ഓപറേഷന്‍ താമരക്ക് പണമുണ്ടാക്കുന്നത് ഇന്ധന വില കൂട്ടി- ആം ആദ്മി പാര്‍ട്ടി

ന്യൂദല്‍ഹി- പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എം.എല്‍.എമാരെ വലവീശിപ്പിടിക്കുന്ന 'ഓപ്പറേഷന്‍ താമര'യെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ സി.ബി.ഐ ഡയറക്ടറെ കാണുമെന്ന് പാര്‍ട്ടി നേതാവ് അതിഷി മര്‍ലേന. ഇന്ധന വില വര്‍ധനവിലൂടെ ലഭിക്കുന്ന പണം ബി.ജെ.പി 'ഓപ്പറേഷന്‍ താമര'യ്ക്കാണ് ഉപയോഗിക്കുന്നതെന്നും ഇത് അവസാനിപ്പിച്ചാല്‍ ഇന്ധന വില കുറയുമെന്നും അവര്‍ പറഞ്ഞു.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധനവിലൂടെ ലഭിക്കുന്ന പണം 'ഓപ്പറേഷന്‍ താമര'യ്ക്കാണ് ഉപയോഗിക്കുന്നത്. 'ഓപ്പറേഷന്‍ താമര'ക്ക് വേണ്ടി ബി.ജെ.പി. 6300 കോടി രൂപയാണ് വിനിയോഗിച്ചത്. എവിടെനിന്നാണ് ബി.ജെ.പിക്ക് ഇത്രയധികം പണം ലഭിക്കുന്നതെന്നും അവര്‍ ചോദിച്ചു.

ഏതെങ്കിലും സംസ്ഥാനത്ത് ബി.ജെ.പിക്ക് ഭരണം നഷ്ടമായാല്‍ 'ഓപ്പറേഷന്‍ താമര' ആരംഭിക്കുമെന്നും സി.ബി.ഐയേയും ഇഡിയേയും ഉപയോഗിച്ച് എം.എല്‍.എമാരെ ബുദ്ധിമുട്ടിലാക്കുമെന്നും അവര്‍ ആരോപിച്ചു. സ്വന്തം പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേരാന്‍ എം.എല്‍.എമാര്‍ക്ക് പണവും കേസ് പിന്‍വലിക്കാമെന്ന വാഗ്ദാനവും നല്‍കുമെന്നും അതിഷി ആരോപിച്ചു.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിക്കുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഗോവ, അസം, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, മേഘാലയ സര്‍ക്കാരുകളെ മറിച്ചിട്ട ശേഷം ദല്‍ഹിയില്‍ എത്തിയിരിക്കുകയാണെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബി.ജെ.പി 277 എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

 

Latest News