പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുകില്ല. ജി23 കമ്പനി മൊത്തം പോകട്ടെ; മുൻ ദേശീയ പാർട്ടിയുടെ ആപ്പീസ് പൂട്ടാൻ പോകുന്നില്ല. പണ്ടു പണ്ട് മൊറാർജി, നിജലിംഗപ്പ, അതുല്യഘോഷ് തുടങ്ങിയ ഒരു ഡസൻ ഹിഡുംബന്മാർ കോൺഗ്രസ് വിട്ടു. ഇന്ദിരാഗാന്ധി കുലുങ്ങിയോ? ഇന്ദിരയും കൂട്ടരും പാർട്ടി വിട്ടുവെന്നാണ് പഴമൊഴിയെങ്കിലും യാഥാർഥ്യം പിന്നീട് തെളിഞ്ഞു. ദേശീയ പാർട്ടിയിലെ 'കാർണോന്മ'രെല്ലാവരും 'സിൻഡിക്കേറ്റാ'യി വഴിയൊതുങ്ങിനിന്നു. ഇന്ദിരയും കൂട്ടരും ആചാര വെടികൾ പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഇന്ത്യയൊട്ടാകെ അടിച്ചുപൊളിച്ചു. ദാ, ഇപ്പോൾ വീണ്ടും അതിന്റെ ഒരു ലാഞ്ചന! ഗുലാംനബി ആസാദ് കശ്മീരിലേക്കു പോയി തെരഞ്ഞെടുപ്പിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നാണ് ഹൈക്കമാൻഡ് മോഹിച്ചത്, ച്ചാൽ, മമ്മിയും മക്കളും. ഇന്ദിരാജിയുടെ 'കിച്ചൻ കാബിനറ്റ്' പാരമ്പര്യം തൂത്തെറിയാൻ ചൂലുമായി ഇറങ്ങിയതാണ് നാലാം തമ്പുരാൻ രാഹുൽജി. സൂചി കടത്താവുന്നിടത്ത് തൂമ്പ കടത്താൻ പഴുതന്വേഷിച്ച് രാജസ്ഥാൻ നേതാജി അശോക് ഗെഹ്ലോട്ട്ജിയും പറന്നെത്തി. അപകടം മണത്തറിയാൻ പ്രത്യേകിച്ചു പോലീസ് നായയുടെ സഹായമൊന്നും വേണ്ട; ഹൈക്കമാൻഡ് തന്നെ ധാരാളം മതി. സംഘടന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പരിപാടിയുടെ പാലം പകുതിക്കു വെച്ചു വെട്ടി നിലത്തിട്ട് മമ്മി അകത്തു കയറി കതകടച്ചു. ഇവിടെ ന്യായമായും ഉയർന്നുവരേണ്ട ഒരു പേരുണ്ട്- ഡോ. ശശി തരൂർ. പക്ഷേ, ജി23 ൽ പെട്ടുപോയി. മാത്രമല്ല, അദ്ദേഹം ദില്ലിയിലെ വാഴ്ത്തുന്ന കീർത്തനങ്ങളും മന്ത്രങ്ങളും കൈവിട്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ തരൂർജി പാടിയ സ്തുതി ഗീതം സർവത്ര ആശയക്കുഴപ്പമുണ്ടാക്കിയിട്ടുമുണ്ട്. ഒന്ന്- നിലപാടും ഉറച്ച തീരുമാനങ്ങളും വാക്കിനു വിലയുള്ള വ്യക്തിയുമാണ് പിണറായി വിജയൻ. (ന്റമ്മച്ചീ, കേരളത്തിലെ കോൺഗ്രസുകാർ ഒന്നടങ്കം ഞെട്ടി. പിന്നാലെ സംസ്ഥാനത്ത് കസേരയില്ലാത്ത ബി.ജെ.പിയും). രണ്ട്- കോൺഗ്രസിലെ ഏറ്റവും ജനപ്രിയനായ നേതാവാണ് ഉമ്മൻ ചാണ്ടി. (ശ്ശൊ! മുടിഞ്ഞുപോകാൻ അങ്ങോരുടെ ഒരു സ്വഭാവ സർട്ടിഫിക്കറ്റ് എന്നു ചെന്നിത്തല - ചേർത്തല ഭാഗങ്ങളിൽനിന്നും കൂട്ടക്കരച്ചിൽ!) ചില ഗ്രൂപ്പ് വീരന്മാരെ പണ്ടേ ഒതുക്കേണ്ടതിന്റെ സൂചന നൽകി 'വൈറലാ'യ പ്രയോഗങ്ങളമുണ്ട് തരൂർജിയുടേതായി- അതിലൊന്ന് അദ്ദേഹത്തിന്റെ ആംഗലത്തിൽ നിന്നുള്ള പ്രയോഗമത്രേ- പന്നിയുടെ കൂടെ കളിക്കാൻ ഇറങ്ങരുത്. ആ ജീവിക്കു രസം തോന്നാം; പക്ഷേ നമ്മുടെ വസ്ത്രങ്ങൾ മലിനമാകും. അപ്പോൾ കാര്യങ്ങൾ വ്യക്തമായല്ലോ, യേത്? തരൂരിനും ദില്ലിയിൽ ഇനി വകയില്ല. ഇനി അവശേഷിക്കുന്നത്, ഇരുപതു കൊല്ലം പാർട്ടിയെ നയിച്ച് രണ്ടു സംസ്ഥാന ഭരണത്തിലേക്കു മാത്രമായി ഒതുക്കിയ മമ്മി മാത്രം. രാഹുലന് 'പിൻസീറ്റ് ഡ്രൈവിംഗ്' മാത്രമാണ് ഇഷ്ടം; ശീലിച്ചുപോയി. പ്രിയങ്കാജിക്ക് യു.