കര്‍ണാടകയില്‍ ഈദ്ഗാഹ് മൈതാനത്ത് ഗണേശ വിഗ്രഹം സ്ഥാപിച്ചു; ആഘോഷം മൂന്നു ദിവസം

ഹബ്ബള്ളി- കര്‍ണാടകയിലെ ഹുബ്ബള്ളി- ധാര്‍വാഡിലെ ഈദ്ഗാഹ് ഗ്രൗണ്ടില്‍ ഗണപതി വിഗ്രഹം സ്ഥാപിച്ചു. ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാന്‍ അനുമതി നല്‍കിയ അധികൃതരുടെ തീരുമാനം കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ച രാത്രി വൈകി ശരിവെച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് ഗണേശ വിഗ്രഹങ്ങള്‍ എത്തിച്ചത്.
അഞ്ജുമാനെ ഇസ്‌ലാം സമര്‍പ്പിച്ച ഹരജി കോടതി തള്ളിയാണ് ഈദ്ഗാഹ് ഗ്രൗണ്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാന്‍ അനുമതി നല്‍കിയ അധികൃതരുടെ തീരുമാനത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചത്.  ചൊവ്വ രാത്രി വൈകി ഹെക്കോടതി ഉത്തരവ് വന്നതിനു പിന്നാലെ പുലര്‍ച്ചെ തന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചു.
അടുത്ത മൂന്ന് ദിവസങ്ങളില്‍ പരമ്പരാഗത രീതിയില്‍ പ്രാര്‍ത്ഥനകള്‍ നടക്കുമൈന്ന് റാണി ചെന്നമ്മ മൈതാനം ഗജാനന്‍ ഉത്സവ് മഹാമണ്ഡലം കണ്‍വീനര്‍ കെ. ഗോവര്‍ദ്ധന്‍ റാവു പറഞ്ഞു. പരമ്പരാഗത രീതിയില്‍ പൂജ നടത്തുമെന്നും  ഉത്സവം വിപുലമായി തന്നെ ആഘോഷിക്കുമെന്നും  അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മൂന്ന് ദിവസത്തേക്കാണ്  മൈതാനത്ത് ആഘോഷം അനുവദിച്ചിരിക്കുന്നത്.  നല്‍കിയിരിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News