കണ്ണൂര്‍-ജോലി തേടിയെത്തിയ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ മയക്കുമരുന്നു നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ സഹായം നല്‍കിയ സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ സിറ്റി പോലീസ് കേസെടുത്തു. പ്രതികള്‍ സംസ്ഥാനം വിട്ടുവെന്നാണ് സൂചന.
കണ്ണൂരില്‍ ജോലി തേടിയെത്തിയ ഈറോഡ് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയാണ് ബലാത്സംഗത്തിനിരയായത്. യുവതി ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. അകന്ന ബന്ധുവായ സ്ത്രീയുടെ നിര്‍ദേശപ്രകാരം കൂലിപ്പണിക്കായി എത്തിയ യുവതി കണ്ണൂര്‍ ചാലക്കുന്നിലെ വാടക വീട്ടിലായിരുന്നു താമസം.
നേരത്തെ കണ്ണൂരിലുണ്ടായിരുന്ന അകന്ന ബന്ധുവായ സ്ത്രീ ഇവരെ തേടിയെത്തി ആക്രി പെറുക്കുന്ന ജോലിക്കായി കൂട്ടുകയായിരുന്നു. ഇതിനിടെ, കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കണ്ണൂര്‍ സിറ്റിക്കടുത്ത് കാഞ്ഞിരയിലെ തന്റെ വാടക വീട്ടിലേക്ക് ഇവര്‍ യുവതിയെ നിര്‍ബന്ധിച്ച് കൊണ്ടു പോയി. അവിടെ വെച്ച് കുടിക്കാനായി മയക്കുമരുന്നു കലര്‍ത്തിയ പാനീയം നല്‍കി. ഇതു കഴിച്ചതോടെ ഇവര്‍ മയക്കത്തിലായി. ഇതിന് പിന്നാലെ വീട്ടിലെത്തിയ രണ്ടു പേരാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെ യുവതി അബോധാവസ്ഥയിലായി. കഴിഞ്ഞ ദിവസം ഉച്ചയോടെ ഈ വീട്ടില്‍ നിന്നിറങ്ങിയ യുവതി ജില്ല ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. അവിടെ വെച്ച് ഡോക്ടറോടാണ് പീഡന വിവരം പറഞ്ഞത്. ഇതിനിടയില്‍ യുവതി വീണ്ടും അബോധാവസ്ഥയിലായി. പിന്നീട് വൈകുന്നേരത്തോടെ ആശുപത്രി വിട്ട യുവതി സിറ്റി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് പീഡനം നടന്ന വീട്ടിലെത്തിയെങ്കിലും ഒത്താശ ചെയ്ത സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍ പോയിരുന്നു. യുവതിയെ പീഡിപ്പിച്ചവരില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രി സാധനങ്ങള്‍ കൊണ്ടു പോകുന്ന ഓട്ടോയുടെ െ്രെഡവറായ യുവാവാണ് ഇയാള്‍ എന്നാണ് വിവരം. തമിഴ്‌നാട് സ്വദേശിയും യുവതിയുടെ അകന്ന ബന്ധുവുമായ മലര്, വിജേഷ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ചാലക്കുന്നിലെ താമസസ്ഥലത്തുനിന്ന് ആക്രി സാധനങ്ങള്‍ കൊണ്ടു പോകുന്ന ഓട്ടോയിലാണ് യുവതിയെ പീഡനം നടന്ന സിറ്റിയിലെ വീട്ടിലെത്തിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. ഭര്‍ത്താവും കുട്ടികളും ഇപ്പോള്‍ സേലത്താണ് ഉള്ളതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ സിറ്റി സി.ഐ, രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.






