന് ആരും പുതുതായി പി.ബിയിലേക്കെത്തില്ല. എ.കെ പദ്മനാഭനു പകരം സി.ഐ.ടി.യു നേതാക്കളായ തപൻ സെന്നോ ഹേമലതയോ ആയിരിക്കും പി.ബിയിലെത്തുക. കേന്ദ്ര കമ്മിറ്റിയിൽനിന്ന് 80 വയാറാു പിന്നിട്ട് പി.കെ ഗുരുദാസൻ മാറും. കേരളത്തിൽനിന്നും സി.സിയിലേക്ക് കെ. രാധാകൃഷ്ണനും എം.വി ഗോവിന്ദനും വന്നേക്കും.
കരട് രാഷ്ട്രീയ പ്രമേയത്തിലെ കല്ലുകടി സമവായത്തിലൂടെ തർക്ക പരിഹാരത്തിൽ എത്തിയിട്ടും സി.പി.എമ്മിൽ ഭിന്നിപ്പ് തുടർന്നു. പാർട്ടിക്കുള്ളിൽ ഐക്യം ഉറപ്പിക്കാൻ രാഷ്ട്രീയ പ്രമേയത്തിൽ ഭേദഗതി ഉൾപ്പെടുത്തിയിട്ടും ഇതു സംബന്ധിച്ച തർക്കം പാർട്ടിക്കുള്ളിൽ തുടരുകയാണ്. കോൺഗ്രസ് ബന്ധം സംബന്ധിച്ചു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ട് വെച്ച ഭേദഗതി ഉൾപ്പെടുത്തിയാണു കരട് രാഷ്ട്രീയ പ്രമേയം പരിഷ്‌കരിച്ചത്. എന്നാൽ, യെച്ചൂരിയുടെ ന്യൂനപക്ഷ നിലപാട് നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കോൺഗ്രസുമായുള്ള സമീപനത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് ഇന്നലെ പറഞ്ഞത്. തൊട്ടു പിന്നാലെ വൃന്ദയുടെ പ്രസ്താവനയെ തള്ളി ബംഗാൾ ഘടകം രംഗത്തെത്തി. 
രാഷ്ട്രീയ പ്രമേയം സംബന്ധിച്ചു പാർട്ടിയിൽ ഉണ്ടായ യോജിപ്പിനു വിരുദ്ധമായി വൃന്ദ കാരാട്ട് പ്രസ്താവന നടത്തിയെന്നു ചൂണ്ടിക്കാട്ടി ബംഗാൾ ഘടകം കേന്ദ്ര നേതൃത്വത്തോടു പരാതിപ്പെട്ടിട്ടുണ്ട്. യെച്ചൂരിയുടെ ന്യൂനപക്ഷ നിലപാട് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. ഭിന്നാഭിപ്രായങ്ങൾ പരിഗണിച്ച് തർക്ക വിഷയം ഒഴിവാക്കി രാഷ്ട്രീയ പ്രമേയത്തിലെ കോൺഗ്രസ് പരാമർശം സംബന്ധിച്ച ഖണ്ഡിക മാറ്റിയെഴുതുകയാണ് ചെയ്തത്. ഇതിനെ തിരുത്തൽ എന്നു പറയാനാകില്ല. 
പാർട്ടിക്കുള്ളിൽ ഉരുത്തിരിഞ്ഞ രണ്ട് നിലപാടുകൾ കണക്കിലെടുത്ത് കരട് പ്രമേയം പരിഷ്‌കരിക്കുകയാണ് ചെയ്തത്. ഇത് പാർട്ടിക്കുള്ളിൽ കൂട്ടായി എടുത്ത തീരുമാനമാണ്. സി.പി.എം ചിന്തിക്കുന്നവരുടെ പാർട്ടിയാണെന്നും ചർച്ചകളെയും വിയോജിപ്പോടുള്ള അഭിപ്രായങ്ങളെയും ജനാധിപര്യമായി കേൾക്കുന്നതാണ് പാർട്ടി രീതിയെന്നും അവർ പറഞ്ഞു. 
രാഷ്ട്രീയ പ്രമേയത്തിൽ പരിഷ്‌കാരം വരുത്തിയത് ആരുടെയും വിജയമോ പരാജയമോ അല്ല. ബംഗാളിൽ ഉണ്ടാക്കിയത് പോലെ കോൺഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കാനാകില്ലെന്നും വൃന്ദ പറഞ്ഞു. 
