ഇടത് ഒളിയജണ്ടയും മുസ്‌ലിം സമുദായവും

1980 ൽ അറബി ഭാഷയിൽ കൈവെച്ച പോലെ, വഖഫ് നിയമനങ്ങളിൽ കൈവെച്ചു. എന്നിട്ട് മുസ്‌ലിം സംഘടനകൾ എതിർപ്പുമായി വന്നപ്പോൾ അവരിൽ പരമാവധി ചേരിത്തിരിവുണ്ടാക്കിയ ശേഷം നിയമം പിൻവലിച്ചു. കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ ആളെ മാനദണ്ഡങ്ങൾ മറയാക്കി ജില്ല കലക്ടറാക്കി നിയമിച്ചു. മുസ്‌ലിം പണ്ഡിതർ തെരുവിലിറങ്ങിയപ്പോൾ നിയമനം പിൻവലിച്ചു. ഒരിക്കലും സംഗതമല്ലാത്ത ആശയങ്ങൾ കുത്തിനിറച്ചുകൊണ്ട് കലാലയങ്ങളിൽ ജെൻഡർ ന്യൂട്രാലിറ്റി കൊണ്ടുവരുന്നതിനുള്ള ശ്രമം നടത്തി. 

 

ഇടതുപക്ഷം, വിശിഷ്യ സി.പി.എം ഭരണത്തിലെത്തുമ്പോൾ കൂടെ ചില മാർക്‌സിയൻ ആശയങ്ങളും ജനാധിപത്യത്തിന് നിരക്കാത്ത നിലയിൽ സമൂഹത്തിലേക്ക് പ്രസരണം നടത്താൻ ശ്രമിക്കാറുണ്ട്. കൗശലപൂർവമായ നടപടികളിലൂടെയാണ് ഈ പരാക്രമങ്ങൾ നടപ്പിലാക്കുക. വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക ചട്ടക്കൂടിനകത്താണ് ഇവയുടെ സ്ഥാനം. പഠനങ്ങളുടെയും പരിഷ്‌കാരങ്ങളുടെയും മേനിവസ്ത്രങ്ങളിൽ മുഖപടം മൂടിക്കൊണ്ട് സന്നിവേശിപ്പിക്കുമ്പോൾ ആരുമത് ശ്രദ്ധിക്കുകയില്ലെന്ന മൗഢ്യത്തിൽനിന്നാണ് പിന്നെയും പിന്നെയും ഈ ആപൽക്കളിക്ക് സി.പി.എം കലം മയക്കുന്നത്. പിണറായിയുടെ രണ്ടാമൂഴത്തിൽ ഈ അസ്‌കിത ഭരണതലത്തിൽ വലിയ അജണ്ടയായി നടപ്പിലാക്കപ്പെടുമ്പോൾ പിന്നിൽ നയിക്കപ്പെടുന്ന പ്രത്യയശാസ്ത്ര പ്രലോഭനം പരിശോധിക്കപ്പെടേണ്ടതുണ്ട്.
1967-69 കാലയളവിലാണ് ഇ.എം.എസിന്റെ നേതൃത്വത്തിൽ ആദ്യമായി സി.പി.എം ഭരണത്തിലേറുന്നത്.  (1957 ലെ ഇ.എം.എസിന്റെ രണ്ടര വർഷത്തിൽ താഴെയുള്ള ഭരണകാലത്ത് സി.പി.എം എന്ന പാർട്ടി രൂപീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.) അതു കഴിഞ്ഞ് 1980 ൽ ആറാം നിയമസഭയിലാണ് ഇ.കെ. നായനാരുടെ നേതൃത്വത്തിൽ സി.പി.എം ഭരണം പിടിക്കുന്നത്. 