പിയിൽ പൂജ്യമാണ് ജനപിന്തുണ. പ്രസിഡന്റാക്കിയാൽ ഭർത്താവ് വദ്ര പിൻസീറ്റ് ഭരണം തുടങ്ങും. ഇനി അവശേഷിക്കുന്നത് 'രണ്ടു മുതൽ പൂജ്യം വരെ' എത്തിക്കാൻ കഴിയുന്ന കേരള പ്രതിനിധിയാണ്- കെ.സി. വേണുഗോപാൽ. 'മൂടില്ലാ താളി' എന്ന സസ്യവർഗത്തിൽ പെടും. സംഘടന പാരമ്പര്യമനുസരിച്ച് കെ.സി എന്തുകൊണ്ടും യോഗ്യനാണ്. അല്ലെന്നു സരിത എസ്. നായർ പറയട്ടെ!
**** **** ****
അരിമില്ല് നടത്തിയും കടുമാങ്ങ അച്ചാർ കച്ചവടം ചെയ്തും ജീവിച്ചുപോന്ന പാവപ്പെട്ട മുൻ കേരള ഗവർണറന്മാരെപ്പോലെയല്ല ഇന്നത്തെ ആരിഫ് മുഹമ്മദ് ഖാൻജി എന്നു പലവട്ടം ഓർമിപ്പിച്ചതാണ്. മറ്റുള്ളവരെ സഹായിക്കാനായാൽ സുഖമായി ഉറങ്ങാനുമാകും' എന്ന് ഈയിടെ ഒരു ഭവന താക്കോൽദാന പരിപാടിയിൽ അദ്ദേഹം സൂചിപ്പിച്ചു. ഖാൻജിയുടെ പ്രസ്താവനകൾക്കെല്ലാം പല മാനങ്ങളുണ്ട്. അതു മനസ്സിലാക്കാത്ത ഭരണക്കാർ 'മാനംകെട്ടു'പോകും. പിന്നീട് പഴിയാകട്ടെ അദ്ദേഹത്തിനും ഗവർണറിലൂടെ സംസ്ഥാന ഭരണത്തിന്റെ താക്കോൽ കൈമാറിക്കിട്ടുമെന്ന് ആരൊക്കെയോ കിനാവു കാണുന്നുണ്ട്. അതു കഴിഞ്ഞാലേ സുഖമായി ഉറങ്ങാനാകൂ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകളുടെ ധ്വനിയെന്നു മലയാള രാഷ്ട്രീയ പണ്ഡിതന്മാർ കണ്ടെത്തിയിരിക്കുന്നു. 'ധ്വനി' പ്രയോഗത്തിന്റെ വക്തവായി ഡോ. പുതുശ്ശേരി രാമചന്ദ്രനെ ഏവരും മാനിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം, അലങ്കാര വിശേഷം ഏറ്റെടുക്കാനുണ്ടായത് ഗവർണർജി മാത്രമത്രേ! അതാണല്ലോ, കണ്ണൂർ സർവകലാശാല വി.സിയിൽ അദ്ദേഹം ഒരു 'ഗുണ്ട'യെ കണ്ടെത്തിയത്! 'കണ്ണൂരെന്നു' കേട്ടു. ഗുണ്ടയെന്ന് ഉറപ്പിച്ചു.
ഗവർണറുടെ 'രാജ്ഭവൻ' ഒരു ആറെസ്സെസ്സ് കേന്ദ്രമാണെന്ന് രണ്ടു ജയരാജന്മാർ (അതും കണ്ണൂർ തന്നെ!) ഒന്നിച്ചും വെവ്വറെയായും പ്രസ്താവിച്ചാണ് പകരം വീട്ടിയത്. കുറ്റപ്പെടുത്താനാവില്ല; ഇത്ര വിസ്താരമുള്ള ഒരു പ്രദേശം എന്തിനാണ് ഗവർണർക്കു വസിക്കുവാനായി? അഥവാ, ഒരു ഗവർണർ തന്നെ എന്തിനാണ് ഒരു സംസ്ഥാനത്തിന്? ഭരണത്തിന്റെ സസൂക്ഷ്മമേൽ നോട്ടത്തിന് എന്നാണെങ്കിൽ, അന്തകാലമെല്ലാം പോയി. ഇപ്പോൾ പല കേന്ദ്ര മന്ത്രിമാരുടെയും പണി തന്നെ സംസ്ഥാന മേൽനോട്ടമല്ലേ? നമ്മുടെ വി. മുരളീധരൻ തന്നെ സംസ്ഥാനത്തിരുന്നല്ലേ കാലം കഴിച്ചുകൂട്ടുന്നത്?
