ട്രെയിന്‍ മറിഞ്ഞാലും കനകവല്ലി മോഹിച്ചത് ആക്രി വിറ്റുകിട്ടുന്ന പണം

കാസര്‍കോട്- യാത്രക്കാരെയും കയറ്റി പോകുന്ന ട്രെയിന്‍ മറിഞ്ഞാലും ആക്രി കടയില്‍ നിന്നും  കിട്ടുന്ന പണം മോഹിച്ചാണ്  തമിഴ്‌നാട്ടുകാരി കനകവല്ലി  റെയില്‍വേ ട്രാക്കില്‍ ഇരുമ്പു പാളി എടുത്തു വെച്ചത്.   കഴിഞ്ഞ 20 ന്  വൈകിട്ട് തൃക്കണ്ണാട് റയില്‍ പാളത്തിന് മുകളില്‍ റയില്‍വെ ഉപയോഗിക്കുന്ന കര്‍വ് റഫറന്‍സ് പില്ലര്‍ എടുത്തു വച്ച് അപകടം വരുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തിന്റെ അതീവ ഗൗരവം കണക്കിലെടുത്ത് ലോക്കല്‍ പൊലീസും ആര്‍ പി എഫും സമര്‍ത്ഥമായി നടത്തിയ അന്വേഷണത്തിലാണ് 22 കാരിയായ കനക വല്ലി കുടുങ്ങിയത്. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശിനി വി. കനകവല്ലിയും കുടുംബവും പള്ളിക്കര അരളിക്കട്ട എന്ന സ്ഥലത്ത് താമസിച്ചു ആക്രി സാധനങ്ങള്‍ പെറുക്കി വില്‍പന നടത്തുന്നവരാണ്. പാളത്തില്‍ വെച്ച കര്‍വ് റഫറന്‍സ് പില്ലര്‍ നീളത്തിലുള്ള ഉരുക്ക് കമ്പിയും അറ്റത്ത് കോണ്‍ക്രീറ്റ് കട്ടയുമാണ്. 30 കിലോയിലധികം തൂക്കം വരുന്ന ഉരുക്ക് കമ്പി പാളത്തില്‍ വെച്ചിരുന്നത് മറുവശത്തെ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാണാന്‍ ഇടയായതുകൊണ്ടാണ് അതേ സമയം കടന്നു പോകേണ്ടിയിരുന്ന ചെന്നൈ എക്‌സ്പ്രസ്സ് വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. അന്വേഷണ സംഘം ഈ കേസുമായി ബന്ധപ്പെട്ട് നൂറിലധികം ആള്‍ക്കാരെ ചോദ്യം ചെയ്തും നിരവധി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് കനകവല്ലിയിലേക്ക് എത്തിയത്. ട്രെയിന്‍ തട്ടി കോണ്‍ക്രീറ്റ് കട്ട ഇളകി മാറി കിട്ടി ഉരുക്കു കമ്പി വില്‍പന നടത്തുന്നതിനാണ് ഇങ്ങനെ പാളത്തില്‍ വെച്ചത് എന്ന് കനകവല്ലി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ചുരുങ്ങിയ ദിവസം കൊണ്ട് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞ പ്രത്യേക ടീമില്‍ ബേക്കല്‍ ഡിവൈ. എസ്. പി സി. കെ സുനില്‍ കുമാര്‍, ഇന്‍സ്പെക്ടര്‍ വിപിന്‍  റയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പാലക്കാട് ഇന്‍സ്പെക്ടര്‍ എന്‍. കേശവ ദാസ്, ആര്‍ പി എഫ് മംഗലാപുരം ഇന്‍സ്പെക്ടര്‍ എം. അക്ബര്‍ അലി, എസ് ഐ അജിത് അശോക് ബേക്കല്‍ എസ്. ഐ  രജനീഷ് എം, എസ്. ഐ സാജു തോമസ്, ആര്‍ പി എഫ് എ എസ് ഐ  ബിനോയ് കുര്യന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

 

Latest News