ഉടനെ തന്നെ അറബി ഭാഷക്ക് കൂച്ചുവിലങ്ങിടുന്ന മൂന്ന് കരിനിയമങ്ങൾ മന്ത്രിസഭ ചുട്ടെടുത്ത് നടപ്പിൽ വരുത്തി. 1967 ലെ മന്ത്രിസഭയിൽ വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത് മുസ്‌ലിം ലീഗിന്റെ മന്ത്രി സി.എച്ച്. മുഹമ്മദ് കോയയായിരുന്നു. അദ്ദേഹം നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഫലമായി ആയിരക്കണക്കായ മുസ്‌ലിം അധ്യാപകർ കേരളത്തിൽ അങ്ങോളമിങ്ങോളം വലിയ സാംസ്‌കാരിക-രാഷ്ട്രീയ വിപ്ലവത്തിന് നാന്ദി കുറിച്ചു. അത് സി.പി.എം വോട്ട് ബാങ്കിൽ കനത്ത പ്രഹരം സൃഷ്ടിച്ചുവെന്ന് സി.പി.എമ്മിന് വേണ്ടി പഠനം നടത്തിയ ഏജൻസികൾ കണ്ടെത്തി. അറബി ഭാഷക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ട് മുസ്‌ലിം സ്വത്വ രാഷ്ട്രീയത്തെ തളയ്ക്കുകയാണ് സി.പി.എം അജണ്ട. ഇത് കൃത്യമായി മനസ്സിലാക്കിയതിന്റെ ഫലമാണ് 1980 ലെ സമരവും മൂന്ന് രക്തസാക്ഷികളെ ഭാഷക്കു വേണ്ടി സമ്മാനിച്ചതും.
മൂന്ന് തവണയായി പത്ത് വർഷം കാലാവധിയിൽ നായനാരും അഞ്ച് വർഷം അച്യുതാനന്ദനും കേരളം ഭരിച്ചുവെങ്കിലും തുടർ ഭരണവും ഏകാധിപത്യ ഭാവവും കേരളത്തിൽ ഇതുവരെ സാധിച്ചിട്ടില്ലായിരുന്നു. എന്നാൽ സി.പി.എം ഭരണത്തിലേറിയ ബംഗാളിലും ത്രിപുരയിലും പ്രതാപകാലത്ത് പതിറ്റാണ്ടുകൾ കുത്തക ഭരണം ആസ്വദിച്ചത് കേരളത്തിലെ സി.പി.എമ്മിന് സ്വപ്നം മാത്രമായി അവശേഷിച്ചൊരു കാലത്താണ് പിണറായി വിജയനിലൂടെ തുടർഭരണം കരഗതമായിരിക്കുന്നത്. അത് സാധ്യമാക്കുന്നതിൽ ഇസ്‌ലാമോഫോബിയ ചേരുംപടി ചേർത്ത് ന്യൂനപക്ഷത്തിന്റെ ശാക്തിക ബലം പൊട്ടിച്ച് നടത്തിയ കളി ഫലം കണ്ടുവെന്നത് സമാന പരീക്ഷണങ്ങൾക്ക് കരുത്തേകുകയാണ് ചെയ്തത്. ക്രിസ്ത്യൻ പൊതുബോധത്തിൽ മുസ്‌ലിംകൾ അവരുടെ രാഷ്ട്രീയ സാമ്പത്തിക അന്തകരായി മാറുകയാണ് എന്ന നിലക്കുള്ള പ്രചാരണമാണ് ആദ്യത്തെ പരീക്ഷണം. അത് അത്ഭുതങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു. തൽഫലമായി മുസ്‌ലിം പേരിൽ ഒരാളും ക്രിസ്ത്യൻ ജനത വസിക്കുന്ന പ്രദേശങ്ങളിൽനിന്ന് തെരഞ്ഞെടുപ്പിൽ വിജയിക്കാത്തത്രത്തോളം വികാസം പൂണ്ടു.
