ഗുവാഹത്തി- ക്ഷേത്രത്തില്‍ പീഡനത്തിന് ഇരയായ ആനയെ തിരികെ നല്‍കാത്ത തമിഴ്നാട് സര്‍ക്കാരിനെതിരെ അസം സര്‍ക്കാര്‍ കോടതിയെ സമീപിക്കും.
തമിഴ്നാട് സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം ജോയ്മാല എന്ന പ്രായപൂര്‍ത്തിയായ പെണ്‍ ആനയെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അസം സര്‍ക്കാര്‍ ഇങ്ങനെ തീരുമാനിച്ചതെന്ന് അസമിലെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ എംകെ യാദവ പറഞ്ഞു.
ഒരു വര്‍ഷത്തിലേറെ നീണ്ട ആശയവിനിമയത്തിനൊടുവില്‍ ജോയ്മാലയെ കൊണ്ടുപോകാന്‍ തമിഴ്നാട്ടിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഈ വര്‍ഷം ഏപ്രിലിലോ മെയ് മാസത്തിലോ അനുമതി നല്‍കി ഉത്തരവിറക്കിയതായി അദ്ദേഹം പറഞ്ഞു. തമിഴ്നാട് വനംവകുപ്പ് മൃഗത്തെ വിട്ടുതരേണ്ടതുണ്ട് എന്നതാണ് സാങ്കേതിക പ്രശ്നം. എങ്കില്‍ മാത്രമേ നമുക്ക് കൊണ്ടുവരാന്‍ കഴിയൂ. അല്ലാത്തപക്ഷം ഇത് കവര്‍ച്ച കേസായി മാറും- യാദവ പറഞ്ഞു.
എല്ലാ ചെലവുകളും വഹിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പങ്കിടാന്‍ ഞങ്ങള്‍ പറഞ്ഞു, 5 ലക്ഷം രൂപ കൈമാറും. ആനയെ സുരക്ഷിതമാക്കാന്‍ ആവശ്യമായ എല്ലാ ചെലവുകളും ഞങ്ങള്‍ പിന്നീട് നല്‍കും- യാദവ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട് സര്‍ക്കാരാണ് ക്ഷേത്ര ട്രസ്റ്റ് കൈകാര്യം ചെയ്യുന്നതെങ്കിലും ഉത്തരവുണ്ടായിട്ടും ജോയ്മാലയെ മോചിപ്പിച്ചിട്ടില്ല. ആനയെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ തയാറാണ്,'' യാദവ പറഞ്ഞു.
ആറ് ആനകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അസം സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിന് കത്തയച്ചിരുന്നു. അതുപോലെ, മറ്റ് നാലോ അഞ്ചോ ആനകളെ തിരികെ കൊണ്ടുവരാന്‍ ഒഡീഷ സര്‍ക്കാരിന് കത്തെഴുതുകയാണെന്ന് യാദവ പറഞ്ഞു.