ലിസ്ബണ്‍- അപകടത്തില്‍ പരിക്കേറ്റയാളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചിട്ടും ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാതെ രോഗി മരിച്ച സംഭവം നിസ്സംഗതയോടെ കണ്ടിരുന്ന മലയാളിയുടെ കണ്ണു തുറപ്പിക്കണം പോര്‍ച്ചുഗലില്‍നിന്നുള്ള ഈ വാര്‍ത്ത.
പൂര്‍ണ്ണ ഗര്‍ഭിണിയായ ഇന്ത്യന്‍ വിനോദസഞ്ചാരി മരണപ്പെട്ട സംഭവത്തെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്ത ടെമിഡോ രാജിവെച്ചിരിക്കുകയാണ് ഇവിടെ.
34 വയസ്സുള്ള യുവതിയെ ഒരു ആശുപത്രിയില്‍നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. യുവതിയുടെ മരണം സംഭവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെയായിരുന്നു ആരോഗ്യമന്ത്രി മാര്‍ത്തയുടെ രാജി.
ലിസ്ബണിലെ ആശുപത്രിയില്‍നിന്ന് സാന്താ മരിയയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സില്‍ വെച്ചു തന്നെ യുവതിയുടെ അവസ്ഥ വഷളായി. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും യുവതിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ലിസ്ബണിലെ ആശുപത്രിയില്‍ നവജാത ശിശു പരിപാലന വിഭാഗത്തില്‍ സ്ഥലമില്ലാത്തതിനാലാണ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
പ്രധാനമന്ത്രി അന്റോണിയ കോസ്റ്റ ആരോഗ്യമന്ത്രി മാര്‍ത്ത ടെമിഡോയുടെ രാജി സ്വീകരിച്ചതായി അറിയിച്ചു. രാജ്യത്തെ ആരോഗ്യമേഖലയെ മെച്ചെപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2018 ലാണ് മാര്‍ത്ത ടെമിഡോ ആരോഗ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. കോവിഡ് മഹാമാരിയുടെ സമയത്ത് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൂടാതെ വിജയകരമായി വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
ഡോക്ടര്‍മാരുടെ അഭാവത്തില്‍ അടിയന്തര പ്രസവ സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തലാക്കിയ സാഹചര്യമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചത്. മാര്‍ത്തയുടെ രാജി സ്വീകരിച്ച പ്രധാനമന്ത്രി അവരുടെ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ചു.