റിയാദ് - നിരോധിത വസ്തുക്കൾ കടത്തുന്നവർക്കുള്ള പിഴകൾ സൗദി കസ്റ്റംസ് കുത്തനെ ഉയർത്തി. ഏപ്രിൽ 18 മുതൽ ഇത് ബന്ധപ്പെട്ട വകുപ്പുകൾ നടപ്പാക്കിത്തുടങ്ങി. മദ്യം കടത്തുന്നവർക്കുള്ള പിഴ ഒരു ലിറ്ററിന് 1500 റിയാലായി ഉയർത്തി. ഇതുവരെ ഒരു ലിറ്റർ മദ്യം കടത്തുന്നവർക്ക് 83.33 റിയാലാണ് പഴ ചുമത്തിയിരുന്നത്. മൂന്നു ഡസനിൽ കൂടുതൽ മദ്യക്കുപ്പികൾ കടത്തുന്നവർക്ക് ലിറ്ററിന് 50 റിയാൽ തോതിലാണ് പിഴ ചുമത്തിയിരുന്നത്.
ഹെറോയിനും കൊക്കെയ്‌നും കടത്തുന്നവർക്കുള്ള പിഴ ഒരു കിലോക്ക് 20,000 റിയാലായി ഉയർത്തി. ഇതുവരെ ഒരു കിലോ ഹെറോയിന് 4500 റിയാലായിരുന്നു പിഴ. മൂന്നു കിലോയിൽ കൂടുതൽ ഹെറോയിൻ കടത്തുന്നവരിൽനിന്ന് കിലോക്ക് 2700 റിയാൽ തോതിലാണ് പിഴ ഈടാക്കിയിരുന്നത്. കൊക്കെയ്ൻ കടത്തുകാർക്ക് കിലോക്ക് 1250 റിയാൽ തോതിലാണ് നേരത്തെ പിഴ ചുമത്തിയിരുന്നത്. മൂന്നു കിലോയിൽ കൂടുതലാണെങ്കിൽ കിലോക്ക് 750 റിയാലായിരുന്നു പിഴ. ലഹരി ഗുളിക കടത്തുന്നവർക്ക് ഒരു ഗുളികക്ക് 32 ഹലല തോതിൽ ചുമത്തിയിരുന്ന പിഴ നാലു റിയാലാക്കി ഉയർത്തി.
ഒരു കിലോ ഹഷീഷിന് അയ്യായിരം റിയാലും ആൽക്കഹോൾ അടങ്ങിയ ബിയറിന് 150 മില്ലിലിറ്ററിന് 50 റിയാലും ഉത്തേജന ഇനത്തിൽപെട്ട ഒരു കിലോ ഖാത്തിന് 100 റിയാലും ഇലക്‌ട്രോണിക് ഹുക്കക്ക് 500 റിയാലും ഇലക്ട്രിക് ഡിറ്റനേറ്ററിന് ആയിരം റിയാലും നിരോധിത ലേസർ ഉപകരണത്തിന് ആയിരം റിയാലുമാണ് പിഴ. വാഹന വേഗത നിരീക്ഷിക്കുന്ന റഡാർ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഉപകരണത്തിന് ആയിരം റിയാലും ഫോൺ ചോർത്തൽ ഉപകരണത്തിന് ആയിരം റിയാലും രഹസ്യ ക്യാമറകൾ അടങ്ങിയ വാച്ചിനും പേനക്കും കണ്ണടക്കും ആയിരം റിയാലും ഈടാക്കും. ഒരു കിലോ പടക്കത്തിന് 500 റിയാലും കണ്ണീർ വാതകത്തിന് ഒരു യൂനിറ്റിന് ആയിരം റിയാലും ലൈംഗിക ഉപകരണത്തിന് ആയിരം റിയാലും അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ സിനിമക്ക് 500 റിയാലും യന്ത്രത്തോക്കുകൾക്ക് ഇനത്തിന് അനുസരിച്ച് 26,720 റിയാൽ മുതൽ 54,722 റിയാൽ വരെയുമാണ് പിഴയായി നിശ്ചയിച്ചിട്ടുള്ളത്. കള്ളനോട്ട് കടത്തുന്നവർക്ക് വ്യാജ കറൻസിക്ക് തുല്യമായ തുക പിഴയായി ചുമത്തും.