രണ്ടാം ഘട്ടത്തിൽ മുസ്‌ലിംകൾക്കിടയിൽ വോട്ട് കേന്ദ്രീകരിക്കപ്പെടുന്നതിൽ വിള്ളൽ വീഴ്ത്തുന്നതിനുള്ള ശ്രമങ്ങളാണ് വിജയിപ്പിച്ചെടുത്തത്. അര ഡസനോളം എം.എൽ.എമാരെ ഇക്കണക്കിന് പരാജയപ്പെടുത്തുന്നതിൽ നിർണായകമായി മാറി ഈ തുറുപ്പ്. ദുർബലമായ മുസ്‌ലിം രാഷ്ട്രീയ സമ്മർദത്തെ അരികിൽ നിർത്തിക്കൊണ്ട് ചിലത് നടപ്പിലാക്കി. അവരെ വിദ്യാഭ്യാസ സംവരണത്തിൽ അസ്തപ്രജ്ഞരാക്കുന്ന നടപടിയായിരുന്നു, മുന്നോക്കക്കാരിൽ പിന്നോക്കമുള്ളവർക്കുള്ള സാമ്പത്തിക സംവരണം. ഒരു പഠനത്തിന്റെയും പിൻബലമില്ലാതെ നടത്തിയ ഈ പകൽകൊള്ള പക്ഷേ, തിരിച്ചറിയുന്നതിൽ മുസ്‌ലിംകൾ നൂറ് ശതമാനവും അന്ധരായിപ്പോയി. അങ്ങനെയാണ് വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്ന നിയമം ചുട്ടെടുത്തത്. അവിടെയും സമുദായത്തിനകത്തെ ഭിന്നത വേണ്ടുവോളം സി.പി.എം കത്തിച്ചു.
വൈകാതെ ക്രിസ്ത്യൻ അജണ്ടകൾ ഒന്നൊന്നായി നടപ്പിലാക്കിക്കൊടുത്തു. ന്യൂനപക്ഷ ബോർഡ് അധ്യക്ഷപദം അവർക്ക് കൊടുത്തു. മുസ്‌ലിം അവശത പഠിച്ചുകൊണ്ട് പരിഹാരം നിർദേശിച്ച സച്ചാർ കമ്മിറ്റിയുടെ ശുപാർശ പ്രകാരം രൂപീകരിച്ച സംവിധാനം ക്രിസ്ത്യൻ ആവശ്യപ്രകാരം അട്ടിമറിക്കപ്പെട്ടു. യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് അഞ്ചാം മന്ത്രിയെച്ചൊല്ലി അപവാദം പ്രചരിപ്പിച്ച് ഇസ്്‌ലാമോഫോബിയ സൃഷ്ടിച്ചവർ അധികാരത്തിലേറിയപ്പോൾ 24 കാബിനറ്റ് പദവികളില് 27 ശതമാനം വരുന്ന മുസ്‌ലിംകൾക്ക് നൽകിയത് 3 മന്ത്രിസ്ഥാനം മാത്രം, അഥവാ 12%. അതേസമയം 18 ശതമാനമുള്ള ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് മന്ത്രിമാർ 4, അഥവാ 17 ശതമാനം. എട്ട് ശതമാനം മാത്രമുള്ള നായർ സമുദായത്തിന് 9 പദവികൾ, അഥവാ 37.5 ശതമാനം.
ഇതിനൊക്കെ ന്യായീകരണങ്ങളുമുണ്ട്, സമുദായം നോക്കിയല്ല ഇടതുപക്ഷത്ത് കാര്യങ്ങൾ നിർണയിക്കുകയെന്ന്. എങ്കിൽ ഏതെങ്കിലുമൊരു ഇടത് ഭരണകാലത്ത് മുസ്‌ലിം പ്രാതിനിധ്യത്തിന് ആനുപാതികമായി മുസ്‌ലിം മന്ത്രിമാർ ഉണ്ടാകുമല്ലോ? ഒന്നാം ഇ.എം.എസ് മന്ത്രിസഭയിൽ രണ്ട് പേരായിരുന്നുവെങ്കിൽ രണ്ടാം മന്ത്രിസഭയിൽ മുസ്‌ലിം ലീഗ് ഉള്ളതുകൊണ്ട് മാത്രം നാല് പേരുണ്ടായി. ഒന്നാം നായനാർ സർക്കാരിൽ രണ്ട് മുസ്‌ലിം മന്ത്രിമാരുണ്ടായിരുന്നതിൽ രണ്ടും (ആര്യാടനും പി.എം. അബൂബക്കറും) ഇടതുപക്ഷമായിരുന്നില്ല. രണ്ടാം നായനാർ മന്ത്രിസഭയിൽ 22 പദവികളിൽ മരുന്നിന് മാത്രമൊരു ടി.കെ. ഹംസ. അച്യുതാനന്ദൻ കാബിനറ്റിൽ 23 ൽ രണ്ട്. ഒന്നാം പിണറായി മന്ത്രിസഭയിൽ രണ്ടുപേർ.  