**** **** ****
'അസാധാരണ' സാഹചര്യത്തിൽ വല്യേട്ടന്റെ പാർട്ടി ഞായറാഴ്ച സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു. 'ഓഗസ്റ്റ് 28- അസാധാരണ ഞായറാഴ്ച'യായി ഭാവി ചരിത്രം രേഖപ്പെടുത്തും. കൈവശമുള്ള ഏക സംസ്ഥാന ഭരണത്തെ തട്ടി താഴെയിടാൻ അന്താരാഷ്ട്ര തലത്തിൽ വരെ ഗൂഢാലോചന വ്യാപിക്കുന്നുണ്ട്? 'കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപോകും' എന്ന് എ.കെ.ജി സെന്ററിനു മുന്നിലൂടെ നടന്നുപോകുന്ന ചിലർ മൂളിപ്പാട്ട് പാടുന്നതായി വല്യേട്ടൻ ഗസ്റ്റപ്പോ സഖാക്കൾ വഴി അറിഞ്ഞിട്ടുണ്ട്. ഇന്ദുലേഖ അല്ലെങ്കിൽ അടിച്ചുതളിക്കാരിയായാലും മതി' എന്ന ശൈലിയിൽ, തൽക്കാലം സിറ്റി കോർപറേഷൻ ഭരണമായാലും മതി എന്ന നിലയിലാണ് സംഘ് പരിവാരങ്ങളുടെ നീക്കം. സദാ പല്ലു മുപ്പത്തിരണ്ടും പുറത്തു കാട്ടി ചിരിക്കുന്ന മേയർ കുട്ടിയെ ഒന്നു കരയിക്കണം എന്നൊരു വാശി. 'എ.കെ.ജി സെന്റർ ആക്രമണം' മഹത്തായ മൂന്നാംമാസം പിന്നിടുന്നുവെന്ന വാൾപോസ്റ്ററുകൾ തലസ്ഥാനം മുഴുവൻ നിറയുന്നു. അതുകൊണ്ടു തന്നെ, ജില്ല സെക്രട്ടറിയുടെ ഓഫീസിനു നേർക്കുണ്ടായ കല്ലേറിനും കൺവീനർ ജയരാജൻ സഖാവ് തന്നെ പ്രതികരിച്ചു. രാത്രി രണ്ടു മണിക്ക് ഉറക്കക്ഷീണം നിമിത്തം സി.സി.ടി.വി ക്യാമറ പോലും കണ്ണടച്ച നേരത്തായിരുന്നുവത്രേ പൈശാചിക സംഭവം! നേരം പരപരാന്നു വെളുക്കും മുമ്പേ ജയരാജൻ സഖാവിന്റെ പ്രസ്താവന എത്തി- സംഘ്പരിവാർ തന്നെ. ആദ്യത്തെ കേസിൽ പോലീസ് ഇരുട്ടിലും പുത്തൻകേസിൽ പകൽ വെളിച്ചത്തിലും തപ്പുകയാണ്! ഇതിനിടയിലാണ് സംസ്ഥാന കമ്മിറ്റിയുടെ 'അസാധാരണ'യോഗം. അജണ്ടയിൽ 'കേരള ഗവർണർ' മാത്രമല്ല 'ആനാവൂർ ആക്രമണ'വും ഉണ്ടാകണമല്ലോ! എച്ച്.ജി. വെൽസിന്റെ പ്രസിദ്ധ നോവലായ 'അദൃശ്യ മനുഷ്യ'നിലെ നായകനെപ്പോലെ, വല്ല കണ്ടുപിടിത്തവും പ്രതിപക്ഷങ്ങൾ (കോൺഗ്രസും ബി.ജെ.പിയും ഇവിടെ ഒന്നാണെന്നാണ് പാർട്ടി തീരുമാനം) നടത്തിക്കഴിഞ്ഞുവോ എന്നും ചർച്ച ചെയ്തിരിക്കണം. നിർബന്ധമാണ്. യോഗത്തിനിടക്കും ശേഷവുമുള്ള 'മെനു'വിൽ പതിവിൽ നിന്നും വ്യത്യാസങ്ങൾ കണ്ടതായും പറയപ്പെടുന്നു.






