പയ്യന്നൂര്‍-സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വ്യാപാരിയും ഭാര്യയും കത്തെഴുതി വെച്ച് നാടുവിട്ടു. മാത്തില്‍ വടശേരി സ്വദേശിയും പ്രാന്തം ചാലില്‍ പെരുമാള്‍ മെറ്റല്‍സ് വ്യാപാരിയുമായ ഗണേശന്‍ (51), ഭാര്യ മല്ലിക (42 ) എന്നിവരെയാണ് കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളില്‍ പോകാനൊരുങ്ങുകയായിരുന്ന മകനോട് മംഗലാപുരത്തെ ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞിരുന്നുവെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാത്രി വൈകിയും തി രിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ നാടുവിട്ടതാണെന്ന് മനസ്സിലായത്. പരിശോധനയില്‍
വീട്ടിലെ കിടപ്പു മുറിയിലാണ് ജ്യേഷ്ഠസഹോദരന് എഴുതി വെച്ച കത്തു കണ്ടത്. തുടര്‍ന്ന് പെരിങ്ങോം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ എഴുതിവെച്ച കത്തും നല്‍കി.
മാത്തില്‍ ടൗണില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന പെരുമാള്‍ മെറ്റല്‍സ് കട പൂട്ടിയ ശേഷം സമീപകാലത്താണ് ഉടമയായ വടശ്ശേരിയിലെ ഗണേശന്‍ പ്രാന്തം ചാലില്‍ പെരുമാള്‍ മെറ്റല്‍സ് എന്ന പേരില്‍ കട തുടങ്ങിയത്. അടുപ്പക്കാരായ ചിലര്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തിലും കടബാധ്യതയുടെ സൂചനകള്‍ പുറത്തു വന്നിട്ടുണ്ട്. ഗണേശന്റെയും ഭാര്യയുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.