ഭയപ്പെടുത്തി വോട്ട് നേടാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും പള്ളികളും മദ്രസകളും ലക്ഷ്യമിടുന്നു- ബദറുദ്ദീന്‍ അജ്മല്‍

ഗുവാഹത്തി-  2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ആര്‍എസ്എസും മുസ്ലിംകളേയും മദ്രസകളേയും പള്ളികളേയും ലക്ഷ്യമിടുകയാണെന്ന് എഐയുഡിഎഫ് നേതാവും ലോക്‌സഭാ എം.പിയുമായ ബദറുദ്ദീന്‍ അജ്മല്‍.
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‌ലിംകള്‍ക്കും മദ്രസകള്‍ക്കും പള്ളികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. മുസ്‌ലിംകളോടുള്ള ആക്രമണം വര്‍ധിച്ചാല്‍ തങ്ങളുടെ വോട്ടുകള്‍ വര്‍ധിക്കുമെന്ന് അവര്‍ കരുതുന്നു. 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് മുസ്ലിംകളെ ഭയപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്.   അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ ബി.ജെപിക്ക് മുസ്ലിം വോട്ടുകള്‍ ആവശ്യമാണ്. ഇതുകാരണമാണ് മുസ്ലിംകള്‍ക്കെതിരായ അവരുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത്. ഭീതിയിലാകുന്ന മുസ്ലിംകള്‍ അവര്‍ക്ക് വോട്ട് ചെയ്യുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നതെന്നും ബദ്‌റുദ്ദീന്‍ അജ്മല്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും ആര്‍.എസ്.എസും അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയത്തിലാണെന്നും എഎന്‍ഐയ്ക്ക് നല്‍കിയ  അഭിമുഖത്തില്‍ ബദ്‌റുദ്ദീന്‍ അജ്മല്‍ പറഞ്ഞു.
സംസ്ഥാനത്തെ മദ്രസകള്‍ക്കെതിരായ അസം സര്‍ക്കാരിന്റെ നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് ബദ്‌റുദ്ദീന്‍ അജ്മല്‍ പറഞ്ഞു.
മദ്രസകള്‍ ഇല്ലാതാക്കാന്‍ ഒരിക്കലും അനുവദിക്കില്ല.  മതവിദ്യാഭ്യാസത്തിന് പുറമെ പൊതുവിദ്യാഭ്യാസവും മദ്രസയില്‍ നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കും. ഏതെങ്കിലും മോശം ഘടകമുണ്ടെങ്കില്‍ അതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം, ഞങ്ങള്‍ അതിനെ എതിര്‍ക്കില്ല. എന്നാല്‍ മദ്രസകള്‍ പൊളിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല- അദ്ദേഹം  പറഞ്ഞു.

അറസ്റ്റിലായ വ്യക്തിയുമായുള്ള ജിഹാദ്, ഭീകരബന്ധം എന്നിവ തെളിയിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ആര്‍ക്കെങ്കിലും എതിരെ സര്‍ക്കാരിന് എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ ആ വ്യക്തിക്കെതിരെ സര്‍ക്കാരിന് നടപടിയെടുക്കാം. പക്ഷേ, മദ്രസകള്‍ തകര്‍ക്കുന്നത് അംഗീകരിക്കാനാവില്ല. രാജ്യത്തെ സ്വതന്ത്രമാക്കുന്നതില്‍ മദ്രസകള്‍ക്ക് വലിയ സംഭാവന നല്‍കിയിട്ടുണ്ട്. ഈ മദ്രസകളിലെ ഉലമാമാര്‍ ബ്രിട്ടീഷുകാരെ ഇവിടെ നിന്ന് ആട്ടിയോടിച്ചു. ഗാന്ധിജിയെ ഗാന്ധിജിയാക്കിയത് മദ്രസകാളാണ്.  ഈ മദ്രസകളെ അവഗണിക്കരുത്- ബദ്‌റുദ്ദീന്‍ അജ്മല്‍ പറഞ്ഞു.

 

 

Latest News