ഇതൊക്കെയിപ്പോൾ പറയുന്നത്, രണ്ടാം മന്ത്രിസഭ അധികാരമേറ്റ ശേഷം നിഗൂഢമായി നേരത്തെ നടപ്പിലാക്കി വിജയിച്ച അജണ്ടയുടെ ബാക്കിപത്രം കൂടി നടപ്പിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടെന്ന് തോന്നിയതിനാലാണ്. 1980 ൽ അറബി ഭാഷയിൽ കൈവെച്ച പോലെ, വഖഫ് നിയമനങ്ങളിൽ കൈവെച്ചു. എന്നിട്ട് മുസ്‌ലിം സംഘടനകൾ എതിർപ്പുമായി വന്നപ്പോൾ അവരിൽ പരമാവധി ചേരിത്തിരിവുണ്ടാക്കിയ ശേഷം നിയമം പിൻവലിച്ചു. കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ ആളെ മാനദണ്ഡങ്ങൾ മറയാക്കി ജില്ല കലക്ടറാക്കി നിയമിച്ചു. മുസ്‌ലിം പണ്ഡിതർ തെരുവിലിറങ്ങിയപ്പോൾ നിയമനം പിൻവലിച്ചു. ഒരിക്കലും സംഗതമല്ലാത്ത ആശയങ്ങൾ കുത്തിനിറച്ചുകൊണ്ട് കലാലയങ്ങളിൽ ജെൻഡർ ന്യൂട്രാലിറ്റി കൊണ്ടുവരുന്നതിനുള്ള ശ്രമം നടത്തി. മുസ്‌ലിം സമുദായത്തിൽ നിന്നും എതിർപ്പ് വന്നപ്പോൾ അതിൽനിന്നും പിന്മാറി.
കേരളീയ സമൂഹത്തിന്റെ മുൻപിൽ വ്യാജമായ രീതിയിൽ ഒരു ഭീതി കൊണ്ടുവരാനുള്ള ശ്രമങ്ങളല്ലേ ഇവയെല്ലാം? മുസ്‌ലിം പണ്ഡിതരായിട്ടുള്ളവർ പ്രക്ഷോഭം നടത്തുക. വാർത്തകളിൽ അവരുടെ പ്രതിഷേധം ഹൈലൈറ്റ് ചെയ്യപ്പെടുക. നിയമം പിൻവലിക്കുമ്പോൾ, അതാ, സർക്കാർ ഞങ്ങളുടെ മുന്നിൽ മുട്ടുമടക്കി' എന്ന് പ്രചരിപ്പിക്കാൻ അവസരമൊരുക്കുക. ഇതൊക്കെക്കൊണ്ട് ഒരേ സമയം ഒരു വെടിക്ക് മൂന്ന് പക്ഷികളെ പിടിക്കുക. ഒന്ന്: പൊതുസമൂഹത്തിന് മുൻപിൽ മുസ്‌ലിംകൾ അപരിഷ്‌കൃതരാണ് എന്ന് ബോധിപ്പിക്കുക. (ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ഇടത് ബുദ്ധിജീവികൾ നിരന്തരം പറയുന്നത് ഇസ് ലാം അപരിഷ്‌കൃതമാണ് എന്ന് തന്നെയാണ്. അതിനവർ കൂട്ടുപിടിക്കുന്നത് ആറാം നൂറ്റാണ്ടിനെയാണ്. അന്നാണല്ലോ പ്രവാചകൻ ജനിച്ചത്). രണ്ട്: മുസ്‌ലിം സഭകളെ സമർത്ഥമായി ഭിന്നിപ്പിച്ചുകൊണ്ട് അത്യാവശ്യം ചിലരെ കൂടെ നിർത്തിക്കൊണ്ട് മുസ്‌ലിം രാഷ്ട്രീയത്തെ അപ്രസക്തമാക്കുക. നിങ്ങൾ പറഞ്ഞിട്ടാണ് ഞങ്ങൾ ഇവ പിൻവലിച്ചതെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് ഇരകളോട് തന്നെ നന്ദി പറയിപ്പിക്കുക. 

Latest News