Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് ബന്ധം: സി.പി.എമ്മിനുള്ളിൽ  ആശയക്കുഴപ്പമെന്ന് ബിനോയ് വിശ്വം

സി.പി.ഐ പതാക ജാഥക്ക് കൊണ്ടോട്ടിയിൽ നൽകിയ സ്വീകരണം

കൊണ്ടോട്ടി - സി.പി.എമ്മിനുള്ളിലെ ആശയക്കുഴപ്പമാണ് പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ കോൺഗ്രസ് ബന്ധം സംബന്ധിച്ച വാചകം പിൻവലിക്കാൻ കാരണമെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം. സി.പി.ഐ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള പതാക ജാഥക്ക് മലപ്പുറം ജില്ലയിലെ ആദ്യ കേന്ദ്രമായ കൊണ്ടോട്ടിയിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസുമായി സഖ്യമില്ലാതെ ബി.ജെ.പിയെ ചെറുക്കണമെന്നുള്ള വാദം ചോര പൊടിയാതെ ശസ്ത്രക്രിയ നടത്തണമെന്ന് പറയും പോലെയാണ്. നടക്കാത്ത കടുംപിടിത്തങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. ബി.ജെ.പിയെയും കോൺഗ്രസിനെയും തുല്യ അപകടമായി കണ്ടുകൂടാ എന്ന് പറയുന്നവർ പ്രമേയത്തിനകത്ത് കൈപൊള്ളുംവിധമുള്ള വാചകം എഴുതിച്ചേർത്തത് എന്തിനാണ്. അതിന്റെ പിന്നിൽ ഭിന്നിപ്പിന്റെ മനഃശാസ്ത്രം ഉണ്ടാകാം. അതിന്റെ തടവിൽനിന്ന് പുറത്ത് വരാൻ സി.പി.എമ്മിന് കാലമായിരിക്കുന്നു. കമ്യൂണിസ്റ്റ് ഐക്യത്തിന്റെ ആവശ്യകതയെ പറ്റി അവർക്ക് ബോധമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
പുലത്ത് കുഞ്ഞു അധ്യക്ഷനായി. കെ.പി. രാജേന്ദ്രൻ, വി. ചാമുണ്ണി, പി.കെ. ജനാർദ്ധനൻ, അഡ്വ. പി.കെ. വസന്തം, സന്തോഷ് കുമാർ, മഹേഷ് കക്കത്ത് സംസാരിച്ചു. കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ കേന്ദ്രങ്ങളിലാണ് ജില്ലയിൽ സ്വീകരണം നൽകിയത്.
 

Latest News