കോൺഗ്രസുമായി ഒരു നീക്കുപോക്കും പാടില്ലെന്ന് പാർട്ടി കോൺഗ്രസിൽ തീരുമാനിച്ചിട്ടില്ലെന്നാണ് ബംഗാളിൽനിന്നുള്ള പോളിറ്റ് ബ്യൂറോ അംഗവും ലോക്‌സഭ എം.പിയുമായ മുഹമ്മദ് സലിം പറഞ്ഞു. പാർട്ടി കോൺഗ്രസിൽ തീരുമാനിച്ചത് രാഷ്ട്രീയ ലൈൻ മാത്രമാണ്. തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് അതാതു സമയത്ത് തീരുമാനിക്കുമെന്നും മുഹമ്മദ് സലിം പറഞ്ഞു. വൃന്ദ കാരാട്ടിന്റെ പ്രസ്താവനയിലുള്ള എതിർപ്പ് ബംഗാൾ ഘടകം പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. 
സി.പി.എം കരട് രാഷ്ട്രീയ പ്രമേയത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടു വെച്ച ഭേദഗതി ഉൾപ്പെടുത്തി അംഗീകരിക്കപ്പെട്ടത് തങ്ങളുടെ അഥവാ കാരാട്ട് പക്ഷത്തിന്റെ പരാജയമല്ലെന്നു വ്യക്തമാക്കിയാണ് വൃന്ദ കാരാട്ട് സംസാരിച്ചത്. കോൺഗ്രസിനോടുള്ള നിലപാടിൽ പാർട്ടി ഇപ്പോഴും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് കാരാട്ട് പക്ഷം ഉറപ്പിച്ചു പറയുന്നു. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമോ ധാരണയോ പാടില്ലെന്ന ഭാഗം തിരുത്തി കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ലെന്നാണ് ചേർത്തത്. കരട് രാഷ്ട്രീയ പ്രമേയത്തിൽ മാറ്റം വന്നത് ആരുടെയും ജയമോ പരാജയമോ അല്ലെന്ന് സീതാറാം യെച്ചൂരിയും പറഞ്ഞിരുന്നു. ഭിന്നതകളില്ലെന്നും ഒറ്റക്കെട്ടായി നിൽക്കുന്നതാണ് സി.പി.എമ്മിന്റെ കരുത്തെന്നുമാണ് യെച്ചൂരി പറഞ്ഞത്. രാഷ്ട്രീയ പ്രമേയത്തിൽ മാറ്റമുണ്ടായെങ്കിലും തങ്ങളുടെ നിലപാടിൽ വെള്ളം ചേർത്തിട്ടില്ലെന്നു വ്യക്തമാക്കി ഉറച്ചു നിൽക്കാനാണ് കാരാട്ട് പക്ഷം ശ്രമിക്കുന്നത്. 
അതിനിടെ, സംഘടന പ്രമേയം സംബന്ധിച്ച ചർച്ചയിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചാണ് കേരളത്തിൽ നിന്നുള്ള എം.ബി രാജേഷും കെ. ചന്ദ്രൻ പിള്ളയും സംസാരിച്ചത്. കൊൽക്കത്ത പ്ലീനം തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നായിരുന്നു രാജേഷിന്റെ വിമർശനം. പാർട്ടി നേതൃത്വത്തിന് യോജിപ്പില്ലെന്നും അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും കേന്ദ്ര നേതൃത്വത്തിന് ഇടപെടാൻ കഴിയുന്നില്ലെന്നുമായിരുന്നു രാജേഷിന്റെ വിമർശനം. 
ദേശീയ നേതൃത്വത്തിന് നേരെ രൂക്ഷ വിമർശനങ്ങൾ ചൊരിഞ്ഞാണു ചന്ദ്രൻ പിള്ളയും സംസാരിച്ചത്. ദേശീയ തലത്തിൽ ഇടതുപക്ഷത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയില്ല. നവമാധ്യമങ്ങളുടെ സാധ്യതകൾ ബിജെപിയെ പോലെ പ്രയോജനപ്പെടുത്താൻ സിപിഎമ്മിനാകുന്നില്ല. കേരളത്തിൽ പാർട്ടി ശക്തി പ്രാപിച്ചത് കേന്ദ്ര നേതൃത്വത്തിന്റെ സഹായമില്ലാതെ സ്വന്തം പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ചന്ദ്രൻ പിള്ള തുറന്നടിച്ചു. കേരളത്തിൽ പാർട്ടി വളരാൻ കേന്ദ്ര നേതൃത്വം ഒരു സഹായവും ചെയ്യുന്നില്ലെന്നും ചന്ദ്രൻ പിള്ള കുറ്റപ്പെടുത്തി. 
 

Latest News